പെട്രോൾ, ഡീസൽ വില വർധിപ്പിച്ച് രാജ്യത്തെ പ്രമുഖ സ്വകാര്യ ഇന്ധന വിതരണ കമ്പനിയായ നയാര എനർജി. പെട്രോളിന് ലിറ്ററിന് 5 രൂപയും ഡീസലിന് 3 രൂപയുമാണ് കൂട്ടിയത്. ഇന്ന് പുലർച്ചെ മുതൽ പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ വന്നു. രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിലിന്റെയും ശുദ്ധീകരിച്ച പെട്രോളിയം ഉൽപ്പന്നങ്ങളുടെയും വില ഉയർന്നതിനെ തുടർന്നുള്ള സമ്മർദമാണ് വിലവർധനയ്ക്ക് കാരണമെന്നാണ് റിപ്പോർട്ടുകൾ.
നയാരയുടെ രാജ്യത്തെ 7,108 ഇന്ധന സ്റ്റേഷനുകളിലും പുതിയ വില ബാധകമാണ്. വിലവർധനയ്ക്ക് പിന്നാലെ കേരളത്തിലെ നയാര പമ്പുകളിൽ പെട്രോൾ വില ലിറ്ററിന് 120 രൂപയായും ഡീസൽ വില 106.55 രൂപയായും ഉയർന്നു. അതേസമയം, പൊതുമേഖലാ എണ്ണക്കമ്പനികൾ നിലവിൽ പെട്രോൾ, ഡീസൽ വിലയിൽ മാറ്റം വരുത്തിയിട്ടില്ല.
ആഗോള എണ്ണവില ഉയരുന്നത് തിരിച്ചടി
രാജ്യാന്തര വിപണിയിലെ ക്രൂഡ് ഓയിൽ, ശുദ്ധീകരിച്ച ഇന്ധന ഉൽപ്പന്നങ്ങളുടെ വില ഉയർന്നതോടെ ഇന്ധന റീട്ടെയിലർമാരുടെ ലാഭവിഹിതത്തിൽ സമ്മർദം വർധിച്ചിരിക്കുകയാണ്. ആഭ്യന്തര റീട്ടെയിൽ വിലയും ആഗോള വിപണി വിലയും തമ്മിലുള്ള അന്തരം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് നയാരയുടെ പുതിയ വിലവർധനയെന്നാണ് റിപ്പോർട്ടുകൾ.
ഇതിന് മുമ്പ് മാർച്ച് 26നും നയാര പെട്രോളിന് 5 രൂപയും ഡീസലിന് 3 രൂപയും വർധിപ്പിച്ചിരുന്നു. പിന്നീട് അന്താരാഷ്ട്ര ക്രൂഡ് വില കുറഞ്ഞതിനെ തുടർന്ന് ജൂലൈയിൽ ഇതേ നിരക്കിൽ വില കുറച്ചിരുന്നു. ഇപ്പോൾ ആഗോള എണ്ണവില വീണ്ടും ഉയർന്ന സാഹചര്യത്തിലാണ് വിലവർധന.
സ്വകാര്യ കമ്പനികൾക്ക് വില സമ്മർദം
അന്താരാഷ്ട്ര എണ്ണവില ഉയർന്നിട്ടും പൊതുമേഖലാ എണ്ണക്കമ്പനികൾ ആഭ്യന്തര പെട്രോൾ, ഡീസൽ വിലയിൽ വലിയ മാറ്റം വരുത്താത്തതിനാൽ സ്വകാര്യ ഇന്ധന റീട്ടെയിലർമാരുടെ ലാഭവിഹിതത്തിൽ സമ്മർദം തുടരുകയാണ്. വില വ്യത്യാസം മുതലെടുക്കാൻ വ്യാവസായിക, ബൾക്ക് ഉപഭോക്താക്കൾ റീട്ടെയിൽ പമ്പുകളെ കൂടുതലായി ആശ്രയിക്കുന്നതും ചില സ്വകാര്യ കമ്പനികൾക്ക് വിതരണ സമ്മർദം സൃഷ്ടിച്ചിട്ടുണ്ട്.
അതേസമയം, സ്വകാര്യ ഇന്ധന കമ്പനികൾ പെട്രോൾ, ഡീസൽ വിൽപ്പനയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തരുതെന്ന് കേന്ദ്ര സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. രാജ്യത്ത് ഇന്ധന ലഭ്യത ഉറപ്പാക്കുന്നതിനാണ് സർക്കാർ ഇടപെടൽ.





