വളർത്തുമൃഗങ്ങളെക്കുറിച്ചുള്ള മനുഷ്യരുടെ കാഴ്ചപ്പാടിൽ വലിയൊരു മാറ്റമുണ്ടായിരിക്കുന്ന കാലഘട്ടമാണ് നമുക്ക് മുന്നിലൂടെ കടന്നുപോയിട്ടുള്ളത്. ഒരുകാലത്ത് വീടിന് കാവലിരിക്കാൻ ഒരു നായയെയോ എലിയെ പിടിക്കാൻ ഒരു പൂച്ചയെയോ വളർത്തിയിരുന്നെങ്കിൽ ഇന്ന് ആ കാഴ്ചപ്പാടിൽ വലിയ മാറ്റമാണ് സംഭവിച്ചിരിക്കുന്നത്. വീടുകളിലെ വളർത്തുമൃഗങ്ങളെ ഇന്ന് വെറും ജീവികളായല്ല, കുടുംബത്തിലെ അംഗങ്ങളായാണ് മനുഷ്യർ പരിഗണിക്കുന്നത്. അവയ്ക്ക് പേരുണ്ട്, പ്രത്യേക ഭക്ഷണമുണ്ട്, ചികിത്സയുണ്ട്, പിറന്നാളാഘോഷങ്ങളുണ്ട്, യാത്രകളിൽ പോലും പ്രത്യേക പരിഗണനയുണ്ട്. മനുഷ്യരും വളർത്തുമൃഗങ്ങളും തമ്മിലുള്ള ഈ വൈകാരിക ബന്ധം പുതിയൊരു സാമ്പത്തിക മേഖലയ്ക്ക് കൂടി വഴിതുറന്നിട്ടുണ്ട്. അതാണ് ഇന്ന് ലോകമെമ്പാടും വളർന്നുവരുന്ന ‘പെറ്റ് ഇക്കോണമി’.
വളർത്തുമൃഗങ്ങളോടുള്ള സ്നേഹം വർധിക്കുന്നതിനൊപ്പം അവയുടെ പരിചരണത്തിനായി പണം ചെലവഴിക്കാൻ തയ്യാറാകുന്നവരുടെ എണ്ണവും വർധിക്കുകയാണ്. പെറ്റ് ഫുഡ് മുതൽ ഗ്രൂമിംഗ്, വെറ്റിനറി കെയർ, പെറ്റ് ഇൻഷുറൻസ്, പെറ്റ് ബോർഡിംഗ്, പെറ്റ് അക്സസറീസ് തുടങ്ങി വിപുലമായൊരു വിപണിയാണ് ഇതിലൂടെ രൂപപ്പെടുന്നത്. ഒരുകാലത്ത് പരിമിതമായ ആവശ്യങ്ങൾക്കായി മാത്രം നിലനിന്നിരുന്ന ഈ മേഖല ഇന്ന് വലിയൊരു ബിസിനസ് സാധ്യതയായി മാറിയിരിക്കുന്നു.
സ്നേഹത്തിൽ നിന്ന് വിപണിയിലേക്ക്
ഇന്ത്യയിലെ നഗരജീവിതത്തിൽ വളർത്തുമൃഗങ്ങളുടെ സ്ഥാനത്തിൽ വലിയ രീതിയിൽ മാറ്റമുണ്ടായിട്ടുണ്ട്. പ്രത്യേകിച്ച് യുവാക്കൾക്കും ചെറിയ കുടുംബങ്ങൾക്കും ഒറ്റയ്ക്ക് താമസിക്കുന്നവർക്കുമിടയിൽ നായകളെയും പൂച്ചകളെയും വളർത്താനുള്ള താൽപര്യം വർധിച്ചിരിക്കുകയാണ്. മാനസിക അടുപ്പം നൽകുന്നവരെന്ന നിലയിൽ വളർത്തുമൃഗങ്ങളെ കാണുന്ന പ്രവണതയും ഇതിന് പിന്നിലുണ്ട്. വളർത്തുമൃഗങ്ങളെ കുടുംബാംഗങ്ങളെപ്പോലെ കാണുന്ന ഈ സമീപനത്തെയാണ് ‘പെറ്റ് ഹ്യൂമനിസേഷൻ’ എന്ന് വിശേഷിപ്പിക്കുന്നത്. മൃഗങ്ങളുടെ ഭക്ഷണം, ആരോഗ്യം, സൗന്ദര്യം, ജീവിതസൗകര്യങ്ങൾ എന്നിവയ്ക്കെല്ലാം കൂടുതൽ പ്രാധാന്യം നൽകുന്ന രീതിയാണിത്.
ഇതോടെ പരമ്പരാഗത പെറ്റ് ഷോപ്പുകൾക്ക് അപ്പുറത്തേക്ക് വിപണി വ്യാപിച്ചു. നായകൾക്കും പൂച്ചകൾക്കുമായി പ്രത്യേകം തയ്യാറാക്കുന്ന പോഷകസമൃദ്ധമായ ഭക്ഷണം, പ്രീമിയം പെറ്റ് ഫുഡ്, വിറ്റാവൈറ്റമിൻ സപ്ലിമെന്റുകൾ, കളിപ്പാട്ടങ്ങൾ, വസ്ത്രങ്ങൾ, കിടക്കകൾ, മറ്റ് ആക്സസറികൾ എന്നിവയ്ക്ക് ആവശ്യക്കാരേറുകയാണ്. ഓൺലൈൻ പ്ലാറ്റ്ഫോമുകളും ഈ വിപണിയുടെ വളർച്ചയ്ക്ക് വേഗം കൂട്ടുന്നുണ്ട്.
പെറ്റ് ഫുഡ്: ഏറ്റവും വലിയ വിപണികളിലൊന്ന്
പെറ്റ് ഇക്കോണമിയിലെ പ്രധാന മേഖലകളിലൊന്നാണ് പെറ്റ് ഫുഡ്. മനുഷ്യരുടെ ഭക്ഷണശീലങ്ങളിൽ ആരോഗ്യത്തിനും പോഷകാഹാരത്തിനും പ്രാധാന്യം വർധിച്ചതുപോലെ വളർത്തുമൃഗങ്ങളുടെ ഭക്ഷണത്തിലും ഉടമകൾ കൂടുതൽ ശ്രദ്ധ നൽകുന്നുണ്ട്. പ്രായം, ഇനം, ശരീരഭാരം, ആരോഗ്യസ്ഥിതി എന്നിവയ്ക്ക് അനുസരിച്ചുള്ള ഭക്ഷണമാണ് പലരും തിരഞ്ഞെടുക്കുന്നത്. സാധാരണ ഭക്ഷണത്തിന് പുറമെ ഗ്രെയിൻ-ഫ്രീ ഫുഡ്, പ്രോട്ടീൻ-റിച്ച് ഫുഡ്, സ്പെഷ്യലൈസ്ഡ് ഡയറ്റ്, ഓർഗാനിക് പെറ്റ് ഫുഡ് തുടങ്ങിയ ഉൽപ്പന്നങ്ങൾക്കും വിപണിയിൽ ഇടം ലഭിക്കുന്നു. ഇന്ത്യയിൽ പെറ്റ് ഫുഡ് ബ്രാൻഡുകളുടെ എണ്ണവും വിതരണശൃംഖലയും വളരുകയാണ്. പ്രാദേശിക ബ്രാൻഡുകൾക്കൊപ്പം അന്താരാഷ്ട്ര കമ്പനികളും ഈ വിപണിയിൽ സജീവമാണ്. ഓൺലൈൻ ഷോപ്പിങ് സൗകര്യങ്ങൾ, ഹോം ഡെലിവറി, സബ്സ്ക്രിപ്ഷൻ മോഡലുകൾ എന്നിവയും പെറ്റ് ഫുഡ് ബിസിനസിനെ കൂടുതൽ വിപുലമാക്കുന്നു.
ഗ്രൂമിംഗ് മുതൽ പെറ്റ് സ്പാ വരെ
വളർത്തുമൃഗങ്ങളുടെ സൗന്ദര്യസംരക്ഷണവും വലിയൊരു ബിസിനസ് മേഖലയായി മാറിയിട്ടുണ്ട്. ഹെയർകട്ട്, ബാത്തിംഗ്, നെയിൽ ട്രിമ്മിംഗ്, ഇയർ ക്ലീനിംഗ്, കോട്ട് കെയർ തുടങ്ങിയ സേവനങ്ങൾ നൽകുന്ന പെറ്റ് ഗ്രൂമിംഗ് സെന്ററുകൾ നഗരങ്ങളിൽ കൂടുതൽ ശ്രദ്ധ നേടുന്നു. ഇതിനു പുറമെ പെറ്റ് സ്പാ, പ്രീമിയം ഗ്രൂമിംഗ്, ഹോം ഗ്രൂമിംഗ് സർവീസ് തുടങ്ങിയ പ്രത്യേക സേവനങ്ങളും വളരുന്നു. തിരക്കേറിയ ജീവിതശൈലിയുള്ളവർക്ക് വീട്ടിലെത്തി സേവനം നൽകുന്ന മൊബൈൽ ഗ്രൂമിങ് സംവിധാനങ്ങളും ആകർഷകമായ ബിസിനസ് മാതൃകകളാണ്. ചിലർ വളർത്തുമൃഗങ്ങളുടെ പിറന്നാളിന് പോലും പ്രത്യേക ആഘോഷങ്ങൾ സംഘടിപ്പിക്കുന്നുണ്ട്. അതിനായി കേക്കുകൾ, പ്രത്യേക വസ്ത്രങ്ങൾ, ഫോട്ടോഷൂട്ടുകൾ, പാർട്ടി ഡെക്കറേഷൻ തുടങ്ങിയ സേവനങ്ങൾ നൽകുന്ന സ്ഥാപനങ്ങളും രൂപപ്പെട്ടുവരികയാണ്. മനുഷ്യരുടെ ആഘോഷവിപണിക്ക് സമാനമായി വളർത്തുമൃഗങ്ങൾക്കായും പുതിയൊരു വിപണി സൃഷ്ടിക്കപ്പെടുകയാണ്.
ആരോഗ്യസംരക്ഷണത്തിന് മുൻഗണന
വളർത്തുമൃഗങ്ങളുടെ ആരോഗ്യപരിപാലനമാണ് പെറ്റ് ഇക്കോണമിയിലെ മറ്റൊരു പ്രധാന മേഖല. സാധാരണ വാക്സിനേഷൻ, പരിശോധനകൾ, ചികിത്സകൾ എന്നിവയ്ക്കപ്പുറം സ്പെഷ്യലൈസ്ഡ് വെറ്ററിനറി സേവനങ്ങൾക്കും ആവശ്യക്കാർ വർധിക്കുന്നു. വെറ്ററിനറി ക്ലിനിക്കുകൾ, പെറ്റ് ആശുപത്രികൾ, ഡയഗണോസ്റ്റിക് സെന്ററുകൾ, എമർജൻസി കെയർ സർവീസുകൾ തുടങ്ങിയവയുടെ പ്രാധാന്യം ഇതോടെ ഉയരുന്നു. വളർത്തുമൃഗങ്ങളുടെ ആരോഗ്യത്തിനായി പ്രത്യേക പരിശോധനകളും ശസ്ത്രക്രിയകളും നടത്തുന്ന സ്ഥാപനങ്ങൾക്കും സാധ്യതകളുണ്ട്. ഇതിനൊപ്പം പെറ്റ് ഇൻഷുറൻസ് എന്ന ആശയവും ശ്രദ്ധ നേടുകയാണ്. അപ്രതീക്ഷിതമായ ചികിത്സാചെലവുകൾ കുറയ്ക്കാൻ ഇൻഷുറൻസ് സഹായകമാകുമെന്നതാണ് ഇതിന്റെ പ്രധാന ആകർഷണം. ഇന്ത്യയിൽ ഈ മേഖല ഇപ്പോഴും വളർച്ചയുടെ ഘട്ടത്തിലാണ്. കൂടുതൽ ആളുകൾ വളർത്തുമൃഗങ്ങളെ സ്വന്തമാക്കുന്നതിനനുസരിച്ച് ഇൻഷുറൻസ് മേഖലയിലും പുതിയ അവസരങ്ങൾ രൂപപ്പെടാം.
യാത്ര പോകുമ്പോൾ ഇനി ആശങ്ക വേണ്ട
വളർത്തുമൃഗങ്ങളുള്ള കുടുംബങ്ങൾ നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് യാത്രകൾക്കിടെ അവയെ എവിടെ ഏൽപ്പിക്കുമെന്നത്. ഈ ആവശ്യത്തിൽ നിന്നാണ് പെറ്റ് ബോർഡിംഗ്, പെറ്റ് ഡേകെയർ തുടങ്ങിയ സേവനങ്ങൾ വളർന്നുവന്നത്. വളർത്തുമൃഗങ്ങളെ സുരക്ഷിതമായി പാർപ്പിക്കാനും ഭക്ഷണം നൽകാനും കളിപ്പിക്കാനും ആവശ്യമായ പരിചരണം ഉറപ്പാക്കാനും ഇത്തരം സ്ഥാപനങ്ങൾ സഹായിക്കുന്നു. ചില സ്ഥാപനങ്ങൾ ക്യാമറയിലൂടെ വളർത്തുമൃഗങ്ങളുടെ ദൃശ്യങ്ങൾ ഉടമകൾക്ക് നേരിട്ട് കാണാനുള്ള സൗകര്യവും നൽകുന്നു. പെറ്റ്-ഫ്രണ്ട്ലി ഹോട്ടലുകൾ, റിസോർട്ടുകൾ, കഫേകൾ എന്നിവയുടെ വളർച്ചയും ഈ വിപണിയുടെ മറ്റൊരു മുഖമാണ്. വളർത്തുമൃഗങ്ങളെയും ഒപ്പം കൊണ്ടുപോകാൻ കഴിയുന്ന യാത്രാസൗകര്യങ്ങൾ തേടുന്നവരുടെ എണ്ണം വർധിക്കുന്നതോടെ ടൂറിസം മേഖലയിലും പുതിയ ബിസിനസ് സാധ്യതകൾ തുറക്കുകയാണ്.
കേരളത്തിലും വളരുന്ന സാധ്യതകൾ
വളർത്തുമൃഗങ്ങളോടുള്ള സ്നേഹത്തിന് വലിയ സ്ഥാനമുള്ള സംസ്ഥാനമാണ് കേരളം. നഗരപ്രദേശങ്ങളിൽ പ്രത്യേകിച്ച് കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് തുടങ്ങിയ ഇടങ്ങളിൽ പെറ്റ് ഷോപ്പുകൾ, വെറ്ററിനറി ക്ലിനിക്കുകൾ, ഗ്രൂമിങ് സെന്ററുകൾ, പെറ്റ് ബോർഡിങ് സേവനങ്ങൾ എന്നിവയ്ക്ക് കൂടുതൽ സാധ്യതകളുണ്ട്. കേരളത്തിലെ കാലാവസ്ഥയും ജീവിതശൈലിയും പരിഗണിച്ചുള്ള പ്രത്യേക പെറ്റ് കെയർ ഉൽപ്പന്നങ്ങൾക്കും വിപണിയുണ്ട്.
ചൂടും ഈർപ്പവും കൂടുതലുള്ള സാഹചര്യങ്ങളിൽ വളർത്തുമൃഗങ്ങളുടെ ചർമസംരക്ഷണം, ഭക്ഷണക്രമം, ആരോഗ്യപരിപാലനം എന്നിവയ്ക്ക് കൂടുതൽ ശ്രദ്ധ ആവശ്യമാണ്. വീട്ടിൽ തന്നെ ചെറിയ രീതിയിൽ പെറ്റ് ഫുഡ് നിർമ്മാണം, പെറ്റ് ആക്സസറീസ്, ഹോം ഗ്രൂമിങ്, പെറ്റ് ഫോട്ടോഗ്രഫി തുടങ്ങിയ സംരംഭങ്ങൾ ആരംഭിക്കാനും കഴിയും. വലിയ നിക്ഷേപമില്ലാതെ തുടങ്ങാവുന്ന ചില സേവനങ്ങൾ സംരംഭകർക്കും ചെറുകിട ബിസിനസുകൾക്കും അവസരമൊരുക്കുന്നു.
സ്നേഹത്തിനൊപ്പം ഉത്തരവാദിത്തവും
പെറ്റ് ഇക്കോണമി വളരുമ്പോൾ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം മൃഗങ്ങളുടെ ക്ഷേമമാണ്. വളർത്തുമൃഗങ്ങളെ ഒരു ബിസിനസ് ഉൽപ്പന്നമായി മാത്രം കാണുന്ന സമീപനം ഒഴിവാക്കേണ്ടതുണ്ട്. ഗുണനിലവാരമുള്ള ഭക്ഷണം, ശാസ്ത്രീയമായ ചികിത്സ, സുരക്ഷിതമായ പരിചരണം, മൃഗങ്ങളോടുള്ള കരുതൽ എന്നിവയ്ക്ക് മുൻഗണന നൽകണം. വളർത്തുമൃഗങ്ങളെ വാങ്ങുന്നതിനൊപ്പം ദത്തെടുക്കുന്നതിനും പ്രാധാന്യം നൽകേണ്ടതുണ്ട്. തെരുവുനായകളുടെയും ഉപേക്ഷിക്കപ്പെട്ട മൃഗങ്ങളുടെയും സംരക്ഷണം ഈ മേഖലയിലെ സാമൂഹിക ഉത്തരവാദിത്തത്തിന്റെ ഭാഗമാണ്. ലാഭത്തിനൊപ്പം മൃഗങ്ങളുടെ ആരോഗ്യവും ക്ഷേമവും ഉറപ്പാക്കുന്ന ബിസിനസ് മാതൃകകൾക്കാണ് ദീർഘകാല പ്രസക്തിയുണ്ടാകുക.
കോടികളുടെ സാധ്യതയുള്ള പുതിയ വിപണി
മനുഷ്യരും വളർത്തുമൃഗങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ആഴത്തിലാകുമ്പോൾ അവയുടെ പരിചരണത്തിനായി ചെലവഴിക്കുന്ന തുകയും വർധിക്കുകയാണ്. ഭക്ഷണം, ചികിത്സ, സൗന്ദര്യസംരക്ഷണം, യാത്ര, വിനോദം തുടങ്ങി നിരവധി മേഖലകളിലേക്ക് വ്യാപിക്കുന്ന പെറ്റ് ഇക്കോണമി പുതിയ സംരംഭകർക്കും നിക്ഷേപകർക്കും വലിയ സാധ്യതകളാണ് മുന്നോട്ടുവയ്ക്കുന്നത്. ഒരുകാലത്ത് വീടിന്റെ മുറ്റത്ത് കാവൽ നിന്നിരുന്ന വളർത്തുമൃഗങ്ങൾ ഇന്ന് കുടുംബത്തിന്റെ സ്വീകരണമുറിയിലേക്കും യാത്രകളിലേക്കും ജീവിതത്തിലെ പ്രധാന നിമിഷങ്ങളിലേക്കും എത്തിക്കഴിഞ്ഞു. അവയോടുള്ള സ്നേഹം പുതിയൊരു വിപണിക്ക് ജന്മം നൽകുമ്പോൾ ഒരു കാര്യം വ്യക്തമാണ്: മനുഷ്യരുടെ ജീവിതത്തിൽ വളർത്തുമൃഗങ്ങൾക്കുള്ള സ്ഥാനം മാറിയതുപോലെ സമ്പദ്വ്യവസ്ഥയിലും അവയുടെ സ്വാധീനം വർധിക്കുകയാണ്. സ്നേഹത്തിന് വിലയിടാനാകില്ല. പക്ഷേ ആ സ്നേഹത്തെ ചുറ്റിപ്പറ്റി വളരുന്ന ബിസിനസിന് ഇന്ന് വലിയൊരു വിപണിമൂല്യമുണ്ട്.
English Summary
We have witnessed a significant shift in the way people view their pets over the years. There was a time when dogs were kept primarily to guard homes and cats to catch mice. Today, however, that perception has changed dramatically. People no longer see pets merely as animals but consider them integral members of their families. They have names, special diets, medical care, birthday celebrations and even receive special attention when the family travels. This growing emotional bond between humans and their pets has also paved the way for an entirely new economic sector. This is the 'Pet Economy', which is expanding rapidly across the world.
Follow TheProfit.news on Google
Choose TheProfit.news as a preferred source to help find our business and finance news on Google.
Open Google Preferred Sources



