കൊച്ചി: സ്വർണവായ്പ മേഖലയുടെ ഭാവി വികസനത്തിനായി ഫെഡറേഷൻ ഓഫ് ഗോൾഡ് ലോൺ കമ്പനീസ് സംഘടിപ്പിക്കുന്ന പ്രഥമ ‘ഗോൾഡ് ഉച്ചകോടി’ നവംബർ 17-ന് കൊച്ചിയിൽ നടക്കും. സാമ്പത്തിക ആസ്തിയെന്ന നിലയിൽ സ്വർണത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനൊപ്പം, സ്വർണവായ്പ സ്ഥാപനങ്ങളുടെ പ്രവർത്തനം കൂടുതൽ സുതാര്യവും കാര്യക്ഷമവുമാക്കുകയാണ് ഉച്ചകോടിയുടെ പ്രധാന ലക്ഷ്യം. കൂടാതെ, ഈ രംഗം നേരിടുന്ന പൊതുവായ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനും, പുതിയ വിപണി അവസരങ്ങളും സാങ്കേതിക മുന്നേറ്റങ്ങളും സാധാരണക്കാരിലേക്ക് എത്തിക്കാനുമുള്ള മാർഗങ്ങൾ ഉച്ചകോടിയിൽ ചർച്ച ചെയ്യും.
വിദഗ്ധർ പങ്കെടുക്കും
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള എൻബിഎഫ്സി പ്രതിനിധികളും നയരൂപീകരണ വിദഗ്ധരും ഉച്ചകോടിയിൽ പങ്കെടുക്കും. മുത്തൂറ്റ് ഫിനാൻസ്, മുത്തൂറ്റ് ഫിൻകോർപ്പ്, മണപ്പുറം ഫിനാൻസ് തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളുടെ സാരഥികളായ ജോർജ് അലക്സാണ്ടർ മുത്തൂറ്റ്, തോമസ് ജോൺ മുത്തൂറ്റ്, വി.പി. നന്ദകുമാർ എന്നിവരുടെ സാന്നിധ്യം പരിപാടിയെ ദേശീയതലത്തിൽ ശ്രദ്ധേയമാക്കും. ഇതിനുപുറമെ വിനോദ് കോത്താരി, ക്രിസിൽ , ക്രിഫ് , ഗൂഗിൾ, വോഡഫോൺ ഐഡിയ തുടങ്ങിയ മുൻനിര സ്ഥാപനങ്ങളുടെ പ്രതിനിധികൾ നയിക്കുന്ന സാങ്കേതിക സെഷനുകളും ഉച്ചകോടിയുടെ ഭാഗമായി നടക്കും.
നയങ്ങൾ
ഉച്ചകോടിയിൽ അവതരിപ്പിക്കുന്ന പഠന റിപ്പോർട്ടുകളും കണക്കുകളും മേഖലയിലെ പ്രധാന ആശങ്കകൾ തിരിച്ചറിയാൻ സഹായിക്കും. സ്വർണവായ്പ മേഖലയെ ബാധിക്കുന്ന വിഷയങ്ങളിൽ പൊതുവായ നയങ്ങൾ രൂപീകരിക്കാനും, അതുവഴി സർക്കാർ സംവിധാനങ്ങൾക്ക് മുന്നിൽ ഏകീകൃത നിലപാട് അവതരിപ്പിക്കാനും ഈ സമ്മിറ്റ് ഫെഡറേഷന് അവസരമൊരുക്കും.
English Summary
Follow TheProfit.news on Google
Choose TheProfit.news as a preferred source to help find our business and finance news on Google.
Open Google Preferred Sources



