സന്യാസ സഭയിൽ ചേർന്നതുകൊണ്ട് മാത്രം ഒരാൾക്ക് സ്വത്തവകാശം നിഷേധിക്കാൻ കഴിയില്ലെന്ന് കേരളം ഹൈക്കോടതി വ്യക്തമാക്കി. കോഴിക്കോട് മുത്തപ്പൻപുഴയിൽ സർക്കാർ ഏറ്റെടുത്ത 3.295 ഏക്കർ ഭൂമിയുടെ നഷ്ടപരിഹാരത്തുകയായ 3.74 കോടിയിലധികം രൂപ ആറ് സഹോദരങ്ങൾക്കും തുല്യമായി വീതിച്ചു നൽകണമെന്ന കീഴ്ക്കോടതി ഉത്തരവിനെതിരെ 66-കാരനായ ജോസ് എ.എം നൽകിയ ഹർജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് ജി. ഗിരീഷ് ഈ വിധി പ്രസ്താവിച്ചത്. കന്യാസ്ത്രീയായി മാറിയ സഹോദരി ലൗകിക ജീവിതം ഉപേക്ഷിച്ചതിലൂടെ സിവിൽ മരണം സംഭവിച്ചുവെന്നും അതിനാൽ പിതാവിന്റെ സ്വത്തിൽ അവകാശമില്ലെന്നുമായിരുന്നു ജോസിന്റെ വാദം. എന്നാൽ ഇന്ത്യൻ പിന്തുടർച്ചാവകാശ നിയമപ്രകാരം ക്രൈസ്തവ വൈദികർക്കും കന്യാസ്ത്രീകൾക്കും സ്വത്തവകാശത്തിൽ യാതൊരു വിവേചനവുമില്ലെന്നും, സന്യാസ ജീവിതം സ്വീകരിച്ചതുകൊണ്ട് മാത്രം സ്വത്തവകാശം നഷ്ടപ്പെടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. വ്യക്തിനിയമങ്ങളേക്കാളും ആചാരങ്ങളേക്കാളും നിയമസഭ പാസാക്കിയ നിയമങ്ങൾക്കാണ് പ്രാധാന്യമെന്ന സുപ്രീം കോടതി വിധിയും ഹൈക്കോടതി എടുത്തുപറഞ്ഞു.
സ്വത്തിന് അർഹത
തറവാട്ടിൽ നിന്നും മാറിത്താമസിച്ചതിനാൽ മറ്റ് സഹോദരങ്ങൾക്ക് നഷ്ടപരിഹാരത്തോടൊപ്പം ലഭിക്കുന്ന അധിക തുകയിൽ അർഹതയില്ലെന്ന ജോസിന്റെ വാദവും കോടതി തള്ളി. തറവാട്ടിൽ നിന്നും മാറിത്താമസിച്ചു എന്നതുകൊണ്ട് ആ സ്ഥലത്തോടുള്ള വൈകാരിക അടുപ്പം സഹോദരങ്ങൾക്ക് നഷ്ടപ്പെട്ടുവെന്ന് പറയാനാവില്ലെന്നും, സ്വത്ത് കൈകാര്യം ചെയ്യുന്ന സഹ-ഉടമ എന്ന നിലയിൽ ഈ തുക മുഴുവൻ സ്വന്തമാക്കാൻ ജോസിന് പ്രത്യേക അവകാശമില്ലെന്നും കോടതി വ്യക്തമാക്കി.
രജിസ്റ്റർ ചെയ്തിരിക്കണം
ഒരു സഹോദരൻ കുടുംബസ്വത്തിലുള്ള തന്റെ അവകാശം ഒത്തുതീർപ്പ് കരാറിലൂടെ ഒഴിഞ്ഞുകൊടുത്തിട്ടുണ്ടെന്ന വാദവും കോടതി അംഗീകരിച്ചില്ല. സ്ഥാവര സ്വത്തിന്മേലുള്ള അവകാശം ഇല്ലാതാക്കുന്ന രേഖ രജിസ്ട്രേഷൻ നിയമപ്രകാരം നിർബന്ധമായും രജിസ്റ്റർ ചെയ്തിരിക്കണമെന്നും, രജിസ്റ്റർ ചെയ്യാത്ത ഈ കരാർ നിയമപരമായി നിലനിൽക്കില്ലെന്നും കോടതി വ്യക്തമാക്കി. സിംഗിൾ ബെഞ്ചിന്റെ ഈ വിധിക്കെതിരെ ഹർജിക്കാരൻ അപ്പീൽ നൽകിയിട്ടുണ്ട്.
English Summary
Follow TheProfit.news on Google
Choose TheProfit.news as a preferred source to help find our business and finance news on Google.
Open Google Preferred Sources



