ഇന്ത്യയിലെ മൊത്തവില സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം 2026 ഒക്ടോബറിൽ നാലുവർഷത്തെ ഏറ്റവും ഉയർന്ന നിരക്കായ 12.29 ശതമാനത്തിലേക്ക് കുതിച്ചുയർന്നതായി സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു. സെപ്റ്റംബറിലെ 11.39 ശതമാനത്തിൽ നിന്നാണ് ഒക്ടോബറിൽ ഈ വർദ്ധനവുണ്ടായത്. പ്രത്യേകിച്ച് ഇന്ധന-ഊർജ്ജ മേഖലയിലെ വിലക്കയറ്റമാണ് മൊത്തവില പണപ്പെരുപ്പത്തെ ഇത്രയധികം ഉയർത്തിയത്. ക്രൂഡ് ഓയിൽ, പെട്രോളിയം ഉൽപ്പന്നങ്ങൾ, വൈദ്യുതി എന്നിവയുടെ വില കൂടിയതും പ്രാഥമിക ഉൽപ്പന്നങ്ങളുടെ പണപ്പെരുപ്പം 9.24 ശതമാനമായി ഉയർന്നതും വിപണിയിൽ വലിയ സമ്മർദ്ദമുണ്ടാക്കിയിട്ടുണ്ട്.
പാലും, പഴങ്ങളും വാങ്ങുന്നത് കുറക്കുന്നു
മൊത്തവിലക്കയറ്റം സാധാരണക്കാരുടെ ദൈനംദിന ബജറ്റിനെയും കുടുംബച്ചെലവുകളെയും നേരിട്ട് ബാധിക്കാൻ തുടങ്ങിയിരിക്കുന്നു. ഒരു സർവേ പ്രകാരം ഏകദേശം 60 ശതമാനം ഇന്ത്യൻ കുടുംബങ്ങളെയും അവശ്യസാധനങ്ങളുടെ വിലക്കയറ്റം ബാധിച്ചിട്ടുണ്ടെന്നും, കഴിഞ്ഞ ഒരു വർഷത്തിനിടെ അവശ്യവസ്തുക്കൾക്കുള്ള കുടുംബച്ചെലവ് അഞ്ചിലൊന്നിലധികം വർദ്ധിച്ചതായും റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നു. നെയ്യ്, വെണ്ണ, പാചക എണ്ണ എന്നിവയുടെ വിലക്കയറ്റം 75 ശതമാനം പേരും, പച്ചക്കറികളുടെ വിലക്കയറ്റം 73 ശതമാനം പേരും, അരിയും ഗോതമ്പും ഉൾപ്പെടെയുള്ള ധാന്യങ്ങളുടെ വിലക്കയറ്റം 71 ശതമാനം പേരും, പാലുൽപ്പന്നങ്ങളുടെയും പഴങ്ങളുടെയും വിലക്കയറ്റം 65 ശതമാനം പേരും, പയർവർഗ്ഗങ്ങളുടെ വിലക്കയറ്റം 62 ശതമാനം പേരും ചൂണ്ടിക്കാണിക്കുന്നു. പല കുടുംബങ്ങൾക്കും പാൽ, പഴങ്ങൾ തുടങ്ങിയവ വാങ്ങുന്നത് കുറയ്ക്കേണ്ടിവരികയോ, വിനോദം, പുറത്തുനിന്നുള്ള ഭക്ഷണം, സമ്പാദ്യം എന്നിവ വെട്ടിക്കുറയ്ക്കേണ്ടിവരികയോ ചെയ്യുന്ന സാഹചര്യമാണുള്ളത്.
ഇനിയും കൂടാൻ സാധ്യത
മൊത്തവിലക്കയറ്റത്തോടൊപ്പം റീട്ടെയിൽ പണപ്പെരുപ്പവും ഒക്ടോബറിൽ 6.09 ശതമാനമായി ഉയർന്ന് റിസർവ് ബാങ്കിന്റെ ആറ് ശതമാനം എന്ന ഉയർന്ന പരിധി മറികടന്നിരിക്കുകയാണ്. നിർമ്മാണ കമ്പനികൾക്കും വ്യാപാരികൾക്കും അസംസ്കൃത വസ്തുക്കളുടെയും ഗതാഗതത്തിന്റെയും ചെലവ് കൂടുന്നത് വരുംമാസങ്ങളിൽ ഉൽപ്പന്നങ്ങളുടെ ചില്ലറ വില ഇനിയും കൂട്ടാൻ കാരണമായേക്കാം. പണപ്പെരുപ്പം റിസർവ് ബാങ്കിന്റെ സുരക്ഷിത പരിധിക്ക് പുറത്തുനിൽക്കുന്ന സാഹചര്യത്തിൽ, ഡിസംബറിൽ ചേരുന്ന മോണിറ്ററി പോളിസി കമ്മിറ്റി യോഗത്തിൽ പലിശ നിരക്കുകൾ വീണ്ടും ഉയർത്തുമോ എന്നാണ് സാമ്പത്തിക വിദഗ്ധരും പൊതുജനങ്ങളും ഉറ്റുനോക്കുന്നത്.
English Summary
Follow TheProfit.news on Google
Choose TheProfit.news as a preferred source to help find our business and finance news on Google.
Open Google Preferred Sources



