ഇന്ത്യയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ), ക്ലൗഡ് കമ്പ്യൂട്ടിങ്, ഡാറ്റാ സെന്റര്‍ മേഖലകളിലെ വളര്‍ച്ച ലക്ഷ്യമിട്ട് വന്‍ നിക്ഷേപ പദ്ധതിയുമായി ടാറ്റ കമ്മ്യൂണിക്കേഷന്‍സ്. രാജ്യത്തെ പ്രധാന ഡാറ്റാ സെന്ററുകളെയും എഐ കേന്ദ്രങ്ങളെയും ബന്ധിപ്പിക്കുന്നതിനായി അടുത്ത മൂന്ന് മുതല്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ 450 മില്യണ്‍ ഡോളര്‍ വരെ നിക്ഷേപിച്ച് ‘എഐ സൂപ്പര്‍ ഹൈവേ’ എന്ന പേരില്‍ അതിവേഗ ഫൈബര്‍ ശൃംഖല വികസിപ്പിക്കാനാണ് കമ്പനിയുടെ പദ്ധതി. ഡാറ്റാ സെന്റര്‍ കണക്റ്റിവിറ്റി വിപണിയില്‍ 30-40 ശതമാനം വിഹിതമാണ് കമ്പനി ലക്ഷ്യമിടുന്നത്.
ഏകദേശം 10,000 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ശൃംഖലയ്ക്ക് 7.2 പെറ്റാബൈറ്റ് ശേഷിയുണ്ടാകുമെന്ന് ടാറ്റ കമ്മ്യൂണിക്കേഷന്‍സിന്റെ നെറ്റ്വര്‍ക്ക് സര്‍വീസസ് വിഭാഗം എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് രൂപേഷ് ചോക്ഷി പറഞ്ഞു. എഐ മോഡലുകളുടെ പരിശീലനം, വലിയ അളവിലുള്ള ഡാറ്റാ കൈമാറ്റം, ക്ലൗഡ് സേവനങ്ങള്‍, ഡിജിറ്റല്‍ ആപ്ലിക്കേഷനുകള്‍ എന്നിവയ്ക്ക് ആവശ്യമായ അതിവേഗ കണക്റ്റിവിറ്റിയാണ് പദ്ധതി ലക്ഷ്യമിടുന്നത്.
പ്രധാന നഗരങ്ങള്‍ റഡാറില്‍
ആദ്യഘട്ടത്തില്‍ മുംബൈ, പൂനെ, ഹൈദരാബാദ്, ചെന്നൈ എന്നീ നഗരങ്ങളെ ബന്ധിപ്പിക്കും. രണ്ടാംഘട്ടത്തില്‍ ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളില്‍നിന്ന് വിശാഖപട്ടണത്തേക്കും മൂന്നാംഘട്ടത്തില്‍ ഒഡീഷയിലെ ഭുവനേശ്വറിലേക്കും ഗുജറാത്തിലെ ഗിഫ്റ്റ് സിറ്റി, ജാംനഗര്‍ തുടങ്ങിയ കേന്ദ്രങ്ങളിലേക്കും ശൃംഖല വ്യാപിപ്പിക്കാനാണ് പദ്ധതി. മുംബൈ-ചെന്നൈ പാതയില്‍ ഡാറ്റയുടെ ഇരുവശത്തേക്കുമുള്ള കൈമാറ്റം 15-16 മില്ലിസെക്കന്‍ഡിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് കമ്പനിയുടെ കണക്കുകൂട്ടല്‍. ഉപഭോക്താക്കള്‍ക്ക് 400 ജിഗാബിറ്റ്, 800 ജിഗാബിറ്റ്, ടെറാബിറ്റ് തലത്തിലുള്ള കണക്റ്റിവിറ്റിയും നല്കാന് ശൃംഖല ലക്ഷ്യമിടുന്നു.
ഇന്ത്യയിലെ ഡാറ്റാ സെന്റര്‍ കണക്റ്റിവിറ്റി വിപണി ഇടക്കാലയളവില്‍ ഒരു ബില്യണ്‍ ഡോളര്‍ കവിയാമെന്നാണ് കമ്പനിയുടെ വിലയിരുത്തല്‍. എഐ സേവനദാതാക്കള്‍, വലിയ ക്ലൗഡ് കമ്പനികള്‍, സോഫ്റ്റ്വെയര് സ്ഥാപനങ്ങള്‍, എഐ ഗവേഷണ കേന്ദ്രങ്ങള്‍ എന്നിവയാണ് പ്രധാന ഉപഭോക്തൃ വിഭാഗങ്ങള്‍. പദ്ധതിയുടെ ഉപഭോക്താക്കളുമായി ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ടെങ്കിലും ശൃംഖലയുമായി ബന്ധപ്പെട്ട കരാറുകളൊന്നും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.
വമ്പന്‍ ശൃംഖല
അന്താരാഷ്ട്ര കേബിള്‍ ശൃംഖലകളും ടാറ്റ കമ്മ്യൂണിക്കേഷന്‍സിന്റെ ആഗോള ഡിജിറ്റല്‍ അടിസ്ഥാനസൗകര്യവും പുതിയ പദ്ധതിക്ക് പിന്തുണയാകും. നിലവില്‍ 5 ലക്ഷത്തിലധികം കിലോമീറ്റര്‍ കടലിനടിയിലെ ഒപ്റ്റിക്കല്‍ ഫൈബറും രണ്ട് ലക്ഷത്തിലധികം കിലോമീറ്റര്‍ കരയിലുള്ള ഫൈബര്‍ ശൃംഖലയും കമ്പനിക്കുണ്ട്. എഐ കംപ്യൂട്ടിങ് ശേഷി വര്‍ധിക്കുന്നതിനനുസരിച്ച് ഡാറ്റാ കൈമാറ്റത്തിനുള്ള അടിസ്ഥാനസൗകര്യവും ശക്തിപ്പെടുത്തേണ്ട സാഹചര്യമാണുള്ളത്.
English Summary
Follow TheProfit.news on Google
Choose TheProfit.news as a preferred source to help find our business and finance news on Google.
Open Google Preferred Sources



