പി ജി സുജ
നവംബർ 11-ന് ഗ്രീസിൽ അനിരുദ്ധ് രവിചന്ദറും കാവ്യ മാരനും വിവാഹിതരായ വാർത്ത കോർപ്പറേറ്റ് ഇന്ത്യ വളരെ താൽപ്പര്യത്തോടെയാണ് കാണുന്നത്
സംഗീതവും മാധ്യമവും ക്രിക്കറ്റും വിനോദവ്യവസായവും ഒരുമിക്കുന്ന അപൂർവ കൂട്ടുകെട്ട്. അനിരുദ്ധ് രവിചന്ദറും കാവ്യ മാരനും തമ്മിലുള്ള വിവാഹം രണ്ട് വ്യക്തികളുടെ ജീവിതത്തിലെ ചുവട് വെപ്പ് മാത്രമല്ല, മാറിവരുന്ന ഇന്ത്യൻ വിനോദമേഖലയുടെ കൂടിച്ചേരൽ കൂടിയാണ്. അതുകൊണ്ട് തന്നെ ഈ വിവാഹം ഇന്ത്യൻ സിനിമാ ലോകത്തും ബിസിനസ് രംഗത്തും ഒരുപോലെ ചർച്ചയാകുകയാണ്.
ഗ്രീസിൽ നടന്ന സ്വകാര്യ ചടങ്ങിൽ നവംബർ 11-നാണ് ഇരുവരും വിവാഹിതരായത്. ദക്ഷിണേന്ത്യയിലെ രണ്ട് പ്രമുഖ കുടുംബങ്ങളുടെ പുതിയ ബന്ധം കൂടിയാണ് യാഥാർഥ്യമായത്. സിനിമ, സംഗീതം, മാധ്യമം, ക്രിക്കറ്റ്, ഡിജിറ്റൽ വിനോദം തുടങ്ങിയ വ്യത്യസ്ത മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച രണ്ട് യുവപ്രതിഭകളുടെ ഈ കൂടിച്ചേരലിന് അതുകൊണ്ടുതന്നെ താരവിവാഹം എന്നതിനപ്പുറം ചില മാനങ്ങളുണ്ട്.
ചെന്നൈയിലെ സിനിമാ-വിനോദലോകത്തുനിന്ന് ഗ്രീസിലെ വിവാഹവേദിയിലേക്ക് എത്തിയ ഈ ആഘോഷത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. സൂപ്പർസ്റ്റാർ രജനീകാന്ത്, രാഷ്ട്രീയ പ്രമുഖർ, സിനിമാ രംഗത്തെ പ്രമുഖർ തുടങ്ങിയവരുടെ സാന്നിധ്യവും വിവാഹത്തെ വലിയ വാർത്തയാക്കി. നവംബർ 21-ന് ചെന്നൈയിൽ വിവാഹസൽക്കാരവും നടക്കുമെന്നാണ് റിപ്പോർട്ടുകൾ.
രണ്ട് വ്യത്യസ്ത ബിസിനസ് ഗ്രൂപ്പുകൾ ഒന്നാകുന്നു
തമിഴ്നാട്ടിലെ സൺ ഗ്രൂപ്പ് എന്ന മാധ്യമ സാമ്രാജ്യത്തിന്റെ അടുത്ത തലമുറയിലെ കാവ്യ മാരൻ സൺ ഗ്രൂപ്പിന്റെ ചെയർമാൻ കലാനിധി മാരന്റെ മകളാണ്. എന്നാൽ കുടുംബത്തിന്റെ പേരിൽ മാത്രം അറിയപ്പെടുന്ന വ്യക്തിയല്ല കാവ്യ. സൺ ടിവി നെറ്റ്വർക്കിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ എന്ന നിലയിൽ കോർപ്പറേറ്റ് മാനേജ്മെന്റ് രംഗത്തും ഇന്ത്യൻ പ്രീമിയർ ലീഗിൽ സൺറൈസേഴ്സ് ഹൈദരാബാദിന്റെ ഉടമ എന്ന നിലയിൽ സ്പോർട്സ് ബിസിനസ് രംഗത്തും അവർ സജീവമാണ്.
സൺ ഗ്രൂപ്പിന്റെ ബിസിനസ് വ്യാപ്തി പരിശോധിച്ചാൽ അതിന്റെ വലുപ്പം വ്യക്തമാകും. ടെലിവിഷൻ, റേഡിയോ, പത്രം, മാഗസിൻ, സിനിമാ നിർമാണം, ഡിടിഎച്ച്, ഒടിടി, സ്പോർട്സ് ഫ്രാഞ്ചൈസി തുടങ്ങിയ മേഖലകളിലായി ഗ്രൂപ്പിന് സാന്നിധ്യമുണ്ട്.
സൺ ടിവി നെറ്റ്വർക്കിന്റെ ഔദ്യോഗിക വിവരങ്ങൾ പ്രകാരം ഏഴ് ഭാഷകളിലായി 37 ടെലിവിഷൻ ചാനലുകൾ, 69 എഫ്എം റേഡിയോ സ്റ്റേഷനുകൾ, മൂന്ന് ദിനപത്രങ്ങൾ, ആറ് മാഗസിനുകൾ എന്നിവയാണ് ഗ്രൂപ്പിന്റെ മാധ്യമ സാന്നിധ്യത്തിന്റെ ഭാഗങ്ങൾ. സൺ ഡയറക്ട്, സൺ പിക്ചേഴ്സ്, സൺ നെക്സ്റ്റ് തുടങ്ങിയ സംരംഭങ്ങളും ബിസിനസ് ശൃംഖലയുടെ ഭാഗമാണ്. കണ്ടന്റിന്റെ നിർമാണം മുതൽ വിതരണം, പരസ്യം, ഡിജിറ്റൽ സബ്സ്ക്രിപ്ഷൻ, കായിക വിനോദം, സിനിമാ അവകാശങ്ങൾ എന്നിവ വരെയുള്ള കാര്യങ്ങളിൽ ഇത് വിപുലീകരിച്ചു കിടക്കുന്നുണ്ട്.
ക്രിക്കറ്റിൽ കാവ്യ ഒരു സ്പോർട്സ് ബ്രാൻഡ്
ക്രിക്കറ്റ് രംഗത്ത് ഐപിഎല്ലിലെ സൺറൈസേഴ്സ് ഹൈദരാബാദിനൊപ്പം ദക്ഷിണാഫ്രിക്കയിലെ സൺറൈസേഴ്സ് ഈസ്റ്റേൺ കേപ്പും ബ്രിട്ടനിലെ സൺറൈസേഴ്സ് ലീഡ്സും ഗ്രൂപ്പിന്റെ സ്പോർട്സ് ബിസിനസ് സാന്നിധ്യത്തെ വിപുലപ്പെടുത്തുന്നു. ഐപിഎൽ മത്സരങ്ങൾക്കിടെ സൺറൈസേഴ്സ് ഹൈദരാബാദിന്റെ മത്സരങ്ങൾ കാണുന്നവർക്കിടയിൽ സുപരിചിതമായ മുഖമാണ് കാവ്യ മാരന്റേത്.
എന്നാൽ ക്രിക്കറ്റിലെ അവരുടെ സാന്നിധ്യം ഒരു ആരാധികയുടെ ആവേശത്തിൽ ഒതുങ്ങുന്നില്ല. ഐപിഎൽ ഇന്ന് ലോകത്തിലെ ഏറ്റവും വലിയ കായിക വിനോദ ബിസിനസുകളിലൊന്നാണ്. ഫ്രാഞ്ചൈസി മൂല്യം, മീഡിയ റൈറ്റ്സ്, സ്പോൺസർഷിപ്പ്, പരസ്യം, ലൈസൻസിങ്, ഡിജിറ്റൽ പ്രേക്ഷകർ, ബ്രാൻഡ് പങ്കാളിത്തം എന്നിവയെല്ലാം ചേർന്ന വലിയൊരു സാമ്പത്തിക മേഖലയാണിത്.
ഒരു ഐപിഎൽ ടീമിന്റെ ബ്രാൻഡ് മൂല്യം കളിക്കളത്തിലെ പ്രകടനം മാത്രമല്ല നിർണയിക്കുന്നത്. ആരാധക അടിത്തറ, ഡിജിറ്റൽ ഇടപെടൽ, സോഷ്യൽ മീഡിയ സാന്നിധ്യം, പരസ്യദാതാക്കളുമായുള്ള ബന്ധം, പ്രേക്ഷകരുടെ വിശ്വാസം എന്നിവയ്ക്കും വലിയ പങ്കുണ്ട്.
ഈ പശ്ചാത്തലത്തിലാണ് കാവ്യയുടെ സ്പോർട്സ് ബിസിനസ് സാന്നിധ്യം പ്രസക്തമാകുന്നത്. ഒരു യുവ വനിതാ എക്സിക്യൂട്ടീവ് എന്ന നിലയിൽ ഇന്ത്യൻ സ്പോർട്സ് മാനേജ്മെന്റ് രംഗത്ത് അവർ ശ്രദ്ധ നേടുകയും ചെയ്തിട്ടുണ്ട്.
സംഗീതത്തിൽനിന്ന് സംഗീത ബിസിനസിലേക്ക് അനിരുദ്ധ്
അനിരുദ്ധ് രവിചന്ദറിന്റെ വളർച്ച ഇന്ത്യൻ സംഗീത വ്യവസായത്തിലെ പുതിയ തലമുറയുടെ മുന്നേറ്റമാണ് കാണിക്കുന്നത്. 2011-ൽ പുറത്തിറങ്ങിയ ‘Why This Kolaveri Di’ എന്ന ഗാനത്തിലൂടെയാണ് അനിരുദ്ധ് രാജ്യാന്തര ശ്രദ്ധ നേടിയത്. സോഷ്യൽ മീഡിയയും യൂട്യൂബും ഒരു പ്രാദേശിക ഭാഷയിലെ ഗാനത്തെ ആഗോളതലത്തിൽ എത്തിക്കാൻ കഴിയുമെന്ന് തെളിയിച്ച ആദ്യകാല വൈറൽ സംഗീത വിജയങ്ങളിലൊന്നായിരുന്നു അത്.
പിന്നീട് തമിഴ് സിനിമയിൽനിന്ന് തെലുങ്ക്, ഹിന്ദി സിനിമകളിലേക്കും അനിരുദ്ധിന്റെ സംഗീതലോകം വ്യാപിച്ചു. ‘3’, ‘വേലൈ ഇല്ല പട്ടധാരി’, ‘കത്തി’, ‘പേട്ട’, ‘മാസ്റ്റർ’, ‘വിക്രം’, ‘ജയിലർ’, ‘ലിയോ’, ‘ജവാൻ’, ‘കൂലി’ തുടങ്ങിയ ചിത്രങ്ങളിലെ സംഗീതവും പശ്ചാത്തലസംഗീതവും അദ്ദേഹത്തെ ഇന്ത്യൻ സിനിമയിലെ ഏറ്റവും ശ്രദ്ധേയമായ സംഗീതസംവിധായകരിലൊരാളാക്കി.
‘Why This Kolaveri Di’, ‘വാത്തി കമിങ്’, ‘അറബിക് കുത്ത്’, ‘ഹുക്കും’, ‘മോണിക്ക’ തുടങ്ങിയ ഗാനങ്ങൾ അദ്ദേഹത്തെ പോപ്പുലറാക്കി. എന്നാൽ സംഗീതസംവിധായകൻ എന്ന നിലയിൽ ലഭിക്കുന്ന പ്രതിഫലത്തിലും സിനിമകളുടെ വിജയത്തിലും മാത്രം തന്റെ വളർച്ച ഒതുക്കാൻ അനിരുദ്ധ് ആഗ്രഹിക്കുന്നില്ലെന്നതിന്റെ സൂചനയാണ് പുതിയ ബിസിനസ് നീക്കങ്ങൾ.
2026 ഫെബ്രുവരിയിൽ അദ്ദേഹം സ്വന്തം മ്യൂസിക് ലേബലായ Albuquerque Records ആരംഭിച്ചു. സിനിമാ സംഗീതത്തിനൊപ്പം സ്വതന്ത്ര പോപ്പ് സംഗീതവും പുതിയ കലാകാരന്മാരുടെ സൃഷ്ടികളും പ്രോത്സാഹിപ്പിക്കുകയാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം.
മാർച്ചിൽ യൂണിവേഴ്സൽ മ്യൂസിക് ഇന്ത്യയുമായി Albuquerque Records പങ്കാളിത്തവും പ്രഖ്യാപിച്ചു. അനിരുദ്ധിന്റെയും ലേബലിന്റെ ഭാവി കലാകാരന്മാരുടെയും പോപ്പ്, ഹിപ്-ഹോപ്പ് സംഗീതം വിപണിയിലെത്തിക്കാൻ ഈ സഹകരണം ലക്ഷ്യമിടുന്നു. ഇത് സംഗീതസംവിധായകനിൽനിന്ന് സംഗീത സംരംഭകനിലേക്കുള്ള അനിരുദ്ധിന്റെ മാറ്റമാണ് വ്യക്തമാക്കുന്നത്.
സംഗീതത്തിന്റെ സൃഷ്ടിപരമായ അവകാശം, മ്യൂസിക് കാറ്റലോഗ്, ഡിജിറ്റൽ വിതരണാവകാശം, പുതിയ കലാകാരന്മാരെ വളർത്തിയെടുക്കൽ തുടങ്ങിയ മേഖലകളിലേക്ക് അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. ഒരു കലാകാരൻ സ്വന്തം സൃഷ്ടികളുടെ ബിസിനസ് മൂല്യത്തിലും നിയന്ത്രണം നേടാൻ ശ്രമിക്കുന്ന പുതിയ സംഗീത സമ്പദ്വ്യവസ്ഥയുടെ ഭാഗമാണിത്.
രണ്ട് വ്യത്യസ്ത ബിസിനസ് ലോകങ്ങൾ ഒന്നിക്കുമ്പോൾ
കാവ്യ മാരനും അനിരുദ്ധും പ്രതിനിധീകരിക്കുന്നത് രണ്ട് വ്യത്യസ്ത ബിസിനസുകളെയാണ്. ഒന്ന്, പതിറ്റാണ്ടുകളായി വളർന്നുവന്ന ഒരു മാധ്യമ-വിനോദ ഗ്രൂപ്പിന്റെ ബിസിനസ് പാരമ്പര്യം. മറ്റൊന്ന്, സ്വന്തം പ്രതിഭയും ജനപ്രീതിയും ഡിജിറ്റൽ കാലഘട്ടത്തിലെ വിപണിസാധ്യതകളും ഉപയോഗിച്ച് വളരുന്ന ഒരു പുതിയ തലമുറ സംഗീത സംരംഭകന്റെ യാത്ര.
സൺ ഗ്രൂപ്പിന് കണ്ടന്റ് നിർമാണത്തിലും വിതരണത്തിലും വലിയ അടിസ്ഥാനസൗകര്യമുണ്ട്. അനിരുദ്ധിന് സംഗീതത്തിലും സിനിമയിലും വലിയ ആരാധക അടിത്തറയും സൃഷ്ടിപരമായ സ്വാധീനവുമുണ്ട്.
ഈ രണ്ട് ലോകങ്ങൾ തമ്മിലുള്ള കൂടിച്ചേരൽ ഭാവിയിൽ പല മാറ്റങ്ങൾക്കും വഴിതുറക്കാം.
അതേസമയം, വിവാഹം നടന്നതുകൊണ്ടുമാത്രം സൺ ഗ്രൂപ്പും അനിരുദ്ധിന്റെ സംഗീത സംരംഭങ്ങളും തമ്മിൽ ബിസിനസ് ലയനമോ ഔദ്യോഗിക പങ്കാളിത്തമോ ഉണ്ടാകുമെന്ന് കരുതാനാവില്ല. അത്തരം നീക്കങ്ങൾക്ക് വ്യക്തമായ കോർപ്പറേറ്റ് തീരുമാനങ്ങളും കരാറുകളും ആവശ്യമാണ്. അതിന് ഇനിയും ചുവട് വെപ്പുകൾ വേണം
ഇന്ത്യൻ എന്റർടെയ്ൻമെന്റ് ഇക്കോണമിയുടെ വളർച്ച
ഇന്ത്യൻ വിനോദവ്യവസായം ഇന്ന് വലിയൊരു സാമ്പത്തിക മേഖലയായി വളരുകയാണ്. സിനിമ, ടെലിവിഷൻ, ഒടിടി, ഡിജിറ്റൽ മ്യൂസിക്, ലൈവ് ഇവന്റുകൾ, സ്പോർട്സ്, സോഷ്യൽ മീഡിയ തുടങ്ങിയവ തമ്മിലുള്ള അതിരുകൾ മാഞ്ഞുകൊണ്ടിരിക്കുന്നു.
സംഗീതത്തിന്റെ സ്ട്രീമിങ്, ഡിജിറ്റൽ റൈറ്റ്സ്, സോഷ്യൽ മീഡിയ റീച്ച്, ബ്രാൻഡ് എൻഡോഴ്സ്മെന്റ്, ലൈവ് പരിപാടികൾ എന്നിവയും വരുമാനത്തിന്റെ പ്രധാന ഉറവിടങ്ങളാണ്.
അതുപോലെ ഒരു കായിക ഫ്രാഞ്ചൈസിയുടെ മൂല്യവും കളിക്കളത്തിലെ വിജയത്തിൽ മാത്രം ഒതുങ്ങുന്നില്ല. മീഡിയ അവകാശങ്ങളും സ്പോൺസർഷിപ്പുകളും ഡിജിറ്റൽ പ്രേക്ഷകരും ബ്രാൻഡ് പങ്കാളിത്തവുമെല്ലാം അതിന്റെ സാമ്പത്തിക വളർച്ച നിർണയിക്കുന്നു. ചുരുക്കിപ്പറഞ്ഞാൽ ഈ കൂട്ടുകെട്ടിൽനിന്ന് ഭാവിയിൽ എന്തെല്ലാം ബിസിനസ് സാധ്യതകൾ ഉയർന്നുവരുമെന്ന് കാത്തിരുന്ന് കാണാം.
English Summary
Follow TheProfit.news on Google
Choose TheProfit.news as a preferred source to help find our business and finance news on Google.
Open Google Preferred Sources



