ഇന്റർനെറ്റ് വഴി ടെലിവിഷൻ ചാനലുകൾ സംപ്രേഷണം ചെയ്യുന്ന സേവനങ്ങൾക്ക് ലഘു നിയന്ത്രണ ചട്ടക്കൂട് ഏർപ്പെടുത്താൻ ശുപാർശ ചെയ്ത് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്). ഇന്റർനെറ്റ് അധിഷ്ഠിത ടിവി സേവനങ്ങൾക്ക് ഔദ്യോഗിക അംഗീകാരം നൽകുന്നതിനും പ്രവർത്തനങ്ങൾക്ക് വ്യക്തമായ ചട്ടങ്ങൾ കൊണ്ടുവരുന്നതിനുമുള്ള നിർദേശങ്ങളാണ് ട്രായ് മുന്നോട്ടുവച്ചത്.
സ്മാർട്ട് ടിവികളിൽ മുൻകൂട്ടി ലഭിക്കുന്ന ആപ്പുകൾ, മൊബൈൽ ഫോണുകളിലും സ്മാർട്ട് ടിവികളിലും ഡൗൺലോഡ് ചെയ്യാവുന്ന ആപ്പുകൾ, വെബ്സൈറ്റുകൾ എന്നിവയിലൂടെ നിശ്ചിത ടിവി ചാനലുകൾ സംപ്രേഷണം ചെയ്യുന്ന സേവനങ്ങളെയാണ് പുതിയ ചട്ടക്കൂടിൽ ഉൾപ്പെടുത്താൻ ശുപാർശ ചെയ്തിരിക്കുന്നത്. സൗജന്യമായി കാണാവുന്നതും പരസ്യങ്ങളിലൂടെ വരുമാനം നേടുന്നതുമായ ഫ്രീ ആഡ്-സപ്പോർട്ടഡ് സ്ട്രീമിങ് ടെലിവിഷൻ (FAST) സേവനങ്ങളും ഇതിന്റെ പരിധിയിൽ വരും.
സേവനദാതാക്കൾക്ക് അംഗീകാരം നൽകുന്നതിനായി 10,000 രൂപ അപേക്ഷാ ഫീസും ഒരു ലക്ഷം രൂപ ഒറ്റത്തവണ പ്രവേശന ഫീസും ഈടാക്കാനാണ് ട്രായിയുടെ ശുപാർശ. ആദ്യഘട്ടത്തിൽ 20 വർഷത്തേക്കായിരിക്കും അംഗീകാരത്തിന്റെ കാലാവധി. തുടർന്ന് പത്ത് വർഷം വീതമുള്ള കാലയളവിലേക്ക് പുതുക്കാനും നിർദേശമുണ്ട്. എന്നാൽ ആവർത്തിച്ചുള്ള അംഗീകാര ഫീസ്, ബാങ്ക് ഗ്യാരന്റി, സെക്യൂരിറ്റി ഡെപ്പോസിറ്റ് എന്നിവ വേണ്ടെന്നാണ് ശുപാർശ.
കേന്ദ്രസർക്കാരിന്റെ അനുമതിയോ അംഗീകാരമോ രജിസ്ട്രേഷനോ ഉള്ള ടിവി ചാനലുകൾ മാത്രമേ ഈ പ്ലാറ്റ്ഫോമുകളിലൂടെ വിതരണം ചെയ്യാൻ പാടുള്ളൂവെന്നും ട്രായ് ശുപാർശ ചെയ്തിട്ടുണ്ട്. ഇന്റർനെറ്റിനായി മാത്രമായി ആരംഭിക്കുന്ന ടിവി ചാനലുകൾക്ക് പ്രത്യേക രജിസ്ട്രേഷൻ സംവിധാനവും നിർദേശിച്ചിട്ടുണ്ട്. ഇത്തരം ചാനലുകൾക്ക് പത്ത് വർഷത്തെ രജിസ്ട്രേഷൻ കാലാവധിയും ഒരു ലക്ഷം രൂപ വാർഷിക രജിസ്ട്രേഷൻ ഫീസുമാണ് ശുപാർശ.
സ്മാർട്ട് ടിവി നിർമാതാക്കളും ഓപ്പറേറ്റിങ് സിസ്റ്റം ദാതാക്കളും അംഗീകാരമുള്ള ആപ്പുകൾ മാത്രമേ തങ്ങളുടെ ഉപകരണങ്ങളിലും ആപ്പ് സ്റ്റോറുകളിലും ലഭ്യമാക്കുന്നുള്ളൂവെന്ന് ഉറപ്പാക്കണം. ഇതിനായി കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം അംഗീകൃത ആപ്പുകളുടെ പട്ടിക തയ്യാറാക്കണമെന്നും നിർദേശമുണ്ട്.
ഇന്റർനെറ്റ് ടിവി സേവനങ്ങളുമായി ബന്ധപ്പെട്ട ഉപഭോക്തൃ പരാതികൾ കൈകാര്യം ചെയ്യുന്നതിനുള്ള പ്രധാന ഉത്തരവാദിത്തം സേവനദാതാക്കൾക്കായിരിക്കും. ഈ പ്ലാറ്റ്ഫോമുകളിലൂടെ കാണുന്ന ചാനലുകളുടെ പ്രേക്ഷക കണക്കുകൾ നിലവിലെ ടിവി പ്രേക്ഷക അളക്കൽ സംവിധാനത്തിൽ ഉൾപ്പെടുത്താനും ട്രായ് ശുപാർശ ചെയ്തിട്ടുണ്ട്.
അതേസമയം, ഇവ ട്രായിയുടെ ശുപാർശകളാണ്, സർക്കാർ അംഗീകരിച്ച് നടപ്പാക്കിയ ചട്ടങ്ങളല്ല. ഇന്റർനെറ്റ് അധിഷ്ഠിത ടിവി സേവനങ്ങൾക്ക് വ്യക്തമായ നിയമചട്ടക്കൂട് ഒരുക്കുന്നതിനൊപ്പം അനാവശ്യ നിയന്ത്രണങ്ങൾ ഒഴിവാക്കുകയാണ് നിർദേശങ്ങളുടെ ലക്ഷ്യം.
English Summary
The Telecom Regulatory Authority of India (TRAI) has recommended introducing a light-touch regulatory framework for services that stream television channels over the internet. The recommendations aim to provide official recognition to internet-based TV services and establish clear rules governing their operations.
Follow TheProfit.news on Google
Choose TheProfit.news as a preferred source to help find our business and finance news on Google.
Open Google Preferred Sources



