ദില്ലിയിൽ നിന്ന് നാഗാലാൻഡിലേക്ക് വീട്ടുസാധനങ്ങൾ മാറ്റാൻ 1.15 ലക്ഷം രൂപ നൽകിയിട്ടും കൃത്യമായ സേവനം ലഭിക്കാത്ത സ്ത്രീക്ക് 3.5 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് ഉപഭോക്തൃ കമ്മീഷൻ. സാധനങ്ങൾ നഷ്ടപ്പെട്ടതിനും വീട്ടുപകരണങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതിനും സാധനങ്ങൾ വൈകിയെത്തിയതിനും നഷ്ടപരിഹാരം നൽകണമെന്നാണ് സൗത്ത് ദില്ലി ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷന്റെ വിധി.
പാക്കേഴ്സ് ആൻഡ് മൂവേഴ്സ് സ്ഥാപനവും അർബൻ കമ്പനിയും ചേർന്നാണ് നഷ്ടപരിഹാരം നൽകേണ്ടത്. സേവനത്തിലെ വീഴ്ചയ്ക്കും സാധനങ്ങൾ നഷ്ടപ്പെട്ടതിനും പാക്കേഴ്സ് ആൻഡ് മൂവേഴ്സ് സ്ഥാപനം 3 ലക്ഷം രൂപയും മാനസിക ബുദ്ധിമുട്ടുകൾക്കും നിയമനടപടികളുടെ ചെലവിനുമായി അർബൻ കമ്പനി 50,000 രൂപയും നൽകണം.
2020 സെപ്റ്റംബറിലാണ് ദിമാപൂർ സ്വദേശിയായ ലോങ്ചാർ വീട്ടുസാധനങ്ങളും ഇലക്ട്രോണിക് ഉപകരണങ്ങളും ഫർണിച്ചറും കാറും ദില്ലിയിൽ നിന്ന് നാഗാലാൻഡിലേക്ക് മാറ്റാൻ അർബൻ കമ്പനി ആപ്പ് വഴി സേവനം ബുക്ക് ചെയ്തത്. ഇതിനായി 1.15 ലക്ഷം രൂപ നൽകിയിരുന്നു. രണ്ടാഴ്ചയ്ക്കുള്ളിൽ സാധനങ്ങൾ എത്തിക്കുമെന്നായിരുന്നു ഉറപ്പ്.
എന്നാൽ, കാർ ഒക്ടോബർ 23നും വീട്ടുസാധനങ്ങൾ നവംബർ 19നുമാണ് എത്തിയത്. സാധനങ്ങൾ പരിശോധിച്ചപ്പോൾ അയച്ച 93 വീട്ടുപകരണങ്ങളിൽ 23 എണ്ണം കാണാനില്ലെന്ന് കണ്ടെത്തി. എയർ കണ്ടീഷണർ പൂർണമായും തകർന്ന നിലയിലായിരുന്നു. എൽഇഡി ടിവി, പാത്രങ്ങൾ, മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവയ്ക്കും കേടുപാടുകൾ സംഭവിച്ചിരുന്നു.
ആദ്യഘട്ടത്തിൽ ഉത്തരവാദിത്തം ഏറ്റെടുക്കാൻ പാക്കേഴ്സ് ആൻഡ് മൂവേഴ്സ് സ്ഥാപനം തയ്യാറായില്ലെന്നാണ് പരാതി. കേടായ എയർ കണ്ടീഷണറിന് 25,000 രൂപ നൽകാമെന്നും കാണാതായ സാധനങ്ങൾ കൊറിയർ വഴി അയച്ചുതരാമെന്നും വാഗ്ദാനം ചെയ്തെങ്കിലും അത് പാലിച്ചില്ല. തുടർന്നാണ് യുവതി ഉപഭോക്തൃ കമ്മീഷനെ സമീപിച്ചത്.
ഉപഭോക്താക്കളെയും സേവനദാതാക്കളെയും ബന്ധിപ്പിക്കുന്ന ഇടനിലക്കാർ മാത്രമാണ് തങ്ങളെന്ന അർബൻ കമ്പനിയുടെ വാദം കമ്മീഷൻ അംഗീകരിച്ചില്ല. കമ്പനിയുടെ പ്ലാറ്റ്ഫോമിൽ പാക്കേഴ്സ് സ്ഥാപനത്തിന് ഉയർന്ന റേറ്റിങ് ഉണ്ടായിരുന്നതും ഉപഭോക്താവ് സേവനം തിരഞ്ഞെടുക്കാൻ ഇത് കാരണമായതും കമ്മീഷൻ പരിഗണിച്ചു.
സേവനത്തിലെ വീഴ്ചയും സാധനങ്ങൾ നഷ്ടപ്പെട്ടതും കേടുപാടുകൾ സംഭവിച്ചതും കണക്കിലെടുത്താണ് നഷ്ടപരിഹാരം നൽകാൻ സൗത്ത് ദില്ലി ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ഉത്തരവിട്ടത്. ഉത്തരവ് ലഭിച്ച് മൂന്ന് മാസത്തിനകം തുക നൽകണമെന്നും നിർദേശിച്ചിട്ടുണ്ട്.
English Summary
A consumer commission has ordered compensation of ₹3.5 lakh for a woman who paid ₹1.15 lakh to transport her household belongings from Delhi to Nagaland but did not receive the promised service. The South Delhi District Consumer Disputes Redressal Commission ruled that compensation must be paid for missing items, damage to household appliances, and delays in delivery. The packers and movers firm and Urban Company have been directed to jointly provide the compensation.
Follow TheProfit.news on Google
Choose TheProfit.news as a preferred source to help find our business and finance news on Google.
Open Google Preferred Sources



