ഇന്ത്യയെ വിശ്വസിക്കാമെന്ന് ഗോയല്‍
ലോകത്ത് വിശ്വാസ്യതയ്ക്ക് വലിയ പ്രാധാന്യം ലഭിക്കുന്ന കാലത്ത് ഇന്ത്യ നിക്ഷേപങ്ങളുടെ സുരക്ഷിത കേന്ദ്രമായി നില്‍ക്കുന്നെന്ന് കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍. മറ്റുള്ളവരുടെ സാങ്കേതികവിദ്യ ഇന്ത്യ മോഷ്ടിക്കുന്നില്ലെന്നും ബൗദ്ധിക സ്വത്തവകാശങ്ങളെ രാജ്യം എല്ലായ്പ്പോഴും മാനിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വിശാഖപട്ടണത്ത് നടന്ന 31-ാമത് സിഐഐ പാര്‍ട്ണര്‍ഷിപ്പ് ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ‘കട്ടപ്പമാര്‍ നിറഞ്ഞ ലോകത്ത് പിന്നില്‍നിന്ന് കുത്താത്ത പങ്കാളിയാണ് ഇന്ത്യ’ എന്ന ബാഹുബലി സിനിമയിലെ കഥാപാത്രത്തെ പരാമര്‍ശിച്ചുള്ള അദ്ദേഹത്തിന്റെ പ്രസ്താവനയും ശ്രദ്ധേയമായി. രാജ്യാന്തര വ്യാപാരത്തില്‍ ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങളും സാങ്കേതികവിദ്യാ സുരക്ഷാ ആശങ്കകളും ശക്തമാകുന്ന പശ്ചാത്തലത്തിലാണ് പരാമര്‍ശം. 20-ാം നൂറ്റാണ്ടിനെ നിര്‍ണയിച്ചത് മത്സരക്ഷമതയായിരുന്നെങ്കില് 21-ാം നൂറ്റാണ്ടിനെ നിര്‍ണയിക്കുക വിശ്വാസ്യതയായിരിക്കുമെന്ന് ഗോയല്‍ പറഞ്ഞു. കഴിഞ്ഞ നാലുവര്‍ഷത്തിനിടെ ഇന്ത്യ ഒമ്പത് സ്വതന്ത്ര വ്യാപാര കരാറുകളില്‍ ഒപ്പിട്ടതായും ഇവ 60 ട്രില്യണ്‍ ഡോളര്‍ മൂല്യമുള്ള ആഗോള സമ്പദ്വ്യവസ്ഥകളെ ഉള്‍ക്കൊള്ളുന്നതായും അദ്ദേഹം വ്യക്തമാക്കി.
കടം വീട്ടാന്‍ അദാനി
സിിമന്റ് മേഖലയിലെ വന്‍ ഏറ്റെടുക്കലുമായി ബന്ധപ്പെട്ട കടബാധ്യതകള്‍ പുനഃക്രമീകരിക്കാന്‍ 2.5 ബില്യണ്‍ ഡോളറിന്റെ പുതിയ വായ്പകളെടുക്കാന്‍ അദാനി ഗ്രൂപ്പ്. ജപ്പാനിലെ എംയുഎഫ്ജി, ബാര്‍ക്ലേസ് ബാങ്ക്, സുമിറ്റോമോ മിറ്റ്സുയി ബാങ്കിങ് കോര്പറേഷന് തുടങ്ങിയ രാജ്യാന്തര ധനകാര്യ സ്ഥാപനങ്ങളുമായി ഇതിനായി ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. 2022-ല്‍ ഹോള്‍സിമിന്റെ അംബുജ സിമന്റ്സ്, എസിസി എന്നിവയിലെ ഓഹരികള്‍ ഏറ്റെടുത്തതുമായി ബന്ധപ്പെട്ട വായ്പകളാണ് പുതിയ വായ്പയിലൂടെ പുനര്‍ധനസഹായം ചെയ്യാന്‍ ലക്ഷ്യമിടുന്നത്. ഈ ഏറ്റെടുക്കലിനായി അദാനി ഗ്രൂപ്പ് ഏകദേശം 6.5 ബില്യണ്‍ ഡോളറിന്റെ ഇടപാടാണ് നടത്തിയത്. വായ്പയുടെ ഒരു ഭാഗം പിന്നീട് ആഭ്യന്തര ബാങ്കുകള്‍ക്ക് കൈമാറാനും പദ്ധതിയുണ്ട്. 2026 ഫെബ്രുവരിയില്‍ റിസര്‍വ് ബാങ്ക് ഏറ്റെടുക്കല്‍ ധനസഹായവുമായി ബന്ധപ്പെട്ട ചട്ടങ്ങളില്‍ വരുത്തിയ മാറ്റം ഇതിന് സഹായകരമാകും. അതേസമയം, അംബുജ സിമന്റ്സ് ബിസിനസ് വിപുലീകരണത്തിനും വലിയ നിക്ഷേപം നടത്തുകയാണ്. നിലവിലെ വാര്‍ഷിക ഉല്‍പ്പാദനശേഷി 113.5 ദശലക്ഷം ടണ്ണാണ്. 14,500 കോടി രൂപയുടെ മൂലധനച്ചെലവിലൂടെ 2030 സാമ്പത്തികവര്‍ഷത്തോടെ ഇത് 155 ദശലക്ഷം ടണ്ണായി ഉയര്‍ത്തുകയാണ് ലക്ഷ്യം.
തനിഷ്കില്‍ വന്‍ മോഷണം
തമിഴ്നാട്ടിലെ മധുരയില്‍ പ്രവര്‍ത്തനം ആരംഭിച്ച് പത്തുദിവസം മാത്രമായ തനിഷ്ക് ജ്വല്ലറി ഷോറൂമില്‍ വന്‍ മോഷണം. പലങ്കാനത്തം മേഖലയിലുള്ള ഷോറൂമില്‍നിന്ന് ഏകദേശം 15-20 കിലോ സ്വര്‍ണം മോഷണം പോയതായാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. ബുധനാഴ്ച രാത്രി മോഷ്ടാവ് മുകളിലത്തെ നിലയില്‍നിന്ന് ലിഫ്റ്റ് കടന്നുപോകുന്ന ഭാഗം വഴിയാണ് ഷോറൂമില്‍ പ്രവേശിച്ചതെന്നാണ് സിസിടിവി ദൃശ്യങ്ങള്‍ സൂചിപ്പിക്കുന്നത്. ഒരാള്‍ മാത്രമാണ് മോഷണത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. ഔദ്യോഗിക ഉദ്ഘാടനച്ചടങ്ങ് പോലും നടക്കാത്ത ഷോറൂമില്‍ ഇന്റീരിയര്‍ ജോലികളും മറ്റ് അവസാനഘട്ട പണികളും പൂര്‍ത്തിയായിരുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. സിസിടിവി ദൃശ്യങ്ങള്‍ വിശദമായി പരിശോധിച്ച് പ്രതിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
നാല് ഓഹരികള്‍ ഗ്ലോബല്‍ സ്റ്റാന്‍ഡേര്‍ഡ് സൂചികയില്‍
ആഗോള ഓഹരി സൂചികാ ദാതാവായ എംഎസ്സിഐയുടെ നവംബര്‍ അവലോകനത്തില്‍ നാല് ഇന്ത്യന്‍ കമ്പനികള്‍ക്ക് ഗ്ലോബല്‍ സ്റ്റാന്‍ഡേര്‍ഡ് സൂചികയില്‍ ഇടം ലഭിച്ചു. അദാനി ഗ്രീന്‍ എനര്‍ജി, കോഫോര്‍ജ്, ലൈഫ് ഇന്‍ഷുറന്‍സ് കോര്പറേഷന് ഓഫ് ഇന്ത്യ (എല്‍ഐസി), മീഷോ എന്നിവയാണ് പുതിയതായി ഉള്‍പ്പെടുത്തിയ കമ്പനികള്‍. അതേസമയം, പി.ഐ. ഇന്‍ഡസ്ട്രീസിനെ സൂചികയില്‍നിന്ന് ഒഴിവാക്കി. ഗ്രോ, ലെന്‍സ്കാര്‍ട്ട് സൊല്യൂഷന്‍സ്, കോള്‍ ഇന്ത്യ, പേടിഎം എന്നിവ ഉള്‍പ്പെടെ 11 ഇന്ത്യന്‍ ഓഹരികളുടെ സൂചികയിലെ വെയിറ്റേജും വര്‍ധിപ്പിച്ചിട്ടുണ്ട്. ഈ മാറ്റങ്ങള്‍ നവംബര്‍ 30-ന് വിപണി അവസാനിച്ചതിനുശേഷം പ്രാബല്യത്തില്‍ വരും. ഇതോടെ എംഎസ്സിഐ എമര്‍ജിങ് മാര്‍ക്കറ്റ്സ് സൂചികയിലെ ഇന്ത്യയുടെ വെയിറ്റേജ് 12.9 ശതമാനത്തില്‍നിന്ന് 13.15 ശതമാനമായി ഉയരും. 2024-ല്‍ 20 ശതമാനമായിരുന്ന ഇന്ത്യയുടെ പങ്ക് 2026 മേയില്‍ ഏകദേശം 11 ശതമാനത്തിലേക്ക് താഴ്ന്നിരുന്നു. തായ്വാന്, ദക്ഷിണകൊറിയ തുടങ്ങിയ വിപണികളിലെ എഐ ഓഹരികളുടെ കുതിപ്പായിരുന്നു ഇതിന് പ്രധാന കാരണം. എന്നാല്‍ എഐ ഓഹരികളിലെ മുന്നേറ്റം ദുര്‍ബലമായതോടെ നിക്ഷേപകര്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള മറ്റ് വളര്‍ന്നുവരുന്ന വിപണികളിലേക്ക് ശ്രദ്ധ തിരിക്കുകയാണ്. നവംബറില്‍ ഇതുവരെ വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ ഇന്ത്യന്‍ ഓഹരികളില്‍ 6.43 ബില്യണ്‍ ഡോളര്‍ നിക്ഷേപിച്ചു. 2024 സെപ്റ്റംബറിനുശേഷമുള്ള ഏറ്റവും വലിയ പ്രതിമാസ നിക്ഷേപമാണിത്.
English Summary
Follow TheProfit.news on Google
Choose TheProfit.news as a preferred source to help find our business and finance news on Google.
Open Google Preferred Sources



