കൊച്ചി: കേരളത്തിന്റെ മെഡിക്കല്‍ ടൂറിസം മേഖലയ്ക്കും ആയുര്‍വേദ വ്യവസായത്തിനും ആഗോളതലത്തില്‍ കൂടുതല്‍ അവസരങ്ങള്‍ തുറന്നുകൊടുക്കുകയെന്ന ലക്ഷ്യത്തോടെ കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയുടെ (സി.ഐ.ഐ.) ആഭിമുഖ്യത്തില്‍ സംയുക്ത ഉച്ചകോടിയും പ്രദര്‍ശനവും സംഘടിപ്പിക്കുന്നു. പതിമൂന്നാമത് സി.ഐ.ഐ. കേരള ഹെല്‍ത്ത് ടൂറിസം ഉച്ചകോടിയും എട്ടാമത് സി.ഐ.ഐ. ഗ്ലോബല്‍ ആയുര്‍വേദ സമ്മിറ്റും എക്സ്പോയുമാണ് നവംബര്‍ 20, 21 തീയതികളില്‍ കൊച്ചിയിലെ ലെ മെറിഡിയന് ഹോട്ടലില്‍ നടക്കുന്നത്.
ആരോഗ്യരംഗത്തെ ആധുനിക ചികിത്സാ സൗകര്യങ്ങളും കേരളത്തിന്റെ പരമ്പരാഗത ആയുര്‍വേദ ചികിത്സാ പാരമ്പര്യവും ഒരുമിച്ച് ആഗോള വിപണിയില്‍ അവതരിപ്പിക്കുകയാണ് സംയുക്ത ഉച്ചകോടിയുടെ പ്രധാന ലക്ഷ്യം. പത്ത് രാജ്യങ്ങളില്‍ നിന്നുള്ള അന്താരാഷ്ട്ര പ്രതിനിധികളടക്കം 800 പ്രതിനിധികള്‍, 70 പ്രഭാഷകര്‍, 50 പ്രദര്‍ശകര്‍, 2,000 സന്ദര്‍ശകര്‍ എന്നിവരുടെ പങ്കാളിത്തമാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്.

കേന്ദ്ര ആയുഷ്, ആരോഗ്യ കുടുംബക്ഷേമ സഹമന്ത്രി പ്രതാപ്റാവു ജാദവ് ഉച്ചകോടി ഉദ്ഘാടനം ചെയ്യും. കേരള ആരോഗ്യ കുടുംബക്ഷേമ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് ഐ.എ.എസ്. ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും. സംസ്ഥാന ടൂറിസം, ആരോഗ്യ വകുപ്പുകള്‍, നാഷണല്‍ ആയുഷ് മിഷന്, കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് കോര്പ്പറേഷന് (കെ.എസ്.ഐ.ഡി.സി.) എന്നിവയുടെ പിന്തുണയോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ആയുര്‍വേദ ചികിത്സയ്ക്ക് വിദേശ വിപണിയില്‍ കൂടുതല്‍ സാധ്യത
കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ ആയുര്‍വേദത്തിനും ആരോഗ്യ ടൂറിസത്തിനും നിര്‍ണായക പങ്കുവഹിക്കാനാകുമെന്ന് സി.ഐ.ഐ. ഗ്ലോബല്‍ ആയുര്‍വേദ ഉച്ചകോടി ചെയര്മാന് ഡോ. എസ്. സജികുമാര്‍ പറഞ്ഞു. 2025-ല്‍ യുകെ, യുഎസ്, ജര്‍മനി, ഒമാന്‍, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നായി എട്ടു ലക്ഷത്തിലധികം വിദേശികള്‍ കേരളത്തിലെത്തിയതായും ഇവരില്‍ 60 മുതല്‍ 70 ശതമാനം വരെ പേര് ആയുര്‍വേദ ചികിത്സയ്ക്കായാണ് എത്തിയതെന്നും അദ്ദേഹം പറഞ്ഞു.
ആയുര്‍വേദത്തെ കേവലം ചികിത്സാ രീതിയായി മാത്രം കാണാതെ ആഗോളതലത്തില്‍ വളരാന്‍ കഴിയുന്ന വ്യവസായ മേഖലയായി വികസിപ്പിക്കേണ്ടതിന്റെ ആവശ്യകതയും ഉച്ചകോടി ചര്‍ച്ച ചെയ്യും. ആയുര്‍വേദ ഉല്‍പ്പന്നങ്ങളുടെ ആധുനിക നിര്‍മാണം, അന്താരാഷ്ട്ര വിപണിയിലെ ബ്രാന്‍ഡിംഗ്, ഇന്‍ഷുറന്‍സ് സേവനങ്ങളുമായുള്ള ബന്ധം, പുതിയ ഉല്‍പ്പന്നങ്ങളുടെയും സേവനങ്ങളുടെയും വികസനം തുടങ്ങിയവയ്ക്കാണ് പ്രത്യേക പരിഗണന.
ഒമാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക, കസാഖ്സ്ഥാന്, ബള്‍ഗേറിയ, കെനിയ, സുഡാന്, സൗദി അറേബ്യ, ബഹ്റൈന്‍, യുഎഇ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളും ഉച്ചകോടിയില്‍ പങ്കെടുക്കും. എ.എം.എ.ഐ., എ.എം.എം.ഒ.ഐ., എ.എച്ച്.എം.എ. എന്നിവയുടെ സഹകരണത്തോടെ വിവിധ സാങ്കേതിക സെഷനുകളും ചര്‍ച്ചകളും സംഘടിപ്പിക്കും.
മെഡിക്കല്‍ ടൂറിസത്തില്‍ കേരളത്തിന്റെ സാധ്യതകള്‍
മെഡിക്കല്‍ ടൂറിസം രംഗത്ത് കേരളത്തിന് രാജ്യത്ത് സവിശേഷമായ സ്ഥാനമുണ്ടെന്ന് സി.ഐ.ഐ. കേരള ഹെല്‍ത്ത് ടൂറിസം ചെയര്‍മാനും മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റല്‍ മാനേജിംഗ് ഡയറക്ടറുമായ ഡോ. പി.വി. ലൂയിസ് പറഞ്ഞു. വന്‍നഗരങ്ങളില്‍ മാത്രമല്ല, സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ആധുനിക ചികിത്സാ സൗകര്യങ്ങളും വിദഗ്ധ ഡോക്ടര്‍മാരുടെ സേവനവും ലഭ്യമാണെന്നത് കേരളത്തിന്റെ പ്രധാന നേട്ടമാണ്.
ഡിജിറ്റല്‍ ആരോഗ്യരംഗത്ത് കൃത്രിമബുദ്ധിയുടെ (എ.ഐ.) സാധ്യതകളും ഉച്ചകോടിയില്‍ ചര്‍ച്ചയാകും. ഇതിന്റെ ഭാഗമായി ആശുപത്രികള്‍, ആരോഗ്യ സേവനദാതാക്കള്‍, അന്താരാഷ്ട്ര പ്രതിനിധികള്‍ എന്നിവരെ പങ്കെടുപ്പിച്ച് പ്രത്യേക ബി2ബി യോഗങ്ങളും സംഘടിപ്പിക്കും.
ആയുര്‍വേദ ഉല്‍പ്പന്നങ്ങള്‍ക്ക് പുതിയ വേദി
ആയുര്‍വേദ ഉല്‍പ്പന്ന വ്യവസായത്തിന്റെ വളര്‍ച്ച ലക്ഷ്യമിട്ട് ആയുഷ് മന്ത്രാലയത്തിന് കീഴിലുള്ള റീജണല്‍ ആയുര്‍വേദ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടുമായി സഹകരിച്ച് ‘സിദ്ധി 3.0’ (SIDDHI 3.0) ഉച്ചകോടിയുടെ ഭാഗമായി സംഘടിപ്പിക്കും. ആയുര്‍വേദ മേഖലയിലെ പുതിയ ഉല്‍പ്പന്നങ്ങളും സേവനങ്ങളും അവതരിപ്പിക്കാനും വ്യവസായ സംരംഭകര്‍ക്ക് വിപണന-വാണിജ്യ സാധ്യതകള്‍ പരിചയപ്പെടുത്താനുമുള്ള വേദിയും ഒരുക്കിയിട്ടുണ്ട്.
ആധുനിക നിര്‍മാണ സാങ്കേതികവിദ്യ, ആഗോള ബ്രാന്‍ഡിംഗ്, ഇന്‍ഷുറന്‍സ് പരിരക്ഷ, അന്താരാഷ്ട്ര വിപണികളിലേക്കുള്ള പ്രവേശനം തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചയാകുന്നതോടെ കേരളത്തിലെ ആയുര്‍വേദ സ്ഥാപനങ്ങള്‍ക്കും ആരോഗ്യ ടൂറിസം മേഖലയിലെ സംരംഭകര്‍ക്കും പുതിയ പങ്കാളിത്തങ്ങള്‍ക്കും ബിസിനസ് അവസരങ്ങള്‍ക്കും വഴിയൊരുങ്ങുമെന്നാണ് പ്രതീക്ഷ.
ആധുനിക വൈദ്യശാസ്ത്രവും പരമ്പരാഗത ചികിത്സാ രീതികളും പരസ്പര പൂരകങ്ങളായി അവതരിപ്പിച്ച് കേരളത്തെ ആഗോള ആരോഗ്യ-ആയുര്‍വേദ ടൂറിസം കേന്ദ്രമായി ഉയര്‍ത്താനുള്ള വ്യവസായ മേഖലയിലെ ശ്രമങ്ങള്‍ക്ക് ഈ സംയുക്ത ഉച്ചകോടി പുതിയ ദിശാബോധം നല്‍കും.
English Summary
Follow TheProfit.news on Google
Choose TheProfit.news as a preferred source to help find our business and finance news on Google.
Open Google Preferred Sources



