അമേരിക്കൻ സ്റ്റോക്ക് മാർക്കറ്റുകളായ ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ചും, നാസ്ഡാക്കും ഇനി രാത്രി മുഴുവൻ പ്രവർത്തിക്കുന്ന തരത്തിൽ ട്രേഡിംഗ് സമയം നീട്ടാൻ ഒരുങ്ങുകയാണ്. നിലവിൽ ദിവസം കുറച്ചു മണിക്കൂറുകൾ മാത്രം തുറന്നിരുന്ന വിപണി, വരാനിരിക്കുന്ന ഡിസംബർ മുതൽ രാത്രി 9 മണി മുതൽ രാവിലെ 4 മണി വരെയുള്ള പ്രത്യേക ഓവർനൈറ്റ് സെഷൻ കൂടി ഉൾപ്പെടുത്തി ദിവസത്തിൽ ഏകദേശം 23 മണിക്കൂറും ആഴ്ചയിൽ 5 ദിവസവും സജീവമാക്കാനാണ് ലക്ഷ്യമിടുന്നത്.
ഇന്ത്യക്കാർക്കും നേട്ടം
ആഗോളതലത്തിലുള്ള നിക്ഷേപകർക്ക് പ്രത്യേകിച്ച് ഇന്ത്യയും ഏഷ്യൻ രാജ്യങ്ങളും അടക്കമുള്ള മറ്റ് സമയമേഖലകളിലുള്ളവർക്ക്, തങ്ങളുടെ പകൽ സമയത്ത് തന്നെ യു.എസ് ഓഹരികളിൽ നേരിട്ട് വ്യാപാരം നടത്താൻ സൗകര്യമൊരുക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം. ക്രിപ്റ്റോ മാർക്കറ്റുകൾ 24 മണിക്കൂറും പ്രവർത്തിക്കുന്നത് പോലെ, ആഗോള വാ വാർത്തകളോടും സാമ്പത്തിക മാറ്റങ്ങളോടും അപ്പപ്പോൾ പ്രതികരിക്കാൻ ഈ പുതിയ മാറ്റം നിക്ഷേപകരെ സഹായിക്കും.
മാനസിക സമ്മർദ്ദം
എന്നാൽ ഈ പുതിയ സംവിധാനത്തിന് ചില വെല്ലുവിളികളുമുണ്ട്. രാത്രി സമയങ്ങളിൽ ട്രേഡർമാരുടെ എണ്ണം കുറവായതിനാൽ വിപണിയിൽ ലിക്വിഡിറ്റി കുറയാനും, വിലകളിൽ വലിയ ചാഞ്ചാട്ടങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ട്. കൂടാതെ, വിപണി സദാസമയം തുറന്നിരിക്കുന്നത് ട്രേഡർമാർക്കും ജീവനക്കാർക്കും മാനസികവും ശാരീരികവുമായ വലിയ സമ്മർദ്ദം ഉണ്ടാക്കുമെന്ന ആശങ്കയും വിദഗ്ദ്ധർ പങ്കുവെക്കുന്നു.
ഇപ്പോൾ രാത്രിയും തുറന്നിരിക്കുന്നവ
അമേരിക്കൻ വിപണികൾ 24 മണിക്കൂറും പ്രവർത്തിക്കാൻ ഒരുങ്ങുന്നതിന് മുൻപ് തന്നെ ലോകത്തിലെ ചില പ്രമുഖ സ്റ്റോക്ക് എക്സ്ചേഞ്ചുകൾ രാത്രികാല വ്യാപാരം ഭാഗികമായി അനുവദിക്കുന്നുണ്ട്. ഉദാഹരണത്തിന്, ജപ്പാനിലെ ഒസാക്ക സെക്യൂരിറ്റീസ് എക്സ്ചേഞ്ച്, ചൈനയിലെ ഷാങ്ഹായ് ഫ്യൂച്ചേഴ്സ് എക്സ്ചേഞ്ച് എന്നിവ വിദേശ നിക്ഷേപകരെ ആകർഷിക്കുന്നതിനായി രാത്രി വൈകിയും ട്രേഡിംഗ് നടത്താൻ സൗകര്യമൊരുക്കുന്നുണ്ട്. കൂടാതെ, ലോകമെമ്പാടുമുള്ള ബിറ്റ്കോയിൻ പോലെയുള്ള ക്രിപ്റ്റോ കറൻസി വിപണികളും റോബിൻഹുഡ് , എക്യുഎസ് സബ്സ്റ്റിറ്റ്യൂട്ട് ട്രേഡിംഗ് സിസ്റ്റം തുടങ്ങിയ ആഗോള ഡിജിറ്റൽ ബ്രോക്കറേജ് പ്ലാറ്റ്ഫോമുകളും 24 മണിക്കൂറും വിപണിയിൽ വ്യാപാരം നടത്താൻ നിക്ഷേപകരെ അനുവദിക്കുന്നുണ്ട്.
(Disclaimer: This does not constitute investment advice. Investors are advised to evaluate independently and consult with professional advisors before making any investments in the stock market, mutual funds, gold, or cryptocurrencies.)





