അനാവശ്യ പരസ്യ കോളുകൾക്കും സന്ദേശങ്ങൾക്കുമെതിരെ നടപടി ശക്തമാക്കി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (TRAI). നിയമങ്ങൾ ലംഘിച്ച 1.24 ലക്ഷത്തിലധികം ടെലികോം കണക്ഷനുകൾക്കെതിരെ ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ നടപടി സ്വീകരിച്ചു. ആവർത്തിച്ച് നിയമലംഘനം നടത്തിയ 374 സ്ഥാപനങ്ങളെയും വ്യക്തികളെയും ഒരു വർഷത്തേക്ക് കരിമ്പട്ടികയിൽ ഉൾപ്പെടുത്തി. TRAIയുടെ 2026-27 സാമ്പത്തിക വർഷത്തെ രണ്ടാം പാദ റിപ്പോർട്ട് പ്രകാരം, ആദ്യമായി നിയമലംഘനം നടത്തിയ 1,10,325 ടെലികോം കണക്ഷനുകളുടെ ഔട്ട്ഗോയിങ് സേവനങ്ങൾ 15 ദിവസത്തേക്ക് തടഞ്ഞു. വീണ്ടും നിയമലംഘനം നടത്തിയ 13,777 കണക്ഷനുകൾ ഒരു വർഷത്തേക്ക് വിച്ഛേദിച്ചു.
ഇതിനുപുറമെ, 3,725 എസ്.എം.എസ് ഹെഡറുകൾ തടയുകയും 374 സന്ദേശങ്ങൾ അയയ്ക്കുന്നവരെ ഒരു വർഷത്തേക്ക് കരിമ്പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്തു. ഈ കാലയളവിൽ അവർക്ക് പുതിയ ടെലികോം കണക്ഷനുകളോ മറ്റ് ടെലികോം സേവനങ്ങളോ ലഭ്യമാക്കാൻ കഴിയില്ല. ജൂലൈ-സെപ്റ്റംബർ കാലയളവിൽ അനാവശ്യ വാണിജ്യ ആശയവിനിമയങ്ങൾ സംബന്ധിച്ച് 15.29 ലക്ഷം പരാതികളാണ് TRAIക്ക് ലഭിച്ചത്. ഇതിൽ 7.23 ലക്ഷം പരാതികൾ നടപടിയെടുക്കേണ്ടവയായി കണ്ടെത്തി. രാജ്യത്തെ ടെലികോം ശൃംഖലകളിലൂടെ ഈ കാലയളവിൽ 714.01 ബില്യൺ കോളുകളും 702.28 ബില്യൺ എസ്.എം.എസുകളും കൈമാറിയിരുന്നു. ഓരോ പത്ത് ലക്ഷം ഔട്ട്ഗോയിങ് കോളുകൾക്കും ശരാശരി 2.14 പരാതികൾ എന്നതായിരുന്നു പരാതികളുടെ നിരക്ക്.
സ്പാം കോളുകളും സന്ദേശങ്ങളും റിപ്പോർട്ട് ചെയ്യുന്നതിനുള്ള പ്രധാന മാർഗമായി TRAIയുടെ DND ആപ്പ് പ്രവർത്തിക്കുന്നുണ്ട്. ആകെ ലഭിച്ച പരാതികളിൽ 92.9 ശതമാനവും (14.21 ലക്ഷം) ഈ ആപ്പ് വഴിയാണ് ലഭിച്ചത്. സെപ്റ്റംബർ 30 വരെ ആപ്പിന്റെ ഡൗൺലോഡുകൾ 42.36 ലക്ഷമായി ഉയർന്നു. സ്പാം സന്ദേശങ്ങളും കോളുകളും കണ്ടെത്താൻ ടെലികോം കമ്പനികൾ വിന്യസിച്ച ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സംവിധാനങ്ങൾ ഈ പാദത്തിൽ 19.9 ബില്യൺ ഇൻകമിങ് കോളുകളും സന്ദേശങ്ങളും സംശയാസ്പദമായ സ്പാമുകളായി തിരിച്ചറിഞ്ഞു. ഇതിൽ 18.28 ബില്യൺ കോളുകളും 1.62 ബില്യൺ എസ്.എം.എസുകളും ഉൾപ്പെടുന്നു.
സ്പാം സന്ദേശങ്ങൾ അയയ്ക്കുന്നതായി സംശയിക്കുന്ന സ്ഥാപനങ്ങൾക്ക് ടെലികോം കമ്പനികൾ മുന്നറിയിപ്പുകളും നൽകി. 34,025 സംശയാസ്പദമായ സന്ദേശദാതാക്കളുടെ ഇലക്ട്രോണിക് നോ യുവർ കസ്റ്റമർ (e-KYC) പരിശോധനയും നടത്തി. കെ.വൈ.സി പരിശോധനയിൽ പരാജയപ്പെട്ട 9,977 കണക്ഷനുകൾ വിച്ഛേദിച്ചു. അനാവശ്യ പരസ്യ കോളുകളും സേവന ആവശ്യങ്ങൾക്കായുള്ള കോളുകളും തിരിച്ചറിയുന്നതിനായി TRAI പ്രത്യേക നമ്പർ ശ്രേണികൾ ഏർപ്പെടുത്തിയിട്ടുണ്ട്. ടെലിമാർക്കറ്റിങ്, പ്രമോഷണൽ കോളുകൾക്കായി 140 സീരീസും ബാങ്കുകൾ, ധനകാര്യ സ്ഥാപനങ്ങൾ, ഇൻഷുറൻസ് കമ്പനികൾ, സർക്കാർ സേവനങ്ങൾ എന്നിവയിൽ നിന്നുള്ള ഔദ്യോഗിക കോളുകൾക്കായി 1600 സീരീസുമാണ് നിശ്ചയിച്ചിരിക്കുന്നത്. യൂട്ടിലിറ്റി, ലോജിസ്റ്റിക്സ്, ഡെലിവറി കമ്പനികൾ ഉപഭോക്താക്കളെ ബന്ധപ്പെടുന്നതിനായി ഓഗസ്റ്റ് 10 മുതൽ 1601 സീരീസും അവതരിപ്പിച്ചിട്ടുണ്ട്.
സെപ്റ്റംബർ 30 വരെയുള്ള കണക്കനുസരിച്ച് 22.449 കോടി ഉപഭോക്താക്കളാണ് DND രജിസ്ട്രിയിൽ തങ്ങളുടെ ആശയവിനിമയ മുൻഗണനകൾ രജിസ്റ്റർ ചെയ്തിട്ടുള്ളത്. രാജ്യത്തെ ആകെ 134.9 കോടി ടെലികോം വരിക്കാരിൽ 16.64 ശതമാനം മാത്രമാണിത്. 112 കോടിയിലധികം വരിക്കാർ തങ്ങളുടെ മുൻഗണനകൾ രജിസ്റ്റർ ചെയ്തിട്ടില്ലാത്തതിനാൽ രജിസ്റ്റർ ചെയ്ത ടെലിമാർക്കറ്റർമാരിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നുമുള്ള വാണിജ്യ ആശയവിനിമയങ്ങൾക്ക് ഇവർ ഇപ്പോഴും ലഭ്യമാണ്. സ്പാം കോളുകൾക്കും സന്ദേശങ്ങൾക്കുമെതിരായ ബോധവത്കരണത്തിന്റെ ഭാഗമായി റേഡിയോ, ടെലിവിഷൻ, പത്രങ്ങൾ, സാമൂഹിക മാധ്യമങ്ങൾ എന്നിവയിലൂടെ പ്രചാരണങ്ങളും TRAI നടത്തി. ഏകദേശം 31,000 പേർ പങ്കെടുത്ത 322 നേരിട്ടുള്ള ഉപഭോക്തൃ ബോധവത്കരണ പരിപാടികളും സംഘടിപ്പിച്ചു.
English Summary
The Telecom Regulatory Authority of India (TRAI) has intensified its crackdown on unsolicited promotional calls and messages. Action was taken against more than 1.24 lakh telecom connections for violating regulations between July and September. Additionally, 374 entities and individuals found repeatedly violating the rules were blacklisted for one year. According to TRAI's report for the second quarter of the financial year 2026-27, outgoing services of 1,10,325 telecom connections that violated the regulations for the first time were suspended for 15 days. Meanwhile, 13,777 connections belonging to repeat offenders were disconnected for one year.
Follow TheProfit.news on Google
Choose TheProfit.news as a preferred source to help find our business and finance news on Google.
Open Google Preferred Sources



