ലോകത്തെ പ്രധാന എണ്ണക്കടത്ത് പാതകളിലൊന്നായ ഹോർമുസ് കടലിടുക്കിൽ വീണ്ടും എണ്ണക്കപ്പലിന് തീപിടിച്ചു. നാവിക മൈനിൽ ഇടിച്ചാണ് നാലാമത്തെ എണ്ണ ടാങ്കറിനും തീപിടിച്ചതെന്നാണ് ഇറാൻ നാവികസേനയുടെ അവകാശവാദം. കഴിഞ്ഞ 24 മണിക്കൂറിനിടെ ഹോർമുസ് കടലിടുക്കിലും സമീപ പ്രദേശങ്ങളിലുമായി കുറഞ്ഞത് നാല് എണ്ണ ടാങ്കറുകൾക്ക് കേടുപാടുകൾ സംഭവിച്ചതായാണ് റിപ്പോർട്ടുകൾ.
ഹോർമുസ് കടലിടുക്കിന്റെ കിഴക്കൻ ഭാഗത്തുള്ള നിയന്ത്രിത സമുദ്ര മേഖലയിലൂടെ സഞ്ചരിക്കവെയാണ് ടാങ്കർ നാവിക മൈനിൽ ഇടിച്ചതെന്ന് ഇറാൻ നാവികസേന അറിയിച്ചു. കപ്പലിന്റെ നാവിഗേഷൻ സംവിധാനങ്ങൾ പ്രവർത്തനരഹിതമാക്കിയ നിലയിലായിരുന്നുവെന്നും ഇറാൻ ആരോപിച്ചു. സ്ഫോടനത്തെത്തുടർന്ന് കപ്പലിന് കാര്യമായ കേടുപാടുകൾ സംഭവിച്ചതായും നാവികസേന വ്യക്തമാക്കി.
ഇറാൻ ഔദ്യോഗിക വാർത്താ പ്രക്ഷേപണ സ്ഥാപനമായ ഐആർഐബി (IRIB) വഴിയാണ് നാവികസേനയുടെ പ്രസ്താവന പുറത്തുവിട്ടത്. രാജ്യത്തിന്റെ സായുധസേനയുമായി ഏകോപനം നടത്താതെ നിയന്ത്രിത സമുദ്ര മേഖലകളിലേക്ക് പ്രവേശിക്കരുതെന്ന് കപ്പൽ നടത്തിപ്പുകാർക്ക് ഇറാൻ മുന്നറിയിപ്പും നൽകിയിട്ടുണ്ട്. സമുദ്ര നിയമങ്ങൾ പാലിക്കുകയും ഇറാൻ സായുധസേനയുമായി ഏകോപനം നടത്തുകയും ചെയ്താൽ മാത്രമേ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനാകൂവെന്നും പ്രസ്താവനയിൽ പറയുന്നു.
ഇതിന് മുൻപ് ശനിയാഴ്ച ഹോർമുസ് കടലിടുക്കിലും സമീപ പ്രദേശങ്ങളിലുമായി മൂന്ന് എണ്ണ ടാങ്കറുകൾ നാവിക മൈനുകളിൽ ഇടിച്ച് പൊട്ടിത്തെറിക്കുകയും തീപിടിക്കുകയും ചെയ്തതായി ഇറാൻ നാവികസേന അറിയിച്ചിരുന്നു. ഇതോടെ 24 മണിക്കൂറിനിടെ നാല് ടാങ്കറുകൾക്ക് കേടുപാടുകൾ സംഭവിച്ചതായാണ് ഇറാന്റെ അവകാശവാദം.
അതേസമയം, ഒമാൻ തീരത്തിന് സമീപം മറ്റൊരു എണ്ണക്കപ്പലിന് നേരെ ആക്രമണമുണ്ടായതായി യുകെ മാരിടൈം ട്രേഡ് ഓപ്പറേഷൻസ് (UKMTO) ഏജൻസിയും റിപ്പോർട്ട് ചെയ്തു. ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുകയായിരുന്ന കപ്പലിന് ഒമാനിലെ ഖസബ് തീരത്തുനിന്ന് ഏഴ് നോട്ടിക്കൽ മൈൽ അകലെയാണ് ആക്രമണമുണ്ടായത്. കപ്പലിലെ മുഴുവൻ ജീവനക്കാരും സുരക്ഷിതരാണെന്ന് ഏജൻസി അറിയിച്ചു. എന്നാൽ കപ്പലിനുണ്ടായ നാശനഷ്ടങ്ങളുടെ വ്യാപ്തി വ്യക്തമല്ല.
ആഗോള എണ്ണവ്യാപാരത്തിൽ നിർണായക പങ്കുവഹിക്കുന്ന സമുദ്രപാതയാണ് ഹോർമുസ് കടലിടുക്ക്. പേർഷ്യൻ ഗൾഫിനെ ഒമാൻ ഉൾക്കടലുമായും അറബിക്കടലുമായും ബന്ധിപ്പിക്കുന്ന ഈ പാതയിലൂടെയാണ് ലോകത്തെ വലിയൊരു ഭാഗം ക്രൂഡ് ഓയിൽ കയറ്റുമതി ചെയ്യുന്നത്.
ഹോർമുസ് കടലിടുക്കിലെ സംഘർഷങ്ങളും കപ്പൽ ഗതാഗതത്തിലെ തടസങ്ങളും ആഗോള എണ്ണവിലയെയും ചരക്കുനീക്ക ചെലവുകളെയും ബാധിക്കാൻ സാധ്യതയുണ്ട്. ഇന്ത്യയെപ്പോലുള്ള വലിയ എണ്ണ ഇറക്കുമതി രാജ്യങ്ങൾക്കും ഈ മേഖലയിലെ അനിശ്ചിതത്വം ആശങ്കയുണ്ടാക്കുന്നതാണ്.
English Summary
An oil tanker has caught fire once again in the Strait of Hormuz, one of the world's major oil shipping routes. According to the Iranian Navy, the fourth oil tanker caught fire after striking a naval mine. Reports indicate that at least four oil tankers have been damaged in the Strait of Hormuz and surrounding areas over the past 24 hours.
Follow TheProfit.news on Google
Choose TheProfit.news as a preferred source to help find our business and finance news on Google.
Open Google Preferred Sources



