ലോകത്ത് ഏറ്റവും കൂടുതൽ എണ്ണയും പ്രകൃതിവാതകവും ഉള്ള രാജ്യങ്ങളിലൊന്നാണ് ഇറാൻ. എന്നിട്ടും, ഈ ശൈത്യകാലത്ത് കടുത്ത വൈദ്യുതി നിയന്ത്രണത്തിലേക്കും ഊർജ്ജ പ്രതിസന്ധിയിലേക്കും ഇറാൻ നീങ്ങുകയാണ്. അമേരിക്കയുടെ കടുത്ത സാമ്പത്തിക ഉപരോധങ്ങളും, തുറമുഖങ്ങൾക്ക് മേലുള്ള നാവിക ഉപരോധവും, ഊർജ്ജ നിലയങ്ങൾക്ക് നേരെയുണ്ടായ ആക്രമണങ്ങളും ഇറാന്റെ സമ്പദ്വ്യവസ്ഥയെയും സാധാരണക്കാരുടെ ജീവിതത്തെയും എത്രത്തോളം ആഴത്തിൽ ബാധിക്കുന്നു എന്ന് നോക്കാം.
വൈദ്യുതി നിയന്ത്രണം എല്ലാ മേഖലയിലും .
ലോകത്ത് വലിയ എണ്ണ-പ്രകൃതിവാതക ശേഖരമുണ്ടായിട്ടും, ശൈത്യകാലം അടുക്കുന്നതിനിടെ ഇറാൻ കടുത്ത ഊർജ്ജ പ്രതിസന്ധിയും വൈദ്യുതി നിയന്ത്രണവും നേരിടുകയാണ്. യുഎസ്-ഇസ്രായേൽ ആക്രമണങ്ങളിൽ ഗ്യാസ് പ്ലാന്റുകൾക്കും പവർ പ്ലാന്റുകൾക്കും കേടുപാടുകൾ സംഭവിച്ചതും, ഇറാനിയൻ തുറമുഖങ്ങൾക്ക് മേലുള്ള യുഎസ് നാവിക ഉപരോധവും കടുത്ത ഉപരോധങ്ങളും രാജ്യത്തിന്റെ ഊർജ്ജ വിതരണത്തെ ഗുരുതരമായി ബാധിച്ചു. സാധാരണയായി രാജ്യത്തെ വൈദ്യുതിയുടെ വലിയൊരു പങ്കും പ്രകൃതിവാതകത്തിൽ നിന്നാണ് ഉൽപ്പാദിപ്പിക്കുന്നത്; എന്നാൽ ഗ്യാസ് ക്ഷാമം രൂക്ഷമായതോടെ, പ്രവിശ്യകളിൽ ദിവസേനയുള്ള വൈദ്യുതി നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ അധികൃതർ നിർബന്ധിതരായി. പ്രസിഡന്റ് മസൂദ് പെസെഷ്കിയൻ തന്നെ ഓഫീസിലെ ലൈറ്റുകൾ കുറച്ചും ജനങ്ങളോട് വൈദ്യുതി ലാഭിക്കാൻ അഭ്യർത്ഥിച്ചും മാതൃക കാണിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.
തൊഴിൽ നഷ്ടം
വൈദ്യുതി-വാതക ക്ഷാമം രാജ്യത്തിന്റെ വ്യാവസായിക ഉൽപ്പാദനത്തെയും തൊഴിൽ മേഖലയെയും വലിയ തോതിൽ തളർത്തിയിട്ടുണ്ട്. യുദ്ധവും ഊർജ്ജ പ്രതിസന്ധിയും കാരണം ഇതിനോടകം ലക്ഷക്കണക്കിന് ആളുകൾക്ക് തൊഴിൽ നഷ്ടപ്പെട്ടതായും, വാതക ക്ഷാമം തുടർന്നാൽ തൊഴിൽ നഷ്ടം പത്ത് ലക്ഷത്തിലധികം പേരിലേക്ക് ഉയരാമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. നേരത്തെ തന്നെ സബ്സിഡികൾ, കാര്യക്ഷമതക്കുറവ്, നിക്ഷേപക്കുറവ് എന്നിവ മൂലം ഇറാന്റെ ഊർജ്ജ മേഖലയിൽ അസന്തുലിതാവസ്ഥ നിലനിന്നിരുന്നുവെങ്കിലും, ഉപരോധങ്ങളും സൈനിക ആക്രമണങ്ങളും ചേർന്നതോടെ പ്രതിസന്ധി കൂടുതൽ രൂക്ഷമായി.
ഉപരോധങ്ങൾ കൂനിന്മേൽ കുരു
സാമ്പത്തിക രംഗത്തും ഈ ഉപരോധങ്ങളും നാവിക ഉപരോധവും കനത്ത ആഘാതമാണ് ഏൽപ്പിച്ചിരിക്കുന്നത്. എണ്ണ വരുമാനം കുറഞ്ഞതും വ്യാപാര തടസ്സങ്ങളും കാരണം രാജ്യത്ത് പണപ്പെരുപ്പം കുതിച്ചുയരുകയും, ഭക്ഷ്യവസ്തുക്കൾ ഉൾപ്പെടെയുള്ള അവശ്യസാധനങ്ങളുടെ വില ക്രമാതീതമായി വർദ്ധിക്കുകയും ചെയ്തിട്ടുണ്ട്. സാമ്പത്തിക വളർച്ചയിൽ വലിയ ഇടിവ് പ്രവചിക്കപ്പെടുന്ന ഈ സാഹചര്യത്തിൽ, ഉപരോധങ്ങളിൽ ഇളവുകളും അന്താരാഷ്ട്ര നിക്ഷേപവും ലഭിക്കാതെ ഊർജ്ജ-സാമ്പത്തിക പ്രതിസന്ധിക്ക് വേഗത്തിൽ പരിഹാരം കാണുക ബുദ്ധിമുട്ടായിരിക്കുകയാണ്.
English Summary
Follow TheProfit.news on Google
Choose TheProfit.news as a preferred source to help find our business and finance news on Google.
Open Google Preferred Sources



