കേരളത്തിലെ വനിതാ സംരംഭകർക്ക് സ്വന്തമായി സംരംഭം ആരംഭിക്കാനോ നിലവിലുള്ള ചെറിയ ബിസിനസ് വികസിപ്പിക്കാനോ സഹായിക്കുന്ന വായ്പാ പദ്ധതിയുമായി കേരള സർക്കാർ. പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ നടപ്പാക്കുന്ന ഈ പദ്ധതി പ്രിയദർശിനി വായ്പാ പദ്ധതി എന്ന പേരിലാണ് അറിയപ്പെടുന്നത്. ഉൽപ്പാദന മേഖലയിൽ പ്രവർത്തിക്കുന്ന വനിതാ സംരംഭകരെയാണ് പദ്ധതിയിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്.
പരമാവധി 5 ലക്ഷം രൂപ വരെയാണ് വായ്പയായി ലഭിക്കുക. പുതിയ ഉൽപ്പാദന യൂണിറ്റുകൾ ആരംഭിക്കാനും നിലവിലുള്ള യൂണിറ്റുകളുടെ പ്രവർത്തനം വിപുലീകരിക്കാനും വായ്പ ഉപയോഗിക്കാം. കൃത്യമായി തിരിച്ചടവ് നടത്തുന്ന ഗുണഭോക്താക്കൾക്ക് പൂർണ പലിശ ഇളവ് ലഭിക്കുന്നതിനാൽ വായ്പ പലിശരഹിതമായി മാറും. മാത്രമല്ല, പലിശയാണ് അടച്ച തുക സബ്സിഡിയായി അപേക്ഷകയ്ക്ക് തിരിച്ച് ലഭിക്കുകയും ചെയ്യും.
സംസ്ഥാനത്തെ ഒബിസി മതന്യൂനപക്ഷ വിഭാഗങ്ങളിൽ ഉൾപ്പെടുന്ന വനിതകൾക്ക് ഈ വായ്പാ പദ്ധതിയിലേക്ക് അപേക്ഷിക്കാം. അപേക്ഷകയുടെ വാർഷിക വരുമാനം 5 ലക്ഷം രൂപയിൽ കവിയരുത്. 18നും 60നും ഇടയിലാണ് പ്രായപരിധി. വിധവകൾ, ഭിന്നശേഷിക്കാർ, 40 വയസ് കഴിഞ്ഞ അവിവാഹിതർ എന്നിവർക്ക് മുൻഗണനയുണ്ട്. കൂടാതെ, അപേക്ഷകയുടെ പേരിൽ സാധുവായ ‘എംഎസ്എംഇ ഉദ്യം’ രജിസ്ട്രേഷൻ ഉണ്ടായിരിക്കണം.
വനിതകൾക്ക് വായ്പാ സഹായം നൽകുന്നതിന് പുറമെ സ്വയംതൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുകയും സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ശക്തിപ്പെടുത്തുകയും ചെയ്യുകയാണ് പദ്ധതിയുടെ ലക്ഷ്യം. 2026ലെ സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമപരിപാടിയുടെ ഭാഗമായി പ്രഖ്യാപിച്ച പുതിയ ക്ഷേമ വായ്പാ പദ്ധതികളിലൊന്നാണ് പ്രിയദർശിനി.
അപേക്ഷയ്ക്കും കൂടുതൽ വിവരങ്ങൾക്കുമായി KSBCDC ജില്ലാ, യൂണിറ്റ് ഓഫീസുകളിൽ ബന്ധപ്പെടണം.





