ഇന്ത്യയിലെ ജനപ്രിയ റം ബ്രാൻഡുകളിലൊന്നായ ഓൾഡ് മങ്കിന്റെ നിർമാതാക്കളായ മോഹൻ മീക്കിന് വൻ സാമ്പത്തിക തിരിച്ചടി. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതുമായി ബന്ധപ്പെട്ട് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI) ഏർപ്പെടുത്തിയ വിൽപന നിയന്ത്രണങ്ങൾക്കു പിന്നാലെ കമ്പനിയുടെ വരുമാനത്തിൽ കുത്തനെ ഇടിവ്. നടപ്പു സാമ്പത്തിക വർഷത്തിന്റെ ആദ്യ ആറുമാസത്തിൽ കമ്പനിയുടെ പ്രവർത്തന വരുമാനം 64 ശതമാനം കുറഞ്ഞ് 288 കോടി രൂപയായി.
മുൻവർഷം ഇതേ കാലയളവിൽ 792 കോടി രൂപയായിരുന്നു വരുമാനം. സെപ്റ്റംബറിൽ അവസാനിച്ച രണ്ടാം പാദത്തിൽ വരുമാനത്തിലെ ഇടിവ് കൂടുതൽ രൂക്ഷമായി. മുൻവർഷത്തെ ഇതേ പാദത്തിലെ 473 കോടി രൂപയിൽനിന്ന് 77 ശതമാനം കുറഞ്ഞ് 108 കോടി രൂപയായി വരുമാനം. മഹാരാഷ്ട്രയിലെ ഖോപോളിയിലുള്ള നിർമാണശാലയിൽ ഉൽപ്പാദിപ്പിക്കുന്ന ഓൾഡ് മങ്കിന്റെ മൂന്ന് വകഭേദങ്ങളുടെ വിൽപന തടഞ്ഞതാണ് കമ്പനിക്ക് തിരിച്ചടിയായത്.
എന്താണ് എഫ്എസ്എസ്എഐയുടെ നടപടി?
മഹാരാഷ്ട്രയിലെ ഖോപോളിയിലുള്ള മോഹൻ മീക്കിന്റെ നിർമാണശാലയിൽ നടത്തിയ പരിശോധനയ്ക്കു പിന്നാലെയാണ് എഫ്എസ്എസ്എഐ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. ന്യൂട്രൽ സ്പിരിറ്റിൽ റമ്മിന്റെ രുചി ലഭിക്കുന്നതിനായി ഫ്ലേവറിങ് ചേർത്ത ഉൽപ്പന്നങ്ങൾ സാധാരണ റം എന്ന പേരിൽ വിൽക്കാനാകില്ലെന്നാണ് അതോറിറ്റിയുടെ നിലപാട്. ഇത്തരം ഉൽപ്പന്നങ്ങൾ ‘റം ഫ്ലേവേഡ് സ്പിരിറ്റ്സ്’ എന്ന വിഭാഗത്തിലാണ് വിപണിയിലെത്തിക്കേണ്ടതെന്നും നിർദേശിച്ചു.
ഉൽപ്പന്നങ്ങളുടെ ലേബലിങ്ങിലും അതോറിറ്റി ചില അപാകതകൾ ചൂണ്ടിക്കാട്ടിയിരുന്നു. ‘7 Years Old Blended’, ‘Very Old Vatted’ തുടങ്ങിയ വിശേഷണങ്ങളുടെ ഉപയോഗവും പരിശോധനയ്ക്ക് വിധേയമായി. ഉൽപ്പന്നത്തിൽ ഫ്ലേവറിങ് ചേർത്തിട്ടുണ്ടെന്ന വിവരം ലേബലിൽ വ്യക്തമായി രേഖപ്പെടുത്തണമെന്നതാണ് പ്രധാന നിർദേശം.
കോടതിയെ സമീപിച്ചു; പിന്നീട് ഹർജി പിൻവലിച്ചു
എഫ്എസ്എസ്എഐയുടെ ഉത്തരവിനെതിരെ മഹാരാഷ്ട്രയിൽ ഓൾഡ് മങ്ക് നിർമിക്കുകയും കുപ്പികളിലാക്കുകയും ചെയ്യുന്ന മോഹൻ റോക്കി സ്പ്രിങ്വാട്ടർ ബ്രൂവറീസ് ബോംബെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ നവംബർ അഞ്ചിന് കമ്പനി ഹർജി പിൻവലിച്ചു. പുതുക്കിയ ലേബലുകൾ അംഗീകാരത്തിനായി നേരിട്ട് എഫ്എസ്എസ്എഐക്ക് സമർപ്പിക്കുമെന്ന് കമ്പനി കോടതിയെ അറിയിച്ചു.
ഉൽപ്പന്നത്തിന്റെ പഴക്കം സംബന്ധിച്ച ഏഴ് വർഷത്തെ അവകാശവാദം ഒഴിവാക്കാമെന്നും ഫ്ലേവറിങ് ചേർത്തിട്ടുണ്ടെന്ന വിവരം ലേബലിൽ കൂടുതൽ വ്യക്തമായി നൽകാമെന്നും കമ്പനി നേരത്തെ സമ്മതിച്ചിരുന്നു. എന്നാൽ ഹർജി പിൻവലിച്ചതുകൊണ്ട് വിൽപന നിയന്ത്രണങ്ങൾ നീങ്ങിയിട്ടില്ല.
50 കോടി രൂപയുടെ നഷ്ടമെന്ന് കമ്പനി
വിൽപന നിയന്ത്രണങ്ങൾ മൂലം കമ്പനിക്ക് ഏകദേശം 50 കോടി രൂപയുടെ നഷ്ടമുണ്ടായതായി ഒക്ടോബറിൽ ബോംബെ ഹൈക്കോടതിയിലെ വാദത്തിനിടെ കമ്പനിയുടെ അഭിഭാഷകർ അറിയിച്ചിരുന്നു. ഇതേ നടപടികൾ കാരണം മഹാരാഷ്ട്ര സർക്കാരിന് ഏകദേശം 350 കോടി രൂപയുടെ എക്സൈസ് വരുമാന നഷ്ടമുണ്ടായെന്നും കമ്പനി വാദിച്ചു. കൂടാതെ ഏകദേശം 300 തൊഴിലാളികൾക്ക് തൊഴിൽ ചെയ്യാൻ കഴിയാത്ത സാഹചര്യമുണ്ടായതായും കമ്പനി കോടതിയെ അറിയിച്ചു.
തിരിച്ചുവരവിനിടെ തിരിച്ചടി
വർഷങ്ങളായി വിൽപനയിൽ ഇടിവ് നേരിട്ടിരുന്ന ഓൾഡ് മങ്ക് അടുത്തിടെ വിപണിയിൽ ശക്തമായ തിരിച്ചുവരവ് നടത്തിയിരുന്നു. 2002ൽ എട്ട് മില്യൺ കെയ്സായിരുന്ന ബ്രാൻഡിന്റെ വാർഷിക വിൽപന 2013ൽ 4.1 മില്യൺ കെയ്സായി കുറഞ്ഞിരുന്നു. പിന്നീട് വിൽപനയിൽ തിരിച്ചുവരവ് നടത്തിയ ബ്രാൻഡ്, 2025ൽ 1.4 കോടി കെയ്സുകളുടെ വിൽപനയുമായി ഇന്ത്യയിലെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന റം ബ്രാൻഡായി മാറി.
2018ൽ ദീർഘകാല ചെയർമാനായിരുന്ന ബ്രിഗേഡിയർ കപിൽ മോഹന്റെ മരണത്തിനുശേഷമുണ്ടായ നേതൃത്വമാറ്റവും ബ്രാൻഡിന്റെ തിരിച്ചുവരവിൽ പ്രധാന ഘടകമായി. എന്നാൽ മഹാരാഷ്ട്രയിലെ വിൽപന നിയന്ത്രണങ്ങൾ കമ്പനിയുടെ വളർച്ചയ്ക്ക് പുതിയ വെല്ലുവിളിയായിരിക്കുകയാണ്.
English Summary
Mohan Meakin, the maker of Old Monk, one of India's most popular rum brands, has suffered a major financial setback. The company's revenue has declined sharply following sales restrictions imposed by the Food Safety and Standards Authority of India (FSSAI) over compliance with food safety standards. The company's revenue from operations fell by 64% to ₹288 crore in the first six months of the current financial year.
Follow TheProfit.news on Google
Choose TheProfit.news as a preferred source to help find our business and finance news on Google.
Open Google Preferred Sources



