ന്യൂഡൽഹിയിൽ നടന്ന ഫിക്കി വാർഷിക സമ്മേളനത്തിൽ സംസാരിക്കവെ, സർക്കാർ നികുതി ഇളവുകൾ നൽകിയിട്ടും സ്വകാര്യ കമ്പനികൾ ജീവനക്കാരുടെ ശമ്പളം വർദ്ധിപ്പിക്കുകയോ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയോ ചെയ്തില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിമർശിച്ചു.
സർക്കാർ ഇളവുകൾ ജീവനക്കാരിലേക്ക് എത്തണം
കോർപ്പറേറ്റ് നികുതി 30 ശതമാനത്തിൽ നിന്ന് 22 ശതമാനമായി കുറച്ചതും, വാർഷിക വരുമാനം 12 ലക്ഷം രൂപ വരെയുള്ളവർക്ക് ആദായനികുതി ഒഴിവാക്കിയതും, നികുതി റീഫണ്ട് നടപടികൾ വേഗത്തിലാക്കിയതും ഉൾപ്പെടെ സർക്കാർ കൊണ്ടുവന്ന നിരവധി ആനുകൂല്യങ്ങൾ അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ ഈ ഇളവുകളുടെ പ്രയോജനം ജീവനക്കാരിലേക്ക് എത്തിക്കാൻ കമ്പനികൾ തയ്യാറായില്ലെന്നും, “മോദിജി നിങ്ങൾ ചെയ്യൂ, ഞങ്ങൾ കണ്ടുകൊണ്ടിരിക്കാം” എന്ന മനോഭാവമാണ് പല വ്യവസായികൾക്കുമുള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എത്ര കൊടുത്താലും കമ്പനികളുടെ വിശപ്പ് മാറാത്ത അവസ്ഥയാണെന്നും, സർക്കാരിൽ നിന്ന് മാത്രം പ്രതീക്ഷിക്കാതെ സ്വന്തം നിലയ്ക്ക് കൂടുതൽ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
ഉപഭോക്താക്കൾക്ക് വിദേശ നിലവാരത്തിലുള്ള ഉത്പന്നങ്ങൾ വേണം
ഇന്ത്യയിലെ 140 കോടി ജനങ്ങളുള്ള വലിയ ആഭ്യന്തര വിപണി കണ്ട് കമ്പനികൾ തൃപ്തിപ്പെടരുതെന്നും, “എന്ത് സാധനവും ഇവിടെ വിറ്റുപോകും” എന്ന ചിന്ത മാറ്റി അന്താരാഷ്ട്ര നിലവാരത്തിലുള്ള ഉൽപ്പന്നങ്ങൾ നിർമ്മിക്കണമെന്നും മോദി ഓർമ്മിപ്പിച്ചു. വിദേശത്തേക്ക് കയറ്റി അയക്കുന്ന ഉൽപ്പന്നങ്ങൾക്ക് നൽകുന്ന അതേ ഗുണമേന്മ ഇന്ത്യയിലെ സാധാരണ ഉപഭോക്താക്കൾക്കും ലഭിക്കേണ്ടതുണ്ട്; വിദേശത്തേക്ക് ഗോതമ്പ് കയറ്റി അയച്ച് ബ്രെഡ് ഇറക്കുമതി ചെയ്യുന്ന രീതി മാറണം എന്നും അദ്ദേഹം പറഞ്ഞു. വിവിധ രാജ്യങ്ങളുമായി ഇന്ത്യ ഒപ്പുവെച്ചിട്ടുള്ള സ്വതന്ത്ര വ്യാപാര കരാറുകൾ പ്രയോജനപ്പെടുത്തി ആഗോള വിപണിയിൽ മത്സരിക്കാനും, പുതിയ സാങ്കേതികവിദ്യകളിലും വലിയ നിർമ്മാണ ശാലകളിലും നിക്ഷേപം നടത്താനും വ്യവസായ ലോകത്തോട് അദ്ദേഹം ആഹ്വാനം ചെയ്തു.
തൊഴിലാളികൾക്കും ഗുണം ലഭിക്കണം
രാജ്യത്തെ വികസിത രാഷ്ട്രമാക്കി മാറ്റുന്നതിൽ സ്വകാര്യ മേഖലയ്ക്ക് വലിയ പങ്കുണ്ടെന്നും, അതിനായി സ്വയം പരിശോധന നടത്താനും ദീർഘകാല പദ്ധതികൾ തയ്യാറാക്കാനും കമ്പനികൾ മുന്നോട്ടുവരണമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. സാമ്പത്തിക വളർച്ചയുടെ ഗുണം സാധാരണക്കാർക്കും തൊഴിലാളികൾക്കും കൂടി ലഭിക്കുമ്പോഴാണ് യഥാർത്ഥ പുരോഗതി ഉണ്ടാകുന്നത്. കൂടുതൽ പരിഷ്കാരങ്ങൾ ആവശ്യമുണ്ടെങ്കിൽ മടികൂടാതെ രേഖാമൂലം അറിയിക്കാമെന്നും, സർക്കാരിന്റെ മനസ്സും വാതിലുകളും എപ്പോഴും തുറന്നിരിക്കുമെന്നും പറഞ്ഞുകൊണ്ടാണ് അദ്ദേഹം തന്റെ പ്രസംഗം അവസാനിപ്പിച്ചത്.
English Summary
Follow TheProfit.news on Google
Choose TheProfit.news as a preferred source to help find our business and finance news on Google.
Open Google Preferred Sources



