സംസ്ഥാനത്ത് ഇന്നും സ്വർണവില കുറഞ്ഞു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 70 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ 12,470 രൂപയായി ഒരു ഗ്രാമിന്റെ വില. പവന് ആനുപാതികമായി 560 രൂപ കുറഞ്ഞ്, 99,760 രൂപയായി ഇന്നത്തെ വിപണിവില. വളരെ നാളുകൾക്കുശേഷമാണ് സ്വർണവില ഒരു ലക്ഷത്തിനു താഴെയെത്തിയത്. തുടർച്ചയായ ചാഞ്ചാട്ടമാണ് സംസ്ഥാനത്തെ സ്വർണവിപണിയിൽ കുറച്ചുനാളുകളിലായി നടന്നുകൊണ്ടിരിക്കുന്നത്.
സ്വർണവില കുത്തനെ കുറഞ്ഞ ദിവസങ്ങളും, അതുപോലെ തന്നെ തിരിച്ചുകയറിയ ദിവസങ്ങളും കഴിഞ്ഞ ആഴ്ചകളിലായി ഉണ്ടായിരുന്നു. ഇക്കഴിഞ്ഞ ആഴ്ചയിൽ പൊതുവെ സ്വർണവില താഴേക്കാണ് പോയത്. ശനിയാഴ്ച ചെറിയൊരു തിരിച്ചുകയറ്റം ഉണ്ടായെങ്കിൽപ്പോലും ഇന്നലെ വീണ്ടും താഴേക്ക് ഇറങ്ങി. അതേസമയം, വെള്ളിവിലയിൽ ഇന്ന് ചെറിയ മാറ്റമുണ്ടായിട്ടുണ്ട്. തുടർച്ചയായി വെള്ളിവിലയിൽ കുറവാണ് ഉണ്ടാകുന്നതെങ്കിലും ഇന്ന് നേരിയ വർധനവാണ് രേഖപ്പെടുത്തിയത്. ഒരു ഗ്രാമിന് 195 രൂപയും, ഒരു കിലോഗ്രാമിന് 1,95,000 രൂപയുമാണ് ഇന്ന് വിപണിയിൽ.
ഇന്ത്യൻ വിപണിയിലെ സ്വർണവിലയെ പ്രധാനമായും സ്വാധീനിക്കുന്നത് രാജ്യാന്തര വിപണിയിലെ വിലമാറ്റങ്ങളാണ്. അമേരിക്കൻ ഡോളറിന്റെ മൂല്യം, യുഎസ് ഫെഡറൽ റിസർവിന്റെ പലിശനിരക്ക് നയം, അമേരിക്കൻ ട്രഷറി ബോണ്ടുകളുടെ യീൽഡിലെ മാറ്റങ്ങൾ എന്നിവ സ്വർണവിലയെ നിർണയിക്കുന്ന പ്രധാന ഘടകങ്ങളാണ്. ആഗോള സാമ്പത്തിക സാഹചര്യം, പണപ്പെരുപ്പം, ക്രൂഡ് ഓയിൽ വില, ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ എന്നിവയും സ്വർണവിപണിയിൽ പ്രതിഫലിക്കാറുണ്ട്.
സ്വർണത്തിൽ നിക്ഷേപിക്കുന്നതിലൂടെ പലിശയോ സ്ഥിരമായ വരുമാനമോ ലഭിക്കുന്നില്ല. അതിനാൽ, ബോണ്ടുകളിൽ നിന്നുള്ള യഥാർഥ വരുമാനം ഉയരുമ്പോൾ നിക്ഷേപകർ സ്വർണത്തിൽ നിന്ന് മാറി കൂടുതൽ വരുമാനം ലഭിക്കുന്ന നിക്ഷേപ മാർഗങ്ങൾ തിരഞ്ഞെടുക്കാൻ സാധ്യതയുണ്ട്. ഇത് സ്വർണത്തിന്റെ ആവശ്യകത കുറയ്ക്കുകയും വില ഇടിയാൻ കാരണമാകുകയും ചെയ്യാം. മറുവശത്ത്, യുഎസ് ഡോളറിന്റെ മൂല്യം കുറയുമ്പോൾ മറ്റ് കറൻസികൾ ഉപയോഗിച്ച് സ്വർണം വാങ്ങുന്നവർക്ക് അത് കൂടുതൽ താങ്ങാനാകുന്നതാകും. ഇതിലൂടെ രാജ്യാന്തര വിപണിയിൽ സ്വർണത്തിന്റെ ആവശ്യകതയും വിലയും ഉയരാം.
ക്രൂഡ് ഓയിൽ വില വർധിക്കുന്നത് പണപ്പെരുപ്പ ആശങ്കകൾ ശക്തമാക്കും. ഇത് കേന്ദ്രബാങ്കുകളുടെ പലിശനിരക്ക് നയത്തെക്കുറിച്ചുള്ള പ്രതീക്ഷകളെയും സ്വാധീനിക്കുന്നു. പലിശനിരക്കുകൾ ഉയർന്ന നിലയിൽ തുടരാനുള്ള സാധ്യത സ്വർണവിലയ്ക്ക് തിരിച്ചടിയാകുമ്പോൾ, പലിശനിരക്കുകൾ കുറയുമെന്ന പ്രതീക്ഷ സ്വർണത്തിന് അനുകൂലമായ സാഹചര്യമൊരുക്കാറുണ്ട്.
അതേസമയം, ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങളും യുദ്ധങ്ങളും ഭൗമരാഷ്ട്രീയ സംഘർഷങ്ങളും ശക്തമാകുമ്പോൾ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തോടുള്ള താൽപര്യം വർധിക്കാറുണ്ട്. വിവിധ രാജ്യങ്ങളിലെ കേന്ദ്രബാങ്കുകൾ സ്വർണശേഖരം ഉയർത്തുന്നതും വിപണിയിലെ ആവശ്യകത വർധിപ്പിക്കുന്ന ഘടകമാണ്. ഈ ഘടകങ്ങളിലെ മാറ്റങ്ങളും നിക്ഷേപകരുടെ തീരുമാനങ്ങളും ഒരുമിച്ചാണ് രാജ്യാന്തര വിപണിയിലെയും ഇന്ത്യൻ വിപണിയിലെയും സ്വർണവിലയിൽ ഏറ്റക്കുറച്ചിലുകൾക്ക് കാരണമാകുന്നത്.
ഇക്കഴിഞ്ഞ ജനുവരി 29നാണ് കേരളത്തിൽ ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന സ്വർണവില. അന്ന് ഒരു പവൻ സ്വർണത്തിന് 1,31,160 രൂപയായിരുന്നു വില. സംസ്ഥാനത്ത് ഒരു പവൻ സ്വർണവില ആദ്യമായി ഒരു ലക്ഷം കടന്നത് ഡിസംബർ 23നായിരുന്നു.
English Summary
Gold prices declined in Kerala for another day. The price of 22-carat gold fell by Rs 70 per gram today, taking the rate to Rs 12,470. Accordingly, the price of one sovereign (8 grams) dropped by Rs 560 to Rs 99,760. This marks the first time in quite a while that gold prices have fallen below the Rs 1 lakh mark. The state’s gold market has been witnessing continuous fluctuations over the past few days. Meanwhile, silver prices recorded a marginal change today. After witnessing a continuous downward trend, silver prices registered a slight increase. Silver is currently trading at Rs 195 per gram and Rs 1,95,000 per kilogram.
Follow TheProfit.news on Google
Choose TheProfit.news as a preferred source to help find our business and finance news on Google.
Open Google Preferred Sources



