2026 നവംബർ 23-ന് പുറത്തിറക്കിയ പ്രസ്താവന പ്രകാരം, ജെൻസൻ ഹുവാങ്ങിനെ എൻവിഡിയയുടെ പ്രസിഡന്റായും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായും ബോർഡ് അംഗമായും ഉടനടി പ്രാബല്യത്തിൽ വരുന്ന രീതിയിൽ തിരിച്ചെടുക്കാൻ കമ്പനിയുടെ ഡയറക്ടർ ബോർഡ് ഏകകണ്ഠമായി തീരുമാനിച്ചു. ഹുവാങ്ങുമായി നടത്തിയ തുടർച്ചയായ ചർച്ചകൾക്കും കൂടിക്കാഴ്ചകൾക്കും ശേഷമാണ് ബോർഡ് ഈ തീരുമാനമെടുത്തത്.
എന്തുകൊണ്ട് തിരിച്ചെടുക്കുന്നു ?
അദ്ദേഹത്തിന്റെ തുറന്ന സമീപനത്തിലും കമ്പനിയെ നയിക്കാനുള്ള കഴിവിലും ബോർഡിന് പൂർണ്ണ തൃപ്തിയുണ്ടായി. കൂടാതെ, ഈ തീരുമാനത്തിലേക്ക് എത്തുന്നതിനിടയിൽ അമേരിക്കൻ സർക്കാരിലെ മുതിർന്ന ഉദ്യോഗസ്ഥരിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ, ഹുവാങ്ങിന്റെ തിരിച്ചുവരവ് ദേശീയ സുരക്ഷയ്ക്ക് ഒരു ഭീഷണിയുമല്ലെന്ന് ബോർഡിന് ഉറപ്പായി. കമ്പനിയുടെ ഓഹരിയുടമകൾ, ജീവനക്കാർ, പങ്കാളികൾ, ഉപഭോക്താക്കൾ എന്നിവരുടെ താൽപ്പര്യത്തിന് ഇതാണ് ഏറ്റവും നല്ലതെന്ന് ബോർഡ് ചെയർമാനായ ഹാർവി സി. ജോൺസ് വ്യക്തമാക്കി . ഹാർവി ജോൺസ് ബോർഡ് ചെയർമാനായി തുടരും.താൽക്കാലിക സി.ഇ.ഒ എന്ന നിലയിൽ മികച്ച സേവനം നൽകിയ കൊളെറ്റ് ക്രെസിന് ബോർഡ് നന്ദിയും അറിയിച്ചു.
ജെൻസൺ ഹുവാങ്ങും നന്ദി പറഞ്ഞു
ഒരു പുതിയ വ്യാവസായിക വിപ്ലവത്തിന്റെ തുടക്കത്തിൽ ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട സാങ്കേതിക കമ്പനികളിലൊന്നായ എൻവിഡിയയെ നയിക്കാൻ വീണ്ടും തിരിച്ചെത്തുന്നതിൽ അതിയായ സന്തോഷവും വിനയവും ഉണ്ടെന്നാണ് ജെൻസൻ ഹുവാങ് പ്രതികരിച്ചത്. ബോർഡിന്റെ വിശ്വാസത്തിനും ചർച്ചകൾക്കും അദ്ദേഹം നന്ദി പറഞ്ഞു; അതോടൊപ്പം ബോർഡ് ചെയർമാൻ ഹാർവി ജോൺസ്, താൽക്കാലിക സി.ഇ.ഒ കൊളെറ്റ് ക്രെസ്, എക്സിക്യൂട്ടീവ് ടീം, ജീവനക്കാർ, നിക്ഷേപകർ, ലോകമെമ്പാടുമുള്ള പങ്കാളികൾ, കുടുംബാംഗങ്ങൾ എന്നിവർ നൽകിയ പിന്തുണയ്ക്കും അദ്ദേഹം നന്ദി രേഖപ്പെടുത്തി. പുതിയ ഉത്തരവാദിത്തം പുതുക്കിയ പ്രതിബദ്ധതയോടെ ഏറ്റെടുക്കുകയാണെന്നും എത്രയും വേഗം ജോലിയിലേക്ക് മടങ്ങാൻ കാത്തിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഹുവാങ് ഒരു വിദേശ രഹസ്യാന്വേഷണ നീക്കത്തിന്റെ ലക്ഷ്യമായിരുന്നു എന്ന അടുത്തിടെ വന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിൽ, സ്വതന്ത്ര ഡയറക്ടർമാർ മാത്രമുള്ള ഒരു സമിതി രൂപീകരിച്ച് അന്വേഷണം നടത്താൻ നേരത്തെ തീരുമാനിച്ചിരുന്നു. ആ അന്വേഷണം പൂർത്തിയാകുന്നതുവരെ തുടരുമെന്നും, അതിനോട് പൂർണ്ണമായി സഹകരിക്കുമെന്ന് ഹുവാങ് ഉറപ്പുനൽകിയിട്ടുണ്ടെന്നും ബോർഡ് വ്യക്തമാക്കി. ഇതിനുപുറമെ, വ്യാപാര നിയമപാലനവും ദേശീയ സുരക്ഷാ അപകടസാധ്യതകളും പരിശോധിക്കാൻ സ്വതന്ത്ര ഡയറക്ടർമാർ ഉൾപ്പെട്ട ‘നാഷണൽ സെക്യൂരിറ്റി ആൻഡ് എക്സ്പോർട്ട് കൺട്രോൾ കമ്മിറ്റി’യും അടുത്തിടെ രൂപീകരിച്ചു. കൂടാതെ, കമ്പനിയിലുടനീളമുള്ള നിയമപാലന പ്രവർത്തനങ്ങൾ നിരീക്ഷിക്കാനായി ചീഫ് കംപ്ലയൻസ് ഓഫീസർ എന്ന പുതിയ തസ്തികയിലേക്ക് നിയമനം നടത്താനും നിലവിലുള്ള സർക്കാർ അന്വേഷണങ്ങളുമായി തുടർന്നും സഹകരിക്കാനും എൻവിഡിയ തീരുമാനിച്ചിട്ടുണ്ട്.
ഓഹരി വില
ഹുവാങ്ങിന്റെ അപ്രതീക്ഷിത രാജിക്ക് പിന്നാലെ എൻവിഡിയയുടെ ഓഹരിവിലയിൽ വലിയ ഇടിവുണ്ടായിരുന്നു. കഴിഞ്ഞ ആഴ്ച മാത്രം ഏകദേശം 23 ശതമാനത്തോളം ഓഹരികൾ ഇടിഞ്ഞതും 2008-ന് ശേഷമുള്ള ഏറ്റവും മോശം ആഴ്ചയായി അത് മാറിയതും കമ്പനിയുടെ വിപണി മൂല്യത്തെ ബാധിച്ചു. സ്ഥാപകനായ ഹുവാങ് ഇല്ലാതെ മുന്നോട്ട് പോകുന്നതിൽ നിക്ഷേപകരും ജീവനക്കാരും ആശങ്ക പങ്കുവെക്കുകയും ഇലോൺ മസ്ക് അടക്കമുള്ളവർ തിരിച്ചുവരവിനെ പിന്തുണയ്ക്കുകയും ചെയ്തിരുന്നു. അതോടൊപ്പം, കഴിഞ്ഞ ആഴ്ച റിപ്പോർട്ട് ചെയ്ത മൂന്നാം പാദത്തിൽ 115.8 ബില്യൺ ഡോളറിന്റെ റെക്കോർഡ് വരുമാനം നേടാൻ എൻവിഡിയയ്ക്ക് സാധിച്ചതും കമ്പനിയുടെ ശക്തമായ എ.ഐ ഡിമാൻഡ് എടുത്തുകാണിച്ചു. ഹുവാങ് വീണ്ടും ചുമതലയേറ്റ വാർത്ത പുറത്തുവന്നതോടെ പ്രീ-മാർക്കറ്റ് വ്യാപാരത്തിൽ എൻവിഡിയ ഓഹരികൾ ഏകദേശം 26 ശതമാനത്തോളം കുതിച്ചുയർന്നു.
(Disclaimer: This does not constitute investment advice. Investors are advised to evaluate independently and consult with professional advisors before making any investments in the stock market, mutual funds, gold, or cryptocurrencies.)
English Summary
Follow TheProfit.news on Google
Choose TheProfit.news as a preferred source to help find our business and finance news on Google.
Open Google Preferred Sources



