സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും നേരിയ വർധന. ഇന്ന് 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് വർധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 13,085 രൂപയായി. ഒരു പവൻ സ്വർണത്തിന്റെ വില 1,04,680 രൂപയുമായി. കഴിഞ്ഞ ആഴ്ചകളിൽ സ്വർണവിലയിൽ വൻ ഇടിവാണുണ്ടായത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഏകദേശം 7000 രൂപയോളം കുറവ് രേഖപ്പെടുത്തിയിരുന്നു. അതേസമയം വെള്ളിവില ഇന്നും കുറഞ്ഞ് തന്നെയാണ് നിൽക്കുന്നത്. ഒരു ഗ്രാമിന് 220 രൂപയും, ഒരു കിലോഗ്രാമിന് 2,20,000 രൂപയുമാണ് ഇന്നത്തെ വെള്ളിവില.
ഇന്ത്യൻ വിപണിയിലെ സ്വർണവിലയെ പ്രധാനമായും സ്വാധീനിക്കുന്നത് രാജ്യാന്തര വിപണിയിലെ വിലമാറ്റങ്ങളാണ്. അമേരിക്കൻ ഡോളറിന്റെ മൂല്യം, പലിശനിരക്കുകൾ ഉയർന്ന നിലയിൽ തുടരാനുള്ള സാധ്യത, അമേരിക്കൻ ട്രഷറി ബോണ്ടുകളുടെ വരുമാനത്തിലെ മാറ്റങ്ങൾ എന്നിവ സ്വർണവില നിർണയിക്കുന്ന പ്രധാന ഘടകങ്ങളാണ്. ക്രൂഡ് ഓയിൽ വിലയിലും പലിശനിരക്കുകളെക്കുറിച്ചുള്ള പ്രതീക്ഷകളിലുമുണ്ടാകുന്ന മാറ്റങ്ങളും സ്വർണവിലയെ ബാധിക്കുന്നു.
സ്വർണത്തിൽ നിന്ന് പലിശ വരുമാനം ലഭിക്കാത്തതിനാൽ, ബോണ്ടുകളുടെ വരുമാനം ഉയരുമ്പോൾ നിക്ഷേപകർ സ്വർണത്തിൽ നിന്ന് മറ്റ് നിക്ഷേപങ്ങളിലേക്ക് മാറാൻ സാധ്യതയുണ്ട്. ഇത് സ്വർണവിലയിൽ സമ്മർദമുണ്ടാക്കാം. അതേസമയം, ക്രൂഡ് ഓയിൽ വിലയിലെ വർധന പണപ്പെരുപ്പ ആശങ്കകൾ ശക്തമാക്കുകയും ഫെഡറൽ റിസർവിന്റെ പലിശനിരക്ക് തീരുമാനങ്ങളെ സ്വാധീനിക്കുകയും ചെയ്യാം.
പലിശനിരക്കുകൾ ഉയർന്ന നിലയിൽ തുടരുന്നത് സ്വർണവിലയ്ക്ക് തിരിച്ചടിയാകുമ്പോൾ, ആഗോള സാമ്പത്തിക അനിശ്ചിതത്വവും വിവിധ രാജ്യങ്ങളിലെ കേന്ദ്രബാങ്കുകളുടെ സ്വർണം വാങ്ങലും വിലയ്ക്ക് പിന്തുണ നൽകുന്നു. ഈ ഘടകങ്ങളിലെ മാറ്റങ്ങളാണ് രാജ്യാന്തര വിപണിയിലെയും ഇന്ത്യയിലെയും സ്വർണവിലയിലെ ഏറ്റക്കുറച്ചിലുകൾക്ക് കാരണമാകുന്നത്.
English Summary
Follow TheProfit.news on Google
Choose TheProfit.news as a preferred source to help find our business and finance news on Google.
Open Google Preferred Sources



