യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ രണ്ടാം ഭരണകാലത്ത് അദ്ദേഹത്തിന്റെ നിക്ഷേപ അക്കൗണ്ടുകൾ എൻവിഡിയ ഓഹരികളിൽ കുറഞ്ഞത് 103 തവണ വാങ്ങൽ-വിൽപ്പന ഇടപാടുകൾ നടത്തിയതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. 2025 ജനുവരി മുതൽ ഓഗസ്റ്റ് വരെയുള്ള സാമ്പത്തിക രേഖകളുടെ വിശകലനമനുസരിച്ച്, ഈ ഇടപാടുകളുടെ ആകെ മൂല്യം 27 മില്യൺ ഡോളർ മുതൽ 97.5 മില്യൺ ഡോളർ വരെയാണ്.
എത്ര മടങ്ങ് കൂടി
2024 അവസാനത്തിൽ ട്രംപിന്റെ പക്കലുണ്ടായിരുന്ന എൻവിഡിയ ഓഹരികളുടെ മൂല്യം 6,15,000 ഡോളറിനും 1.3 മില്യൺ ഡോളറിനും ഇടയിലായിരുന്നുവെങ്കിൽ, 2025 അവസാനമായപ്പോഴേക്കും അത് 12.5 മില്യൺ മുതൽ 58 മില്യൺ ഡോളർ വരെയായി ഉയരുകയും അദ്ദേഹത്തിന്റെ ഏറ്റവും വലിയ മൂന്ന് ഓഹരി നിക്ഷേപങ്ങളിൽ ഒന്നായി മാറുകയും ചെയ്തു. 2026 ഓഗസ്റ്റ് അവസാനത്തോടെ അദ്ദേഹത്തിന്റെ ഓഹരി മൂല്യം 13 മില്യൺ മുതൽ 62 മില്യൺ ഡോളർ വരെയായി കണക്കാക്കപ്പെടുന്നുണ്ടെങ്കിലും, രേഖകളിൽ കൃത്യമായ ഓഹരി എണ്ണത്തിന് പകരം തുകയുടെ പരിധി മാത്രമേ നൽകിയിട്ടുള്ളൂ എന്നതിനാൽ നിലവിലെ കൃത്യമായ മൂല്യം വ്യക്തമല്ല.
ഇടപാടുകൾ കൂടികാഴ്ചകൾക്ക് മുൻപ്
ചൈനയുമായുള്ള ചിപ്പ് വ്യാപാര നയങ്ങളിലും എൻവിഡിയ മുൻ സിഇഒ ജെൻസൻ ഹുവാങ്ങുമായുള്ള കൂടിക്കാഴ്ചകൾക്കുമൊപ്പമാണ് പല ഇടപാടുകളും നടന്നതെന്നത് ശ്രദ്ധേയമാണ്. 2025 ജനുവരി 31-ന് ഹുവാങ് ആദ്യമായി വൈറ്റ് ഹൗസ് സന്ദർശിക്കുന്നതിന് രണ്ട് ദിവസം മുമ്പ് 1 മില്യൺ മുതൽ 5 മില്യൺ ഡോളർ വരെയുള്ള ഓഹരികൾ വാങ്ങിയിരുന്നു. തുടർന്ന് 2025 ഓഗസ്റ്റിൽ ചൈനയിലെ ചിപ്പ് വിൽപ്പനയിൽ നിന്ന് യുഎസ് സർക്കാരിന് 15 ശതമാനം വരുമാനവിഹിതം ലഭിക്കുന്ന കരാർ സ്ഥിരീകരിച്ചതിന് ഒരാഴ്ച കഴിഞ്ഞ് 5 മില്യൺ മുതൽ 25 മില്യൺ ഡോളർ വരെയുള്ള ഓഹരികൾ കൂടി വാങ്ങി. 2025 ഡിസംബർ 8-ന് കൂടുതൽ കരുത്തുറ്റ H200 ചിപ്പുകൾ ചൈനയിലേക്ക് വിൽക്കാൻ അനുമതി നൽകുമെന്ന് പ്രഖ്യാപിക്കുന്നതിന് നാല് ദിവസം മുമ്പ് 1 മില്യൺ ഡോളർ വരെയുള്ള ഓഹരികൾ വിൽക്കുകയും തൊട്ടടുത്ത ദിവസം വീണ്ടും വാങ്ങുകയും ചെയ്തു; കൂടാതെ 2026 മെയ് 18-ന്, ഹുവാങ്ങിന് സംശയിക്കപ്പെടുന്ന ചൈനീസ് ചാരനുമായി ബന്ധമുണ്ടെന്ന വിവരം ട്രംപിനെ അറിയിച്ചുവെന്ന് റിപ്പോർട്ടുകൾ വന്നതിന് അഞ്ച് ദിവസത്തിന് ശേഷം 5,00,001 മുതൽ 1 മില്യൺ ഡോളർ വരെയുള്ള ഓഹരികളും വിറ്റഴിച്ചു.
സ്വാർത്ഥ താല്പര്യം ഉണ്ടോ?
ഈ ഇടപാടുകളിൽ താൽപ്പര്യ വൈരുദ്ധ്യമുണ്ടോ എന്ന ചോദ്യങ്ങൾ ഉയരുന്നുണ്ടെങ്കിലും, സ്വതന്ത്ര ഉപദേഷ്ടാക്കളും മൂന്നാം കക്ഷി ധനകാര്യ സ്ഥാപനങ്ങളുമാണ് ട്രംപിന്റെ നിക്ഷേപ പോർട്ട്ഫോളിയോ കൈകാര്യം ചെയ്യുന്നതെന്നും അവയിൽ ട്രംപിനോ കുടുംബാംഗങ്ങൾക്കോ ഇടപെടാനോ നിർദ്ദേശങ്ങൾ നൽകാനോ കഴിയില്ലെന്നുമാണ് വൈറ്റ് ഹൗസ് വ്യക്തമാക്കുന്നത്. ഈ നിക്ഷേപങ്ങൾ പ്രധാനമായും സ്വാബ് 1000 പോലുള്ള സൂചികകളെ പിന്തുടരുന്നവയാണെന്നും ട്രംപ് ഇടപാടുകൾക്ക് നിർദ്ദേശം നൽകിയെന്നതിന് രേഖകളിൽ തെളിവുകളില്ലെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നു. 2025-ൽ മാത്രം ട്രംപ് 21,000-ത്തിലധികം വ്യത്യസ്ത ഓഹരി ഇടപാടുകൾ വെളിപ്പെടുത്തിയപ്പോൾ, തന്റെ ആദ്യ ഭരണകാലം മുഴുവനിലുമായി ഏകദേശം 500 ഇടപാടുകൾ മാത്രമാണുണ്ടായിരുന്നത്; അതേസമയം ഓഹരി ഇടപാടുകൾ റിപ്പോർട്ട് ചെയ്യുന്നതിലെ കാലതാമസം കാരണം സമീപ മാസങ്ങളിലെ പുതിയ മാറ്റങ്ങൾ പൂർണ്ണമായി രേഖകളിൽ വന്നിട്ടില്ലെന്നും വിലയിരുത്തപ്പെടുന്നു.
English Summary
Follow TheProfit.news on Google
Choose TheProfit.news as a preferred source to help find our business and finance news on Google.
Open Google Preferred Sources



