കമ്പ്യൂട്ടറുകളിൽ വാട്സാപ്പ് വെബ് ഉപയോഗിക്കുന്നവർക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്റർ ജാഗ്രതാ നിർദ്ദേശം നൽകി. ലോഗിൻ ചെയ്ത നിലയിൽ തുടരുന്ന വാട്സാപ്പ് വെബ് സെഷനുകൾ സൈബർ തട്ടിപ്പുകാർ ദുരുപയോഗം ചെയ്ത് അക്കൗണ്ടുകൾ കൈക്കലാക്കാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
സാമ്പത്തിക തട്ടിപ്പുകൾക്ക് സാധ്യത
അക്കൗണ്ട് തുറന്നിട്ടാൽ മറ്റുള്ളവർക്ക് സ്വകാര്യ സന്ദേശങ്ങൾ കാണാനും, കോൺടാക്റ്റുകളും ഗ്രൂപ്പുകളും പരിശോധിക്കാനും, ഉടമയുടെ പേരിൽ സന്ദേശങ്ങൾ അയച്ച് സാമ്പത്തിക തട്ടിപ്പുകളോ ഫിഷിംഗ് തട്ടിപ്പുകളോ നടത്താനും സാധിക്കും. കൂടാതെ, ഓഫീസ് കമ്പ്യൂട്ടറുകൾ, മറ്റുള്ളവരുമായി പങ്കിടുന്ന സിസ്റ്റങ്ങൾ, പൊതുസ്ഥലങ്ങളിലെ കമ്പ്യൂട്ടറുകൾ എന്നിവ വഴി ഔദ്യോഗിക, സാമ്പത്തിക, രഹസ്യ വിവരങ്ങൾ കൈമാറുന്നത് ഒഴിവാക്കണമെന്നും നിർദ്ദേശമുണ്ട്.
ലോഗ് ഔട്ട് നിർബന്ധം
വാട്സാപ്പ് വെബ് ഉപയോഗിച്ചു കഴിഞ്ഞാൽ ബ്രൗസർ ടാബ് ക്ലോസ് ചെയ്തതുകൊണ്ട് മാത്രം സെഷൻ അവസാനിക്കില്ലെന്നും, നിർബന്ധമായും സ്വയം ലോഗ് ഔട്ട് ചെയ്യണമെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു. അത്യാവശ്യ ഘട്ടങ്ങളിൽ വിശ്വസനീയമായ കമ്പ്യൂട്ടറുകളിൽ ഉപയോഗിക്കേണ്ടി വന്നാൽ തന്നെ പ്രൈവറ്റ് അല്ലെങ്കിൽ ഇൻകോഗ്നിറ്റോ വിൻഡോ ഉപയോഗിക്കുകയും, ബ്രൗസർ അടയ്ക്കുന്നതിന് മുൻപ് ലോഗ് ഔട്ട് ചെയ്യുകയും വേണം. സൈബർ കഫേകൾ, ഹോട്ടലുകളിലെ കമ്പ്യൂട്ടറുകൾ, മറ്റുള്ളവരിൽ നിന്നും കടം വാങ്ങുന്ന ഉപകരണങ്ങൾ എന്നിവയിൽ വാട്സാപ്പ് വെബ് ഉപയോഗിക്കുന്നത് പൂർണ്ണമായും ഒഴിവാക്കാനും ഏജൻസി നിർദ്ദേശിക്കുന്നു.
സുരക്ഷാ സോഫ്റ്റ് വെയറുകൾ ഉപയോഗിക്കണം
അക്കൗണ്ടിൽ നിന്നും അറിയാതെ സന്ദേശങ്ങൾ പോവുകയോ, കോൺടാക്റ്റുകളിൽ നിന്നും അസാധാരണമായ മറുപടികൾ ലഭിക്കുകയോ ചെയ്താൽ ഉടൻ തന്നെ ഗൗരവമായി എടുക്കണം. ഉപകരണങ്ങൾ, ഓപ്പറേറ്റിംഗ് സിസ്റ്റം, ബ്രൗസർ എന്നിവ കൃത്യമായി അപ്ഡേറ്റ് ചെയ്യാനും സുരക്ഷാ സോഫ്റ്റ്വെയറുകൾ ഉപയോഗിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്. സംശയാസ്പദമായ ലിങ്കുകളോ ഫയലുകളോ ഡൗൺലോഡ് ചെയ്യാതിരിക്കാനും, അനധികൃത സോഫ്റ്റ്വെയറുകൾ ഒഴിവാക്കാനും ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.
English Summary
Follow TheProfit.news on Google
Choose TheProfit.news as a preferred source to help find our business and finance news on Google.
Open Google Preferred Sources



