വരുമാനം 10,323 കോടി രൂപ; ഇന്ത്യയിലെ ഒരേ സ്റ്റോറുകളിലെ വില്‍പ്പനയില്‍ 20% വളര്‍ച്ച; ഉത്സവ-വിവാഹ സീസണില്‍ കൂടുതല്‍ പ്രതീക്ഷ. എന്നാല്‍ ലാഭത്തിലെ കുതിപ്പില്‍ ഒറ്റത്തവണ വരുമാനത്തിനും പങ്കുണ്ട്.
തൃശൂര്‍ ആസ്ഥാനമായ പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ കല്യാണ്‍ ജ്വല്ലേഴ്സിന് മികച്ച രണ്ടാം പാദഫലങ്ങളുടെ പിന്‍ബലത്തോടെ ഓഹരി വിപണിയില്‍ വന്‍ മുന്നേറ്റം. 10 ശതമാനത്തിന്റെ വന്‍ കുതിപ്പാണ് 2026 സെപ്റ്റംബര്‍ പാദത്തില്‍ കമ്പനിയുടെ ഏകീകൃത അറ്റാദായം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 63.6 ശതമാനം ഉയര്‍ന്ന് 427 കോടി രൂപയിലെത്തി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ ലാഭം 260.5 കോടി രൂപയായിരുന്നു. വരുമാനത്തിലും ശക്തമായ വളര്‍ച്ച രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷത്തെ 7,856 കോടി രൂപയില്‍നിന്ന് 31.4 ശതമാനം വര്‍ധിച്ച് 10,323 കോടി രൂപയായി വരുമാനം. നവംബര്‍ 10നാണ് കമ്പനി ഫലങ്ങള്‍ പ്രഖ്യാപിച്ചത്.
ഫലങ്ങള്‍ പുറത്തുവന്നതിനു പിന്നാലെ നവംബര്‍ 11ന് വ്യാപാരത്തിന്റെ തുടക്കത്തില്‍ കല്യാണ്‍ ജ്വല്ലേഴ്സ് ഓഹരി 10 ശതമാനത്തോളം ഉയര്‍ന്ന് 672.10 രൂപയിലെത്തി. 52 ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന നിലവാരമാണിത്. ഓഹരിയിലെ വ്യാപാരത്തിന്റെ അളവിലും വലിയ വര്‍ധനയുണ്ടായി. ആഗോള ബ്രോക്കറേജ് സ്ഥാപനമായ യുബിഎസ് ഓഹരിയില്‍ ബൈ റേറ്റിങ് നിലനിര്‍ത്തുകയും 900 രൂപ ലക്ഷ്യവില നിശ്ചയിക്കുകയും ചെയ്തിട്ടുണ്ട്. നവംബര്‍ 9ലെ 611 രൂപയുടെ ക്ലോസിങ് വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ ഏകദേശം 47 ശതമാനം ഉയര്‍ച്ചയ്ക്കുള്ള സാധ്യതയാണ് ഈ ലക്ഷ്യവില സൂചിപ്പിക്കുന്നത്.
അടിസ്ഥാന ബിസിനസിലെ വളര്‍ച്ച
കല്യാണ്‍ ജ്വല്ലേഴ്സിന്റെ രണ്ടാം പാദഫലങ്ങള്‍ വിലയിരുത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം ലാഭത്തിലെ വര്‍ധനയുടെ ഗുണനിലവാരമാണ്. റിപ്പോര്‍ട്ട് ചെയ്ത 427 കോടി രൂപയുടെ അറ്റാദായത്തില്‍ 73.5 കോടി രൂപ ഒറ്റത്തവണ ലഭിച്ച വരുമാനമാണ്. കോയമ്പത്തൂരിലെ നിക്ഷേപ സ്വത്തായ ഭൂമിയുടെ ഒരു ഭാഗം വിറ്റതിലൂടെ ലഭിച്ച അസാധാരണ നേട്ടമാണിത്.
ഈ തുക ഒഴിവാക്കിയാല്‍ രണ്ടാം പാദത്തിലെ അറ്റാദായം ഏകദേശം 354 കോടി രൂപയാകും. അപ്പോഴും മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഏകദേശം 36 ശതമാനം വളര്‍ച്ചയുണ്ട്. അതായത് ലാഭത്തിലെ കുതിപ്പ് ഭൂമി വില്‍പ്പനയില്‍നിന്നുള്ള വരുമാനം മാത്രമല്ല, കമ്പനിയുടെ അടിസ്ഥാന ബിസിനസിലെ വളര്‍ച്ചയും പ്രതിഫലിപ്പിക്കുന്നതാണ്.
അതേസമയം പ്രവര്‍ത്തന ലാഭത്തിന്റെ കാര്യത്തില്‍ വളര്‍ച്ച വരുമാനത്തിന്റെ വേഗത്തിനൊപ്പമെത്തിയിട്ടില്ല. പലിശ, നികുതി, തേയ്മാനം, അമോര്‍ട്ടൈസേഷന്‍ എന്നിവയ്ക്കു മുമ്പുള്ള ലാഭമായ EBITDA 29.7 ശതമാനം ഉയര്‍ന്ന് 644.7 കോടി രൂപയായി. എന്നാല്‍ EBITDA മാര്‍ജിന്‍ കഴിഞ്ഞ വര്‍ഷത്തെ 6.33 ശതമാനത്തില്‍നിന്ന് 6.25 ശതമാനമായി കുറഞ്ഞു.
പഴയ ഷോറൂമുകളിലും മികച്ച വില്‍പ്പന
കമ്പനിയുടെ വളര്‍ച്ചയില്‍ പുതിയ ഷോറൂമുകള്‍ തുറക്കുന്നതിനു പുറമേ നിലവിലുള്ള സ്റ്റോറുകളിലെ വില്‍പ്പന വര്‍ധനയും നിര്‍ണായകമാണ്. രണ്ടാം പാദത്തില്‍ ഇന്ത്യയിലെ സെയിം സ്റ്റോര്‍ വില്‍പ്പന വളര്‍ച്ച ഏകദേശം 20 ശതമാനമായിരുന്നു. പുതിയ ഷോറൂമുകള്‍ തുറക്കുന്നതിന്റെ നേട്ടം മാറ്റിനിര്‍ത്തി നിലവിലുള്ള സ്റ്റോറുകളില്നിന്നുതന്നെ മികച്ച വളര്‍ച്ച നേടാന്‍ കഴിയുന്നുവെന്നതിന്റെ സൂചനയാണിത്.
ഇന്ത്യയിലെ ബിസിനസില്‍ രണ്ടാം പാദത്തില്‍ 9,007 കോടി രൂപയുടെ വരുമാനമാണ് നേടിയത്. മുന്‍വര്‍ഷത്തേക്കാള്‍ 32 ശതമാനം കൂടുതല്‍. ഇന്ത്യയിലെ പ്രവര്‍ത്തനങ്ങളില്‍നിന്നുള്ള അറ്റാദായം 62 ശതമാനം ഉയര്‍ന്ന് 424 കോടി രൂപയായി.
വിദേശ വിപണികളിലും വളര്‍ച്ച തുടരുകയാണ്. കമ്പനിയുടെ അന്താരാഷ്ട്ര ബിസിനസില്‍ ഏകദേശം 18 ശതമാനം വരുമാന വളര്‍ച്ചയുണ്ടായി. ആകെ വരുമാനത്തിന്റെ ഏകദേശം 11 ശതമാനം വിദേശ വിപണികളില്‍നിന്നാണ്. ഡിജിറ്റല്‍ ജ്വല്ലറി ബ്രാന്‍ഡായ കാന്‍ഡെറെയുടെ വരുമാനത്തില്‍ 64 ശതമാനം വര്‍ധനയും രേഖപ്പെടുത്തി.
വിപുലീകരണ തന്ത്രത്തില്‍ മാറ്റം
പുതിയ ഷോറൂമുകള്‍ തുറക്കുന്നതിലൂടെ വിപണി സാന്നിധ്യം വര്‍ധിപ്പിക്കുന്നതിനൊപ്പം ഫ്രാഞ്ചൈസി മാതൃകയിലുള്ള വിപുലീകരണത്തിനും കമ്പനി പ്രാധാന്യം നല്‍കുന്നുണ്ട്. രണ്ടാം പാദത്തില്‍ ഇന്ത്യയില്‍ 12 കല്യണ്‍ ഷോറൂമുകള്‍ തുറന്നു. ഒമ്പത് കാന്‍ഡെറെ ഷോറൂമുകളും ആരംഭിച്ചു. വിദേശത്തും ഒരു പുതിയ കല്യാണ്‍ ഷോറൂം തുറന്നു. സെപ്റ്റംബര്‍ 30ലെ കണക്കനുസരിച്ച് ഇന്ത്യയിലും വിദേശത്തുമായി ആകെ 546 ഷോറൂമുകളാണ് കമ്പനിക്കുള്ളത്.
എന്നാല്‍ ഇനി ഉടന്‍ വലിയ തോതില്‍ പുതിയ ഷോറൂമുകള്‍ തുറക്കുന്നതിനേക്കാള്‍ നിലവിലുള്ള സ്റ്റോറുകളുടെ നവീകരണത്തിനും കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനുമാണ് മുന്‍ഗണനയെന്ന് മാനേജ്മെന്റ് വ്യക്തമാക്കിയിട്ടുണ്ട്. ഫ്രാഞ്ചൈസി മാതൃകയിലുള്ള വിപുലീകരണം മൂലധനച്ചെലവ് നിയന്ത്രിച്ചുകൊണ്ട് വളര്‍ച്ച നേടാന്‍ കമ്പനിയെ സഹായിച്ചേക്കും.
മൂന്നാം പാദത്തില്‍ പ്രതീക്ഷ; വിവാഹ വിപണിയില്‍ കണ്ണ്
ഉത്സവകാലവും വിവാഹ സീസണും കമ്പനിയുടെ അടുത്ത പാദഫലങ്ങളില്‍ നിര്‍ണായകമാകും. നവരാത്രി, ധന്തേരസ് ദിവസങ്ങളില്‍ മികച്ച വില്‍പ്പന വളര്‍ച്ച രേഖപ്പെടുത്തിയതായും നിലവിലെ ഉത്സവ പാദം വളരെ മികച്ച രീതിയിലാണ് തുടങ്ങിയിരിക്കുന്നതെന്നും എക്സിക്യൂട്ടീവ് ഡയറക്ടര്‍ രമേഷ് കല്യാണരാമന് വ്യക്തമാക്കിയിട്ടുണ്ട്.
നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് മികച്ച വളര്‍ച്ച നേടാനാകുമെന്നാണ് മാനേജ്മെന്റിന്റെ പ്രതീക്ഷ. വാര്‍ഷിക വരുമാന വളര്‍ച്ച 25 ശതമാനമെന്ന ലക്ഷ്യത്തേക്കാള്‍ മികച്ച പ്രകടനം നടത്താനാകുമെന്ന സൂചനയും കമ്പനി നല്‍കിയിട്ടുണ്ട്. വിവാഹ ആഭരണങ്ങളുടെ വില്‍പ്പന വര്‍ധിപ്പിക്കാനും പദ്ധതിയുണ്ട്. 2028ഓടെ കമ്പനിയുടെ വില്‍പ്പനയില്‍ 40-45 ശതമാനം സംഭാവന വിവാഹ ആഭരണങ്ങളില്‍നിന്ന് നേടുകയാണ് ലക്ഷ്യം.
ബിസിനസ് വളര്‍ച്ചയ്ക്കൊപ്പം കടബാധ്യത നിയന്ത്രിക്കുന്നതിലും കമ്പനി ശ്രദ്ധിക്കുന്നുണ്ട്. രണ്ടാം പാദത്തില്‍ ഗോള്‍ഡ് മെറ്റല്‍ ലോണ്‍ ഒഴികെയുള്ള കടം പൂജ്യത്തിലെത്തിയതായി കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം മൊത്തം വായ്പകള്‍ 177 കോടി രൂപയായി കുറഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 524 കോടി രൂപയായിരുന്നു.
എച്ച്എസ്ബിസിയും ബുള്ളിഷ്
കല്യാണ്‍ ജ്വല്ലേഴ്സിന്റെ വളര്‍ച്ചാ സാധ്യതകളില്‍ ബ്രോക്കറേജ് സ്ഥാപനങ്ങള്‍ക്കുള്ള ആത്മവിശ്വാസമാണ് ഓഹരിക്ക് കൂടുതല്‍ പിന്തുണ നല്‍കുന്നത്. യുബിഎസ് 900 രൂപ ലക്ഷ്യവിലയോടെ ബൈ റേറ്റിങ് നിലനിര്‍ത്തിയപ്പോള്‍ എച്ച്എസ്ബിസി 770 രൂപ ലക്ഷ്യവിലയോടെ ബൈ റേറ്റിങ് തുടരുകയാണ്.
വിവാഹ-ഉത്സവ സീസണിലെ ഡിമാന്‍ഡ്, സെയിം സ്റ്റോറുകളിലെ വില്‍പ്പന വളര്‍ച്ച, ഫ്രാഞ്ചൈസി മാതൃകയിലുള്ള വിപുലീകരണം എന്നിവയാണ് യുബിഎസ് പ്രധാനമായും അനുകൂല ഘടകങ്ങളായി കാണുന്നത്. 2026-29 കാലയളവില്‍ കമ്പനിയുടെ പ്രതി ഓഹരി നേട്ടം (ഇപിഎസ്) പ്രതിവര്‍ഷം ശരാശരി 35 ശതമാനം വളരാനാകുമെന്നാണ് യുബിഎസിന്റെ വിലയിരുത്തല്‍. അതേസമയം സ്വര്‍ണവിലയിലെ ചാഞ്ചാട്ടവും ഫ്രാഞ്ചൈസി വിപുലീകരണം ഫലപ്രദമായി നടപ്പാക്കാനുള്ള വെല്ലുവിളികളും ശ്രദ്ധിക്കേണ്ട റിസ്കുകളാണ്.
എച്ച്എസ്ബിസിയും ഉത്സവകാലത്തെ ശക്തമായ ഡിമാന്‍ഡ് അനുകൂലമായി കാണുന്നുണ്ടെങ്കിലും ഇന്‍വെന്ററി നേട്ടങ്ങളും കസ്റ്റംസ് തീരുവയിലെ ആനുകൂല്യങ്ങളും കമ്പനിയുടെ യഥാര്‍ഥ ലാഭക്ഷമതയില്‍ എത്രത്തോളം സ്വാധീനം ചെലുത്തുന്നുവെന്ന കാര്യത്തില്‍ കൂടുതല്‍ വ്യക്തത ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടുന്നു.
നിക്ഷേപകര്‍ ഇനി ശ്രദ്ധിക്കേണ്ടത്
കല്യാണ്‍ ജ്വല്ലേഴ്സിന്റെ രണ്ടാം പാദഫലങ്ങള്‍ കമ്പനിയുടെ ബിസിനസില്‍ ശക്തമായ വളര്ച്ചയുണ്ടെന്നതിന്റെ സൂചനയാണ്. വരുമാനത്തിലെ 31 ശതമാനം വളര്‍ച്ച, നിലവിലുള്ള സ്റ്റോറുകളിലെ 20 ശതമാനം വില്‍പ്പന വര്‍ധന, കാന്‍ഡെറെയുടെ മികച്ച പ്രകടനം, കടബാധ്യതയിലെ കുറവ് എന്നിവ ദീര്‍ഘകാല വളര്‍ച്ചയ്ക്ക് അനുകൂലമാണ്.
എന്നാല്‍ റിപ്പോര്‍ട്ട് ചെയ്ത 64 ശതമാനം ലാഭവളര്‍ച്ച മുഴുവനായും ആവര്‍ത്തിക്കാവുന്ന പ്രവര്‍ത്തന നേട്ടമായി കാണാനാവില്ല. ഒറ്റത്തവണ ഭൂമി വില്‍പ്പന വരുമാനവും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. EBITDA മാര്‍ജിനിലെ നേരിയ ഇടിവും നിരീക്ഷിക്കേണ്ടതാണ്.
അതുകൊണ്ടുതന്നെ അടുത്ത പാദങ്ങളില്‍ വില്‍പ്പന വളര്‍ച്ച തുടരുന്നുണ്ടോ, പ്രവര്‍ത്തന മാര്‍ജിന്‍ മെച്ചപ്പെടുന്നുണ്ടോ, പുതിയതും നിലവിലുള്ളതുമായ ഷോറൂമുകള്‍ കൂടുതല്‍ ലാഭം സൃഷ്ടിക്കുന്നുണ്ടോ എന്നതായിരിക്കും കമ്പനിയുടെ വളര്‍ച്ചയുടെ ഗുണനിലവാരം നിര്‍ണയിക്കുക. ബ്രോക്കറേജുകളുടെ ഉയര്‍ന്ന ലക്ഷ്യവിലകള്‍ ഓഹരിയില്‍ കൂടുതല്‍ മുന്നേറ്റത്തിനുള്ള പ്രതീക്ഷ നല്‍കുന്നുണ്ടെങ്കിലും ഇതിനകം ഉണ്ടായ വിലക്കയറ്റവും മൂല്യനിര്‍ണയവും കൂടി പരിഗണിച്ചുവേണം നിക്ഷേപകര്‍ തീരുമാനമെടുക്കാന്‍.
(Disclaimer: This does not constitute investment advice. Investors are advised to evaluate independently and consult with professional advisors before making any investments in the stock market, mutual funds, gold, or cryptocurrencies.)
English Summary
Follow TheProfit.news on Google
Choose TheProfit.news as a preferred source to help find our business and finance news on Google.
Open Google Preferred Sources



