മിഡിൽ ഈസ്റ്റിൽ തുടരുന്ന സംഘർഷം ആഗോള ഊർജസുരക്ഷയ്ക്ക് ചരിത്രത്തിലെ ഏറ്റവും വലിയ ഭീഷണിയായി മാറിയെന്ന് അന്താരാഷ്ട്ര ഊർജ ഏജൻസി (IEA). 1970കളിലെ എണ്ണപ്രതിസന്ധികളേക്കാൾ ഗുരുതരമായ പ്രത്യാഘാതങ്ങളാണ് നിലവിലെ പ്രതിസന്ധി സൃഷ്ടിക്കുന്നതെന്ന് ഏജൻസി മുന്നറിയിപ്പ് നൽകി. വ്യാഴാഴ്ച പുറത്തുവിട്ട വാർഷിക വേൾഡ് എനർജി ഔട്ട്ലുക്കിലാണ് (World Energy Outlook) ഈ വിലയിരുത്തൽ.
ഫെബ്രുവരിയിൽ ഇറാനെതിരെ അമേരിക്കയും ഇസ്രായേലും നടത്തിയ ആക്രമണങ്ങളെത്തുടർന്നാണ് മിഡിൽ ഈസ്റ്റിൽ പ്രതിസന്ധി രൂക്ഷമായത്. ഇതിന് പിന്നാലെ ഇറാൻ ഹോർമുസ് കടലിടുക്ക് ഉപരോധിക്കുകയും മേഖലയിലൂടെ കടന്നുപോകുന്ന എണ്ണക്കപ്പലുകൾക്ക് നേരെ ആക്രമണം നടത്തുകയും ചെയ്തു. ഇതോടെ ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള എണ്ണ കയറ്റുമതി വലിയ തോതിൽ തടസപ്പെട്ടു.
യുദ്ധത്തിന് മുമ്പ് ലോകത്തെ മൊത്തം എണ്ണനീക്കത്തിന്റെ അഞ്ചിലൊന്നോളം കടന്നുപോയിരുന്നത് ഹോർമുസ് കടലിടുക്കിലൂടെയായിരുന്നു. അമേരിക്കയുടെ നേതൃത്വത്തിൽ കപ്പലുകൾക്ക് സുരക്ഷയൊരുക്കാനും ബദൽ മാർഗങ്ങളിലൂടെ ചരക്കുനീക്കം സാധ്യമാക്കാനും ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും വിതരണ ശൃംഖലകൾ ഇപ്പോഴും ഗുരുതരമായി തടസപ്പെട്ടിരിക്കുകയാണ്.
പ്രതിസന്ധിയുടെ ആഘാതം ഉപഭോക്താക്കളിലേക്കാണ് കൂടുതലായി എത്തുന്നതെന്ന് IEA എക്സിക്യൂട്ടീവ് ഡയറക്ടർ ഫാത്തിഹ് ബിറോൾ റിപ്പോർട്ടിന്റെ ആമുഖത്തിൽ വ്യക്തമാക്കി. ഉൽപ്പാദക രാജ്യങ്ങൾ വിപണിയിൽ കൂടുതൽ എണ്ണയെത്തിക്കുകയും ബദൽ വിതരണ മാർഗങ്ങൾ ഉപയോഗിക്കുകയും ചെയ്തിട്ടും ഉപഭോക്താക്കൾക്ക് ഉയർന്ന വിലയും ചിലയിടങ്ങളിൽ വിതരണക്കുറവും നേരിടേണ്ടിവരുന്നുണ്ട്.
സർക്കാരുകൾ ഉപഭോക്താക്കളെ സംരക്ഷിക്കാൻ വിവിധ ഇടപെടലുകൾ നടത്തുന്നുണ്ടെങ്കിലും പ്രതിസന്ധിയുടെ ആഘാതം പൂർണമായി തടയാനാകുന്നില്ല. പ്രതിസന്ധി നീണ്ടുപോകുന്തോറും ആഗോള സമ്പദ്വ്യവസ്ഥയിലും ഊർജ മേഖലയിലും പ്രത്യാഘാതങ്ങൾ കൂടുതൽ രൂക്ഷമാകുമെന്നും ബിറോൾ മുന്നറിയിപ്പ് നൽകി.
നിലവിലെ സാഹചര്യത്തിൽ പ്രതിസന്ധിക്ക് മുമ്പുണ്ടായിരുന്ന ആഗോള ഊർജവിപണി സംവിധാനത്തിലേക്ക് തിരിച്ചെത്താൻ വിശ്വസനീയമായ മാർഗമൊന്നും കാണുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, 2030ഓടെ ആഗോള എണ്ണ ഉപഭോഗം പരമാവധിയിലെത്തിയശേഷം ക്രമേണ കുറയുമെന്നാണ് IEAയുടെ മധ്യകാല പ്രവചനം. പ്രകൃതിവാതകത്തിന്റെ ആവശ്യം 2035 വരെ വർധിക്കുമെന്നും റിപ്പോർട്ട് വിലയിരുത്തുന്നു. മിഡിൽ ഈസ്റ്റ് പ്രതിസന്ധി തുടർന്നാൽ ആഗോള ഊർജവിപണിയിൽ എന്തെല്ലാം മാറ്റങ്ങളുണ്ടാകാമെന്നതിനെക്കുറിച്ചുള്ള രണ്ട് അധിക സാഹചര്യങ്ങളും റിപ്പോർട്ടിൽ പറയുന്നു.
English Summary
The ongoing conflict in the Middle East has emerged as the biggest-ever threat to global energy security, according to the International Energy Agency (IEA). The agency has warned that the current crisis could have more severe consequences than the oil crises of the 1970s. The assessment was made in its annual World Energy Outlook, released on Thursday.
Follow TheProfit.news on Google
Choose TheProfit.news as a preferred source to help find our business and finance news on Google.
Open Google Preferred Sources



