കൊച്ചി: 21st November മികച്ച ആരോഗ്യ അടിസ്ഥാന സൗകര്യങ്ങളും വിദഗ്ധരായ ഡോക്ടർമാരും പ്രകൃതിഭംഗിയുമുള്ള കേരളത്തിന് അതിവേഗം വളരുന്ന മെഡിക്കൽ ടൂറിസം മേഖലയിൽ വൻ കുതിച്ചുചാട്ടം നടത്താൻ സാധിക്കുമെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു. സി.ഐ.ഐ (CII) സംഘടിപ്പിച്ച ഹെൽത്ത് ടൂറിസം ആൻഡ് ഗ്ലോബൽ ആയുർവേദ സമ്മിറ്റ് ആൻഡ് എക്സ്പോ 2026-ൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ.
ഒമാൻ, ലൈബീരിയ, ഫിലിപ്പീൻസ്, നേപ്പാൾ തുടങ്ങി 11 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളാണ് ഉച്ചകോടിയിൽ പങ്കെടുത്തത്. രോഗചികിത്സയ്ക്ക് പുറമെ വെൽനസ്, പുനരുജ്ജീവന ചികിത്സാ (rejuvenation) മേഖലകളിൽ കൂടി ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലൂടെ കേരളത്തിന് മെഡിക്കൽ ടൂറിസത്തിന്റെ സാധ്യതകൾ കൂടുതൽ വിപുലമാക്കാൻ കഴിയുമെന്ന് ഇവർ ചൂണ്ടിക്കാട്ടി.
2023-നും 2025-നും ഇടയിൽ 18 ലക്ഷത്തിലധികം വിദേശികളാണ് ചികിത്സാർത്ഥം ഇന്ത്യയിലെത്തിയത്. കുറഞ്ഞ ചെലവിൽ മികച്ച ചികിത്സ ലഭിക്കുന്നു എന്നതാണ് കേരളത്തിലേക്കും മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളിലേക്കും വിദേശ രോഗികളെ ആകർഷിക്കുന്ന പ്രധാന ഘടകമെന്ന് മെഡിക്കൽ ട്രാവൽ ഫെസിലിറ്റേറ്റർ ഡോ. സുരേന്ദർ ശർമ്മ പറഞ്ഞു. ദുബായിൽ ഒരു ലക്ഷം ഡോളർ (92 ലക്ഷം ഇന്ത്യൻ രൂപ) ചെലവ് വരുന്ന കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ഇന്ത്യയിൽ 30,000 ഡോളറിന് (27 ലക്ഷം രൂപ) ചെയ്യാൻ സാധിക്കുമെന്നും അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാട്ടി. അതേസമയം തായ്ലൻഡ്, തുർക്കി, ശ്രീലങ്ക എന്നീ രാജ്യങ്ങളിൽ നിന്നുള്ള കടുത്ത മത്സരം ഇന്ത്യ തിരിച്ചറിയേണ്ടതുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ആഗോള നിലവാരത്തിലുള്ള അടിസ്ഥാന സൗകര്യങ്ങളും ഗുണനിലവാരവും രോഗീസുരക്ഷാ സംവിധാനങ്ങളും ഉള്ള ആയുർവേദ ആശുപത്രികളും ക്ലിനിക്കുകളും വികസിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് സമാപന പ്രസംഗത്തിൽ സി.ഐ.ഐ നാഷണൽ ആയുർവേദ കമ്മിറ്റി കോ-ചെയർമാൻ ഡോ. സജി കുമാർ പറഞ്ഞു. അന്താരാഷ്ട്ര മെഡിക്കൽ ടൂറിസം രംഗത്ത് വിശ്വാസ്യത നേടുന്നതിന് ശാസ്ത്രീയ ഗവേഷണങ്ങൾ, ക്ലിനിക്കൽ തെളിവുകൾ, ഏകീകൃത ചികിത്സാ രീതികൾ എന്നിവ ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഡിസംബർ 10 മുതൽ 13 വരെ ഒഡീഷയിലെ ഭുവനേശ്വറിൽ നടക്കുന്ന 11-ാമത് ലോക ആയുർവേദ കോൺഗ്രസിൽ നൂറിലധികം രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കുമെന്ന് വേൾഡ് ആയുർവേദ ഫൗണ്ടേഷൻ ട്രസ്റ്റി ഡോ. എസ്. സുനിൽ കുമാർ അറിയിച്ചു. സി.ഐ.ഐ കേരള ഘടകത്തിൽ നിന്നുള്ള പ്രതിനിധി സംഘവും സമ്മേളനത്തിൽ പങ്കെടുക്കും.
English Summary
Follow TheProfit.news on Google
Choose TheProfit.news as a preferred source to help find our business and finance news on Google.
Open Google Preferred Sources



