ഭാര്യയ്ക്കോ ഭർത്താവിനോ വീട് സമ്മാനമായി നൽകുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട ആദായനികുതി നിയമങ്ങളെക്കുറിച്ച് അറിയാമോ? സാധാരണയായി ബന്ധുക്കൾക്ക് സമ്മാനമായി നൽകുന്ന സ്വത്തുക്കൾക്ക് നികുതി ബാധകമല്ലെങ്കിലും, പങ്കാളിക്ക് സമ്മാനമായി നൽകുന്ന വീട് വാടകയ്ക്ക് കൊടുത്തിട്ടുണ്ടെങ്കിൽ അതിന്റെ വാടക വരുമാനംമൂലം ആർക്കാണ് നികുതി ബാധ്യത എന്ന കാര്യത്തിൽ കൃത്യമായ നിയമങ്ങളുണ്ട്. ആദായനികുതി നിയമപ്രകാരം ക്ലബ്ബിംഗ് ഓഫ് ഇൻകം വ്യവസ്ഥകൾ പ്രകാരം, പങ്കാളിക്ക് സൗജന്യമായോ, കൃത്യമായ പ്രതിഫലമില്ലാതെയോ നൽകുന്ന വീടുകളിൽ നിന്നുള്ള വാടക വരുമാനം, അത് സ്വന്തം പേരിൽ കൈപ്പറ്റിയില്ലെങ്കിൽ പോലും വീട് സമ്മാനമായി നൽകിയ ആൾ തന്നെ ആദായനികുതി റിട്ടേണിൽ കാണിച്ച് നികുതി അടയ്ക്കേണ്ടതാണ്.
വിവാഹമോചന സമയത്തെ നിയമം വേറെ
എന്നാൽ, ഈ നിയമത്തിൽ ചില പ്രത്യേക ഇളവുകളും വ്യവസ്ഥകളും ബാധകമാണ്. പരസ്പര സമ്മതത്തോടെയുള്ള നിയമപരമായ വേർപിരിയലിന്റെ ഭാഗമായാണ് വീട് കൈമാറുന്നതെങ്കിൽ ക്ലബ്ബിംഗ് നിയമങ്ങൾ ബാധകമാകില്ല. കൂടാതെ, വീട് സമ്മാനമായി നൽകിയ ശേഷം അതിൽ നിന്നും ലഭിക്കുന്ന വാടക വരുമാനം പങ്കാളി സ്വന്തം നിലയിൽ മറ്റ് നിക്ഷേപങ്ങളിലൂടെ വളർത്തി എടുക്കുന്ന വരുമാനത്തിന് വീണ്ടും നികുതി ബാധകമാകില്ലെങ്കിലും, ആദ്യഘട്ടത്തിലെ വാടകത്തുകയ്ക്ക് നികുതി നിയമങ്ങൾ കർശനമായി പാലിക്കേണ്ടതുണ്ട്. അതിനാൽ ഇത്തരത്തിലുള്ള സ്വത്തുമാറ്റങ്ങൾ നടത്തുമ്പോൾ നിയമപരമായ രേഖകളും ആദായനികുതി ബാധകമാകുന്ന പരിധികളും കൃത്യമായി മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്.
നിയമ സഹായം തേടുക
വരുന്ന ആദായനികുതി റിട്ടേൺ ഫയൽ ചെയ്യുമ്പോൾ ഈ കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിച്ചില്ലെങ്കിൽ പിഴയോ നോട്ടീസോ ലഭിക്കാൻ സാധ്യതയുണ്ട്. അതിനാൽ വീട് ആരുടെ പേരിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്, വാടക തുക ആരുടെ അക്കൗണ്ടിലേക്കാണ് വരുന്നത്, ക്ലബ്ബിംഗ് വ്യവസ്ഥകൾ ബാധകമാണോ തുടങ്ങിയ പ്രധാന കാര്യങ്ങൾ റിട്ടേൺ ഫയൽ ചെയ്യുന്നതിന് മുൻപ് പരിശോധിക്കണം. ആവശ്യമാണെങ്കിൽ ഒരു ചാർട്ടേഡ് അക്കൗണ്ടന്റിന്റെയോ ടാക്സ് വിദഗ്ധന്റെയോ സഹായം തേടുന്നത് വഴി അനാവശ്യമായ നികുതി പ്രശ്നങ്ങളും നിയമപരമായ തടസ്സങ്ങളും ഒഴിവാക്കാനും സമാധാനപരമായ രീതിയിൽ നികുതി നടപടികൾ പൂർത്തിയാക്കാനും സാധിക്കും.
English Summary
Follow TheProfit.news on Google
Choose TheProfit.news as a preferred source to help find our business and finance news on Google.
Open Google Preferred Sources



