ഇന്ത്യൻ റെയിൽവേയുടെ പുതിയ പ്രീമിയം രാത്രികാല സർവീസായ വന്ദേ ഭാരത് സ്ലീപ്പറിൽ തത്കാൽ ക്വാട്ട ഒഴിവാക്കാനും, പകരം തുടക്കം മുതലേ ജനറൽ റിസർവേഷൻ ക്വാട്ടയിലൂടെ ബെർത്തുകൾ ബുക്ക് ചെയ്യാനുള്ള സൗകര്യം നൽകാനും റെയിൽവേ തീരുമാനിച്ചിട്ടുണ്ട്. ആർഎസി സംവിധാനവും ഇതിൽ ഒഴിവാക്കിയിട്ടുണ്ട്. യാത്രാ നിരക്കുകൾ കുറച്ചുനിർത്തുന്നതിനാൽ റെയിൽവേയ്ക്ക് വലിയ നഷ്ടമാണ് ഉണ്ടാകുന്നതെങ്കിലും 2025 സാമ്പത്തിക വർഷത്തിൽ യാത്രാ സർവീസുകളിൽ 63,721 കോടി രൂപയുടെ പ്രവർത്തന നഷ്ടമുണ്ടായപ്പോൾ ചരക്കുനീക്കത്തിൽ 50,505 കോടി രൂപ ലാഭമുണ്ടായി. എന്നാൽ അവസാന നിമിഷം കൂടുതൽ നിരക്ക് ഈടാക്കുന്ന തത്കാൽ രീതി വന്ദേ ഭാരത് സ്ലീപ്പറിൽ ഒഴിവാക്കിയത് ശ്രദ്ധേയമാണ്.
മുൻകൂട്ടി ബുക്ക് ചെയ്യാം
നേരത്തെ രാജധാനി, ശതാബ്ദി, ദുരന്തോ ട്രെയിനുകളിൽ കൊണ്ടുവന്ന ഫ്ലെക്സി-ഫെയർ പോലെയുള്ള നിരക്ക് വർദ്ധനവ് പല റൂട്ടുകളിലും വിമാന ടിക്കറ്റിനേക്കാൾ ട്രെയിൻ ടിക്കറ്റിന് വില കൂടാൻ കാരണമാവുകയും, യാത്രക്കാരുടെ എണ്ണവും സീറ്റുകളുടെ ഒക്യുപെൻസിയും കുറയ്ക്കുകയും ചെയ്ത അനുഭവം റെയിൽവേയ്ക്ക് മുന്നിലുണ്ട്. രാത്രികാല യാത്ര ആസൂത്രണം ചെയ്യുന്നവർ ബസ്, വിമാനം, ട്രെയിൻ എന്നിവയിൽ ഏത് തിരഞ്ഞെടുക്കണം എന്ന് തീരുമാനിക്കുമ്പോൾ, മുൻകൂട്ടി അറിയാവുന്നതും സ്ഥിരതയുള്ളതുമായ ടിക്കറ്റ് നിരക്ക് യാത്രക്കാരെ കൂടുതൽ ആകർഷിക്കുമെന്നും മുൻകൂർ ബുക്കിംഗ് കൂട്ടുമെന്നുമാണ് റെയിൽവേ കരുതുന്നത്.
ലാഭം കൂട്ടാൻ ശ്രമം
വന്ദേ ഭാരത് സ്ലീപ്പറിലെ ആകെ 823 ബെർത്തുകളിൽ ഏകദേശം നാലിൽ മൂന്ന് ഭാഗവും എസി 3-ടയർ വിഭാഗത്തിലാണ് എന്നതും ഈ തീരുമാനത്തിന് പിന്നിലെ പ്രധാന കാരണമാണ്. സിഎജി റിപ്പോർട്ട് പ്രകാരം 2025 സാമ്പത്തിക വർഷത്തിൽ എസി 3-ടയർ വിഭാഗത്തിൽ 3,645 കോടി രൂപയുടെ പ്രവർത്തന ലാഭം റെയിൽവേയ്ക്ക് ലഭിച്ചിരുന്നു . സ്ലീപ്പർ ക്ലാസ്സിൽ 19,158 കോടി രൂപ നഷ്ടമുണ്ടായ സ്ഥാനത്താണിത്. അതിനാൽ, അവസാന നിമിഷത്തെ ചെറിയൊരു വിഭാഗം യാത്രക്കാരിൽ നിന്ന് അധിക തുക വാങ്ങുന്നതിനേക്കാൾ, ലാഭകരമായ ഈ എസി 3-ടയർ ബെർത്തുകൾ പരമാവധി നിറച്ചെടുത്ത് മൊത്തത്തിലുള്ള ഒക്യുപെൻസി ഉയർത്തുന്നതാണ് കൂടുതൽ ലാഭകരമെന്ന് റെയിൽവേ കണക്കുകൂട്ടുന്നു.
വാണിജ്യ സാധ്യതകൾ
ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി വരുമാനമുണ്ടാക്കുന്നതിന് പകരം, മുൻകൂട്ടി അറിയാവുന്ന നിരക്കിലൂടെ സീറ്റുകൾ നിറയ്ക്കുകയും മറ്റു വരുമാന സ്രോതസ്സുകൾ തേടുകയും ചെയ്യുന്നതാണ് ദീർഘകാലാടിസ്ഥാനത്തിൽ നല്ലതെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. ഉദാഹരണത്തിന്, ജപ്പാനിലെ ജെആർ ഈസ്റ്റ് റെയിൽവേ സ്റ്റേഷനുകളിലെ റീട്ടെയിൽ, ഹോട്ടലുകൾ, റിയൽ എസ്റ്റേറ്റ് എന്നിവയിലൂടെയും, ഹോങ്കോങ്ങിലെ എംടിആർ സ്റ്റേഷനുകൾക്ക് ചുറ്റുമുള്ള ഭൂവികസനത്തിലൂടെയും റെയിൽ പ്ലസ് പ്രോപ്പർട്ടി മാതൃകയിലൂടെയും വരുമാനത്തിന്റെ വലിയൊരു ഭാഗം കണ്ടെത്തുന്നുണ്ട്. യാത്രക്കാരിൽ നിന്ന് മാത്രം കൂടുതൽ പണം ഈടാക്കാതെ, സുതാര്യമായ നിരക്കുകൾ നിലനിർത്തി ബെർത്തുകൾ നിറയ്ക്കുകയും സ്റ്റേഷനുകളെയും സ്ഥലങ്ങളെയും കേന്ദ്രീകരിച്ചുള്ള വാണിജ്യ സാധ്യതകൾ പ്രയോജനപ്പെടുത്തുകയും ചെയ്യുന്നതിലൂടെ റെയിൽവേയ്ക്ക് കൂടുതൽ സുസ്ഥിരമായ വരുമാനം നേടാൻ സാധിക്കും എന്നാണ് കരുതുന്നത് .
English Summary
Follow TheProfit.news on Google
Choose TheProfit.news as a preferred source to help find our business and finance news on Google.
Open Google Preferred Sources



