രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉടൻ കുറയ്ക്കാൻ കഴിയില്ലെന്ന് കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക സഹമന്ത്രി സുരേഷ് ഗോപി. എണ്ണക്കമ്പനികൾ നേരിടുന്ന വൻ സാമ്പത്തിക നഷ്ടവും പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിതരണത്തിലുണ്ടായ തടസങ്ങളുമാണ് വില കുറയ്ക്കുന്നതിന് തടസമാകുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. എണ്ണക്കമ്പനികൾക്ക് നിലവിൽ 42,000 കോടി രൂപയുടെ നഷ്ടമുണ്ടെന്നും ഈ നഷ്ടം നികത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ചെന്നൈയിലെ മീനമ്പാക്കം വിമാനത്താവളത്തിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പശ്ചിമേഷ്യയിലെ സംഘർഷങ്ങളാണ് എണ്ണക്കമ്പനികളുടെ സാമ്പത്തിക പ്രതിസന്ധിക്കും ഇന്ധന വിതരണത്തിലെ തടസങ്ങൾക്കും കാരണമായതെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി ചൂണ്ടിക്കാട്ടി. വില അടുത്ത ദിവസം തന്നെ കുറയണമെന്നാണ് എല്ലാവരുടെയും ആഗ്രഹമെങ്കിലും സാങ്കേതികമായി അത് ഇപ്പോൾ സാധ്യമല്ലെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ധനവിലയിൽ കുറവ് വരുത്തുന്നതിന് മുമ്പ് എണ്ണക്കമ്പനികളുടെ സാമ്പത്തിക സ്ഥിതി കൂടി പരിഗണിക്കേണ്ടതുണ്ട്. സംസ്ഥാന സർക്കാരുകൾക്ക് പെട്രോളിന് മേലുള്ള നികുതി കുറയ്ക്കാൻ അധികാരമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിലും കർണാടകയിലും പെട്രോൾ വില ഉയർന്നിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. തമിഴ്നാട്ടിൽ വില എത്രത്തോളം വർധിച്ചുവെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിതരണത്തിൽ നിലവിൽ വലിയ പ്രതിസന്ധിയുണ്ടെന്നും ഇത് പരിഹരിക്കാൻ കേന്ദ്രസർക്കാർ ആവശ്യമായ നടപടികൾ സ്വീകരിച്ചുവരികയാണെന്നും മന്ത്രി പറഞ്ഞു. വിതരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിച്ച് ഇന്ധന ലഭ്യത ഉറപ്പാക്കാനാണ് സർക്കാരിന്റെ ശ്രമമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, രാജ്യത്തെ എഥനോൾ മേഖലയിലെ പ്രതിസന്ധിയിൽ കേന്ദ്രസർക്കാരിനെ വിമർശിച്ച് കർണാടക വ്യവസായ മന്ത്രി എം.ബി. പാട്ടീൽ രംഗത്തെത്തി. ആവശ്യമായ സംഭരണ സംവിധാനങ്ങൾ ഉറപ്പാക്കാതെ എഥനോൾ ഉൽപ്പാദനം വർധിപ്പിക്കാൻ കേന്ദ്രം നിർദേശിച്ചതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.
E10, E20, E30 തുടങ്ങിയ എഥനോൾ മിശ്രണ ലക്ഷ്യങ്ങൾ ആവശ്യമായ ആസൂത്രണമില്ലാതെ നടപ്പാക്കിയെന്നും ഉൽപ്പാദിപ്പിക്കുന്ന എഥനോളിന്റെ 20–30 ശതമാനം പോലും സംഭരിക്കാൻ കേന്ദ്രം തയ്യാറാകുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. എഥനോൾ മിശ്രണവുമായി ബന്ധപ്പെട്ട് ഉയർന്ന ക്രമക്കേട് ആരോപണങ്ങളിൽ അന്വേഷണം വേണമെന്നും എം.ബി. പാട്ടീൽ ആവശ്യപ്പെട്ടു.
English Summary
Union Minister of State for Petroleum and Natural Gas Suresh Gopi has said that petrol and diesel prices cannot be reduced immediately in the country. He stated that the massive financial losses faced by oil companies, along with disruptions in the supply of petroleum products, are major obstacles to a price cut. He further noted that oil companies are currently facing losses amounting to Rs 42,000 crore and that these losses need to be recovered.
Follow TheProfit.news on Google
Choose TheProfit.news as a preferred source to help find our business and finance news on Google.
Open Google Preferred Sources



