ശ്രീജിത് കുനിയില്
സിഎ, ബിസിനസ് കോച്ച്
കേരളത്തിന്റെ സുസ്ഥിര വികസനത്തെ കുറിച്ച് ചര്ച്ച ചെയ്യുന്ന ‘ബ്രാന്ഡ് കേരളം കോണ്ക്ലേവി’ന് 2026 ഒക്ടോബര് 15 ന് തിരുവനന്തപുരം ഒ ബൈ താമര വേദിയാകും. ‘ഒന്നാമതാകണം കേരളം’ എന്ന ലക്ഷ്യം മുന്നോട്ടുവെക്കുന്ന സമ്മിറ്റിനോടനുബന്ധിച്ച് വിവിധ മേഖലകളില് നിന്നുള്ള പ്രമുഖ സംരംഭകരും വ്യക്തികളും സംസ്ഥാനത്തിന്റെ വികസനം സംബന്ധിച്ച തങ്ങളുടെ ആശയങ്ങള് പ്രോഫിറ്റ് ന്യൂസിലൂടെ സര്ക്കാരുമായി പങ്കുവെക്കുന്നു…
കേരളത്തിന്റെ മൂല്യം പലയിടത്തായി സ്തംഭിച്ചു നില്ക്കുകയാണ്. അതിലൊന്ന് ഭൂമിയിലാണ്. ഏറ്റവുമധികം ഭൂമി വില കേരളത്തിലാണ്. എന്നാല് കേരളത്തില് റിയല് എസ്റ്റേറ്റ് മേഖലയില് ട്രാന്സാക്ഷനുകള് നടക്കുന്നില്ലെന്നത് ആശങ്കാജനകമായ ഒരു യാഥാര്ത്ഥ്യമാണ്. ഇതിന്റെ പ്രധാന കാരണം, കേന്ദ്ര സര്ക്കാരിന്റെ ആദായ നികുതി ഭേദഗതി വന്ന ശേഷം ഇന്ഫ്ളേഷന്റെ ആുകൂല്യം ഇല്ലാതായി. നാട്ടുകാര് ഭൂമി വില്ക്കുമ്പോള് ഇന്ഫ്ളേഷന്റെ നേട്ടം ലഭിക്കുന്നുണ്ട്; എന്ആര്ഐകള്ക്ക് അതില്ല. ഇതില് ഒരു മാറ്റം വരികയാണെങ്കില് കേരളത്തില് കുറെയധികം റിയല് എസ്റ്റേറ്റ് ട്രാന്സാക്ഷനുകള് നടക്കും. ഇന്ഫ്ളേഷന്റെ ബെനിഫിറ്റ് ഇന്കം ടാക്സില് നിന്ന് എന്ആര്ഐകള്ക്ക് ലഭിച്ചാല് അവര് ഭൂമി വില്ക്കാന് തയാറാണ്. കേരളത്തില് സംരംഭകത്വം നേരിടുന്ന ഒരു പ്രശ്നം ഭൂപരിധി നിയമമാണ്. ഭൂമിയുടെ പരിമിതി മൂലമാണ് സംരംഭകര് മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകാന് നിര്ബന്ധിതരാവുന്നത്.

മറ്റൊരു ആശങ്ക ഉയര്ന്ന സ്റ്റാമ്പ് ഡ്യൂട്ടിയാണ്. സംസ്ഥാന സര്ക്കാര് അത് കുറച്ചാല് വരുമാനവും കൂടും. ഇപ്പോള് സ്റ്റാമ്പ് ഡ്യൂട്ടി ഭയന്ന് ബ്ലാക്കില് നടക്കുന്ന ഇടപാടുകളെല്ലാം വൈറ്റിലേക്ക് വരും. ജിഎസ്ടി വരുമാനവും ഉയരും. ഈ പണമെല്ലാം കേരളത്തില് റീഇന്വെസ്റ്റ്മെന്റ് ചെയ്യപ്പെടുകയും ജിഡിപി വളര്ച്ചക്ക് ഉതകുകയും ചെയ്യും.
നമ്മുടെ പണം സ്റ്റക്കായിരിക്കുന്ന മറ്റൊരു മേഖല ബാങ്കിംഗാണ്. 84,000 കോടി രൂപ അവകാശികളില്ലാതെ ബാങ്കുകളിലുണ്ടെന്നാണ് കേന്ദ്ര സര്ക്കാര് പറയുന്നത്. ഇതില് ഗണ്യമായ തുക കേരളത്തിലുണ്ട്. എന്ആര്ഐ ഡെപ്പോസിറ്റുകളില് വലിയ തുക അവകാശികളറിയാതെ കിടപ്പുണ്ട്. സംസ്ഥാന തലത്തില് ഇത് സംബന്ധിച്ച് അവബോധം സൃഷ്ടിക്കാന് ഒരു കാംപെയ്ന് സര്ക്കാര് ചെയ്യണം. ഈ തുക ജനങ്ങളിലേക്കെത്തുന്നത് ബിസിനസിനെ സഹായിക്കും.
സംരംഭകരില് മിക്കവര്ക്കും ശരിക്കുള്ള സ്കില് ഇല്ലെന്നതും ഒരു പ്രശ്നമാണ്. ബിസിനസിന്റെ സ്കില് സംരംഭകരെ പഠിപ്പിക്കാനുള്ള നടപടികള് സര്ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാവണം. അതേപോലെ തന്നെ സാമ്പത്തികം, നികുതി, സക്സഷന് ഇതിനെകുറിച്ചുള്ള അവബോധവും കുറവാണ്. എട്ടാം ക്ലാസ് മുതല് പത്താം ക്ലാസ് വരെയുള്ള സ്കൂള് തലത്തില് തന്നെ ഇന്കം ടാക്സ്, ജിഎസ്ടി, ബിസിനസ് എങ്ങനെ സ്റ്റാര്ട്ട് ചെയ്യണം, ഇന്വെസ്റ്റ്മെന്റ് എങ്ങനെ ചെയ്യണം തുടങ്ങി ഫിനാന്ഷ്യല് ലിറ്ററസി കുട്ടികളെ പഠിപ്പിക്കണം. നമ്മള് പഠിക്കുന്ന 80% കാര്യങ്ങളും ജീവിതത്തില് ആവശ്യമുള്ളതായിരിക്കില്ല. ആവശ്യമുള്ള 20% മാത്രം കുട്ടികളെ പഠിപ്പിച്ചാല് മതി.



