സാമ്പത്തിക ഉപദേശകരുടെ വാട്ട്സ്ആപ്പ് അക്കൗണ്ടുകൾ ഹാക്ക് ചെയ്ത് നിക്ഷേപകരുടെ പണം തട്ടിയെടുക്കുന്ന പുതിയ രീതികൾക്കെതിരെ സൈബർ പോലീസ് മുന്നറിയിപ്പ് നൽകുന്നു. ഹാക്കർമാർ ഉപദേശകരുടെ അക്കൗണ്ട് കൈക്കലാക്കിയ ശേഷം, അവരുടെ പേരിലായിരിക്കും നിക്ഷേപകർക്ക് സന്ദേശങ്ങൾ അയക്കുന്നത്. പരിചിതനായ ഉപദേശകന്റെ വാട്ട്സ്ആപ്പിൽ നിന്നാണ് സന്ദേശം വരുന്നത് എന്നതിനാൽ, നിക്ഷേപകർ സംശയിക്കാതെ നിർദ്ദേശിക്കുന്ന വ്യാജ അക്കൗണ്ടുകളിലേക്ക് പണം കൈമാറാനും വ്യക്തിഗത സാമ്പത്തിക വിവരങ്ങൾ പങ്കുവെക്കാനും സാധ്യതയേറെയാണ്.
ജാഗ്രത ആവശ്യം
ഇത്തരം തട്ടിപ്പുകളിൽ പെടാതിരിക്കാൻ സാമ്പത്തിക ഇടപാടുകൾ നടത്തുമ്പോൾ കടുത്ത ജാഗ്രത അത്യാവശ്യമാണ്. വാട്ട്സ്ആപ്പ് വഴി പണം നിക്ഷേപിക്കാനോ പുതിയ അക്കൗണ്ടുകളിലേക്ക് മാറ്റാനോ ഉള്ള സന്ദേശം ലഭിച്ചാൽ, അത് അതേപടി വിശ്വസിക്കരുത്. സന്ദേശം അയച്ച വ്യക്തിയോട് നേരിട്ട് ഫോൺ കോളിലൂടെയോ ഓഫീസിൽ ബന്ധപ്പെട്ടോ വാർത്തയുടെയും നിർദ്ദേശത്തിന്റെയും സത്യാവസ്ഥ ഉറപ്പുവരുത്തിയ ശേഷം മാത്രം തുടർനടപടികൾ സ്വീകരിക്കുക.
ഇതോടൊപ്പം, ബാങ്ക് വിവരങ്ങൾ, ഒ.ടി.പി , മറ്റ് രഹസ്യ വിവരങ്ങൾ എന്നിവ വാട്ട്സ്ആപ്പ് ചാനലുകളിലൂടെ പങ്കുവെക്കരുത്. കൂടാതെ, നിങ്ങളുടെ വാട്ട്സ്ആപ്പ് അക്കൗണ്ടിന്റെ സുരക്ഷക്കായി ടു-സ്റ്റെപ് വേരിഫിക്കേഷൻ എനേബിൾ ചെയ്യുകയും, അപരിചിതമായ ലിങ്കുകളിലോ ഫയലുകളിലോ ക്ലിക്ക് ചെയ്യാതിരിക്കുകയും വേണം. പണം അയക്കാൻ ആവശ്യപ്പെടുന്ന സന്ദേശങ്ങൾ അടിയന്തിരമാണെന്ന് തോാന്നിയാലും തിടുക്കം കൂട്ടാതെ കൃത്യമായ സ്ഥിരീകരണം നടത്തുകയാണ് പണം സുരക്ഷിതമാക്കാനുള്ള വഴി.
എന്തുകൊണ്ട് തട്ടിപ്പുകൾപെരുകുന്നു?
ഇന്ത്യയിൽ വാട്ട്സ്ആപ്പ് വഴിയുള്ള സാമ്പത്തിക തട്ടിപ്പുകളും ഹാക്കിംഗും വേഗത്തിൽ വർദ്ധിക്കാൻ പ്രധാന കാരണം ആപ്പിന്റെ ജനപ്രീതിയും ജനങ്ങളുടെ അമിതമായ വിശ്വാസവുമാണ്. കോടിക്കണക്കിന് ആളുകൾ ദിവസേന ആശയവിനിമയത്തിനും സന്ദേശങ്ങൾ അയക്കുന്നതിനും വാട്ട്സ്ആപ്പിനെ ആശ്രയിക്കുന്നു. പരിചയക്കാരുടെയോ സുഹൃത്തുക്കളുടെയോ പ്രൊഫൈൽ ചിത്രങ്ങളും പേരുകളും വ്യാജമായി ഉപയോഗിച്ച് തട്ടിപ്പുകാർ ആളുകളെ വളരെ എളുപ്പത്തിൽ വിശ്വസിപ്പിക്കുന്നു. കൂടാതെ, വ്യാജ പാർട്ട് ടൈം ജോലി വാഗ്ദാനങ്ങൾ, സമ്മാനങ്ങൾ, പാർസലുകൾ എത്തിയെന്ന വിവരങ്ങൾ എന്നിവ നൽകി പ്രലോഭിപ്പിച്ചാണ് തട്ടിപ്പുകാർ ആളുകളുടെ വ്യക്തിഗത ബാങ്ക് വിവരങ്ങളും ഒ.ടി.പിയും കൈക്കലാക്കുന്നത്.
മറ്റൊരു പ്രധാന കാരണം നിർമ്മിത ബുദ്ധിയും പുതിയ സാങ്കേതികവിദ്യകളും ഉപയോഗിച്ചുള്ള ആസൂത്രിതമായ ആക്രമണങ്ങളാണ്. എ.ഐ സാങ്കേതികവിദ്യ ഉപയോഗിച്ച് ബന്ധുക്കളുടെയോ മേലധികാരികളുടെയോ ശബ്ദവും ചിത്രങ്ങളും വ്യാജമായി നിർമ്മിച്ച് അടിയന്തിരമായി പണം ആവശ്യപ്പെടുന്ന രീതി വർദ്ധിച്ചിട്ടുണ്ട്. അതിനോടൊപ്പം, ആളുകളുടെ ഭയത്തെയും ധൃതിയെയും ചൂഷണം ചെയ്തുകൊണ്ട് വ്യാജ ലിങ്കുകളിൽ ക്ലിക്ക് ചെയ്യിക്കുകയോ, ബാങ്ക് അല്ലെങ്കിൽ കൊറിയർ സർവീസ് പ്രതിനിധികളെന്ന വ്യാജേന വിളിച്ച് സന്ദേശങ്ങൾ കൈമാറാൻ നിർബന്ധിക്കുകയോ ചെയ്യുന്നു. ആവശ്യത്തിന് ഡിജിറ്റൽ സുരക്ഷാ അറിവില്ലായ്മയും ഇത്തരം തട്ടിപ്പുകാർക്ക് കളമൊരുക്കുന്നു.





