കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ഔദ്യോഗിക ആവശ്യങ്ങൾക്കായി നൽകുന്ന ലാപ്ടോപ്പുകൾ, ടാബ്ലെറ്റുകൾ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങൾ നാല് വർഷത്തെ ഉപയോഗത്തിന് ശേഷം സ്വന്തമായി സൂക്ഷിക്കാൻ അനുവാദം നൽകിക്കൊണ്ട് കേന്ദ്ര ധനമന്ത്രാലയം പുതിയ ഉത്തരവ് പുറത്തിറക്കി. സെക്ഷൻ ഓഫീസർ പദവിയിലും അതിനു മുകളിലുമുള്ള അർഹരായ ഉദ്യോഗസ്ഥർക്കാണ് ഈ ആനുകൂല്യം ലഭിക്കുന്നത്. ഉപകരണങ്ങൾ കൈമാറുന്നതിന് മുൻപ് സുരക്ഷ മുൻനിർത്തി ഔദ്യോഗിക വിവരങ്ങളെല്ലാം പൂർണ്ണമായി ഡിലീറ്റ് ചെയ്യണമെന്ന് വകുപ്പുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
വില പരിധി
ഈ പുതിയ പദ്ധതി പ്രകാരം ലാപ്ടോപ്പുകൾ വാങ്ങുന്നതിനുള്ള വില പരിധിയും സർക്കാർ ഉയർത്തിയിട്ടുണ്ട്. സാധാരണ ഡിവൈസുകൾക്ക് 1.5 ലക്ഷം രൂപയും, 40 ശതമാനത്തിലധികം മേക്ക് ഇൻ ഇന്ത്യ ഘടകങ്ങളുള്ള ഉൽപ്പന്നങ്ങൾക്ക് 1.8 ലക്ഷം രൂപ വരെയും നികുതികൾ പുറമെ നൽകി വാങ്ങാൻ അനുവാദമുണ്ട്. ഓപ്പറേറ്റിങ് സിസ്റ്റം, ആന്റിവൈറസ് പോലുള്ള സ്റ്റാൻഡേർഡ് സോഫ്റ്റ്വെയറുകളുടെ വിലയും ഈ തുകയിൽ ഉൾപ്പെടുന്നു. നാല് വർഷം പൂർത്തിയാകുന്നതിന് മുൻപ് ഉദ്യോഗസ്ഥർ വിരമിക്കുകയോ ജോലിയിൽ നിന്ന് പിരിയുകയോ ചെയ്യുകയാണെങ്കിൽ, വർഷം തോറും 25 ശതമാനം തേയ്മാനം കണക്കാക്കി നിശ്ചിത തുക അടച്ചുകൊണ്ട് അവർക്ക് ഈ ഉപകരണങ്ങൾ കൈവശം വെയ്ക്കാവുന്നതാണ്.
ഡിജിറ്റൽ ജോലികൾ എളുപ്പമാകും
ഉദ്യോഗസ്ഥർക്ക് മികച്ച സാങ്കേതിക ഉപകരണങ്ങൾ ലഭ്യമാക്കാനും ഡിജിറ്റൽ ജോലികൾ കൂടുതൽ വേഗത്തിലാക്കാനും ലക്ഷ്യമിട്ടാണ് ഈ പരിഷ്കരണം നടപ്പിലാക്കിയിരിക്കുന്നത്. നാല് വർഷം കഴിയുമ്പോൾ ഉപകരണം തിരികെ വാങ്ങുന്നതിന് പകരം അത് ഉദ്യോഗസ്ഥർക്ക് തന്നെ കൈമാറുന്നത് വഴി ഭരണപരമായ നടപടിക്രമങ്ങൾ ലളിതമാക്കാനും ഇതിലൂടെ സാധിക്കുന്നു. കേന്ദ്രസർക്കാർ മന്ത്രാലയങ്ങളിലെയും അതിന്റെ കീഴിലുള്ള ഓഫീസുകളിലെയും അർഹരായ ജീവനക്കാർക്കാണ് നിലവിൽ ഈ ആനുകൂല്യം ബാധകമാക്കിയിരിക്കുന്നത്.
English Summary
Follow TheProfit.news on Google
Choose TheProfit.news as a preferred source to help find our business and finance news on Google.
Open Google Preferred Sources



