അന്താരാഷ്ട്ര വിപണിയിൽ സ്വർണവിലയിലുണ്ടാകുന്ന വൻ ഇടിവ് കേരളത്തിലെ സ്വർണവിപണിയിലും ആശങ്ക സൃഷ്ടിക്കുന്നു. ഔൺസിന് 5,595 ഡോളർ വരെ ഉയർന്ന് റെക്കോർഡ് സൃഷ്ടിച്ച അന്താരാഷ്ട്ര സ്വർണവില ഇപ്പോൾ 3,850 ഡോളറിലേക്ക് താഴ്ന്നിരിക്കുകയാണ്. റെക്കോർഡ് നിലവാരത്തിൽനിന്ന് 1,745 ഡോളറിന്റെ ഇടിവാണ് ഇതുവരെ രേഖപ്പെടുത്തിയിരിക്കുന്നത്. വിലയിടിവ് എവിടെ അവസാനിക്കുമെന്ന കാര്യത്തിൽ വ്യക്തതയില്ലാത്ത സാഹചര്യത്തിൽ 3,700 ഡോളറും തുടർന്ന് 3,500 ഡോളറും അടുത്ത ലക്ഷ്യങ്ങളാകാമെന്ന വിലയിരുത്തലുകളും വിപണിയിൽ ഉയരുന്നുണ്ട്.
പവൻ വില ഒരു ലക്ഷം രൂപയ്ക്ക് താഴെയെത്തുമോ?
അന്താരാഷ്ട്ര വിപണിയിലെ ഇടിവ് തുടരുകയാണെങ്കിൽ കേരളത്തിൽ സ്വർണവില വീണ്ടും ഗണ്യമായി കുറയാനുള്ള സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. 2026 ജനുവരി 29-നാണ് സംസ്ഥാനത്ത് സ്വർണവില എക്കാലത്തെയും ഉയർന്ന നിലവാരത്തിലെത്തിയത്. അന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 16,395 രൂപയും ഒരു പവന് 1,31,160 രൂപയുമായിരുന്നു വില.
നിലവിലെ വിലയിടിവ് ഇതേ രീതിയിൽ തുടർന്നാൽ പവൻ വില ഒരു ലക്ഷം രൂപയ്ക്ക് താഴെയെത്താനുള്ള സാധ്യതയുണ്ടെന്ന് കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (KGSMA) സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ്. അബ്ദുൽ നാസർ ചൂണ്ടിക്കാട്ടി. അങ്ങനെ സംഭവിച്ചാൽ റെക്കോർഡ് വിലയിൽനിന്ന് ഒരു പവന് 31,160 രൂപയിലധികം കുറവുണ്ടാകും.
വ്യാപാരികൾക്കും ഉപഭോക്താക്കൾക്കും ഒരുപോലെ തിരിച്ചടി
സ്വർണവിലയിലുണ്ടാകുന്ന തുടർച്ചയായ ഇടിവ് വ്യാപാര മേഖലയ്ക്കും സാധാരണ കുടുംബങ്ങൾക്കും ഒരുപോലെ തിരിച്ചടിയാകുന്നുണ്ട്. ഉയർന്ന വിലയിൽ സ്വർണം വാങ്ങി സ്റ്റോക്ക് ചെയ്ത വ്യാപാരികൾ വലിയ സാമ്പത്തിക സമ്മർദമാണ് നേരിടുന്നത്. വില കുറയുന്നതോടെ അവരുടെ കൈവശമുള്ള സ്വർണശേഖരത്തിന്റെ വിപണിമൂല്യവും ഇടിയുകയാണ്.
അതേസമയം, കുടുംബങ്ങളുടെ സമ്പാദ്യമായ സ്വർണാഭരണങ്ങളുടെയും നിക്ഷേപ സ്വർണത്തിന്റെയും മൂല്യത്തിലും ഗണ്യമായ കുറവുണ്ടാകുന്നു. സുരക്ഷിത സമ്പാദ്യമായി സ്വർണത്തെ കണ്ടിരുന്ന ലക്ഷക്കണക്കിന് കുടുംബങ്ങളുടെ ആസ്തിമൂല്യത്തെയും ഈ വിലയിടിവ് ബാധിക്കുന്നുണ്ട്.
പുതുതായി സ്വർണം വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് വിലക്കുറവ് ആശ്വാസമാകുമ്പോൾ നേരത്തെ ഉയർന്ന വിലയ്ക്ക് സ്വർണം വാങ്ങിയവർക്കും വ്യാപാരികൾക്കും ഇത് വലിയ തിരിച്ചടിയാണ്. വില ഇനിയും കുറയുമെന്ന പ്രതീക്ഷയിൽ ഉപഭോക്താക്കൾ വാങ്ങൽ മാറ്റിവെക്കുന്നതും വിപണിയിലെ വ്യാപാരത്തെ പ്രതികൂലമായി ബാധിക്കുന്നു.
സ്വർണവിലയിലെ ഈ ഇടിവ് കേവലം വിപണിയിലെ വിലമാറ്റം മാത്രമല്ലെന്നും വ്യാപാരികളുടെ സ്റ്റോക്കിനെയും സാധാരണക്കാരുടെ സമ്പാദ്യത്തെയും ഒരുപോലെ ബാധിക്കുന്ന സാമ്പത്തിക പ്രതിസന്ധിയാണെന്നും അഡ്വ. എസ്. അബ്ദുൽ നാസർ വ്യക്തമാക്കി. കേരളത്തിലെ സ്വർണവിപണി നിലവിൽ വിലയിടിവിന്റെ മാത്രമല്ല, അതിജീവനത്തിന്റെ കൂടി പരീക്ഷണത്തിലൂടെയാണ് കടന്നുപോകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അഡ്വ. എസ്. അബ്ദുൽ നാസർ
സംസ്ഥാന ജനറൽ സെക്രട്ടറി
കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (KGSMA)
English Summary
The sharp decline in international gold prices has raised concerns in Kerala's gold market as well. After hitting a record high of $5,595 per ounce, international gold prices have now plunged to around $3,850. This marks a steep decline of $1,745 from the record level. With no clear indication of where the price correction will end, market assessments suggest that $3,700 and subsequently $3,500 could emerge as the next potential levels.
Follow TheProfit.news on Google
Choose TheProfit.news as a preferred source to help find our business and finance news on Google.
Open Google Preferred Sources



