സോഷ്യൽ മീഡിയയിൽ പ്രചരിച്ച വ്യാജ വീഡിയോ വിശ്വസിച്ച് നിക്ഷേപം നടത്തിയ മലയാളിക്ക് 1.41 കോടി രൂപ നഷ്ടമായതായി റിപ്പോർട്ട്. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ഉയർന്ന വരുമാനം വാഗ്ദാനം ചെയ്യുന്ന ഓൺലൈൻ നിക്ഷേപ പദ്ധതിയെക്കുറിച്ച് സംസാരിക്കുന്ന വ്യാജ വീഡിയോ വിശ്വസിച്ച കോഴിക്കോട് സ്വദേശിയായ 63കാരനാണ് തട്ടിപ്പിനിരയായത്. ഓൺലൈൻ ട്രേഡിങ്ങിന്റെ പേരിലാണ് ഇത്രയും വലിയ തുകയുടെ തട്ടിപ്പ് നടന്നിരിക്കുന്നത്. സംഭവത്തിൽ കോഴിക്കോട് റൂറൽ സൈബർ ക്രൈം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഫേസ്ബുക്കിൽ കണ്ട വീഡിയോയാണ് തട്ടിപ്പിന് തുടക്കമായത്. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ഒരു ഓൺലൈൻ നിക്ഷേപ പ്ലാറ്റ്ഫോമിനെക്കുറിച്ച് സംസാരിക്കുന്നതും ആകർഷകമായ വരുമാനം വാഗ്ദാനം ചെയ്യുന്നതുമായിരുന്നു വീഡിയോയിൽ. വീഡിയോ യഥാർഥമാണെന്ന് വിശ്വസിച്ച പരാതിക്കാരൻ അതിനൊപ്പം നൽകിയ ലിങ്കിൽ ക്ലിക്ക് ചെയ്യുകയും നിർദേശങ്ങൾ അനുസരിച്ച് നിക്ഷേപം ആരംഭിക്കുകയും ചെയ്തു.
2025 ജൂൺ 6 മുതൽ 2026 നവംബർ 4 വരെയുള്ള കാലയളവിലാണ് തട്ടിപ്പ് നടന്നതെന്നാണ് പൊലീസ് റിപ്പോർട്ട്. 30 വ്യത്യസ്ത ഇടപാടുകളിലൂടെ ഇയാൾ ആകെ 1.41 കോടി രൂപ കൈമാറി. സ്വന്തം രണ്ട് ബാങ്ക് അക്കൗണ്ടുകളിൽനിന്നായി തട്ടിപ്പുകാരുടെ നിയന്ത്രണത്തിലുള്ള ഒന്നിലധികം ബാങ്ക് അക്കൗണ്ടുകളിലേക്കാണ് പണം അയച്ചത്.
എന്നാൽ വാഗ്ദാനം ചെയ്ത നിക്ഷേപ ലാഭമോ നിക്ഷേപിച്ച യഥാർഥ തുകയോ തിരികെ ലഭിച്ചില്ല. പണം തിരിച്ചുപിടിക്കാനാകുമെന്ന പ്രതീക്ഷയിൽ പരാതിക്കാരൻ ഉടൻ പൊലീസിനെ സമീപിച്ചിരുന്നില്ല. പിന്നീട് തട്ടിപ്പിനിരയായെന്ന് തിരിച്ചറിഞ്ഞതോടെയാണ് സൈബർ ക്രൈം പൊലീസിൽ പരാതി നൽകിയത്.
BNS 318(4) വകുപ്പ്, ഇൻഫർമേഷൻ ടെക്നോളജി നിയമത്തിലെ 66D വകുപ്പ് എന്നിവ പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. പ്രതികളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. പണം കൈമാറിയ ബാങ്ക് അക്കൗണ്ടുകളും പരാതിക്കാരന് ലഭിച്ച ഫോൺവിളികളും പരിശോധിച്ചുവരികയാണ്. പണത്തിന്റെ സാമ്പത്തിക ഇടപാട് ശൃംഖല പിന്തുടർന്ന് തട്ടിപ്പിന് പിന്നിലുള്ളവരെ കണ്ടെത്താനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം.
English Summary
A Kerala man has reportedly lost Rs 1.41 crore after falling for a fake video circulated on social media and investing in an online trading scheme. The victim, a 63-year-old resident of Kozhikode, was allegedly duped after watching a fabricated video featuring Union Finance Minister Nirmala Sitharaman speaking about an online investment scheme promising high returns. The massive fraud was carried out in the name of online trading. Following the incident, the Kozhikode Rural Cyber Crime Police have registered a case and launched an investigation.
Follow TheProfit.news on Google
Choose TheProfit.news as a preferred source to help find our business and finance news on Google.
Open Google Preferred Sources



