ആശങ്കപ്പെടുത്തുന്ന പണപ്പെരുപ്പം
രാജ്യത്തെ സമ്പന്ന സംസ്ഥാനങ്ങളില്‍ പണപ്പെരുപ്പ നിരക്ക് ഉയര്‍ന്നുനില്‍ക്കുമ്പോഴും കഴിഞ്ഞ ആറുമാസത്തിനിടെ വിലക്കയറ്റത്തിന്റെ വേഗം കൂടുതല്‍ വര്‍ധിച്ചത് താഴ്ന്ന വരുമാനമുള്ള സംസ്ഥാനങ്ങളിലെന്ന് കണക്ക്. 2026 ഏപ്രില്‍-ഒക്ടോബര്‍ കാലയളവില്‍ ഒമ്പത് താഴ്ന്ന വരുമാന സംസ്ഥാനങ്ങളിലെ പണപ്പെരുപ്പം ശരാശരി 2.84 ശതമാനം പോയിന്റ് ഉയര്‍ന്നപ്പോള്‍ ഉയര്‍ന്ന വരുമാനമുള്ള ഒമ്പത് സംസ്ഥാനങ്ങളില്‍ വര്‍ധന 2.38 ശതമാനം പോയിന്റായിരുന്നു. ഛത്തീസ്ഗഢില്‍ പണപ്പെരുപ്പം 1.77 ശതമാനത്തില്‍നിന്ന് 5.99 ശതമാനമായി ഉയര്‍ന്നു; ഒഡിഷയില്‍ 7.17 ശതമാനവും മധ്യപ്രദേശില്‍ 7.19 ശതമാനവുമാണ് ഒക്ടോബറിലെ നിരക്ക്. അതേസമയം തമിഴ്നാട്ടില്‍ 7.29 ശതമാനവും തെലങ്കാനയില്‍ 7.26 ശതമാനവും പണപ്പെരുപ്പം രേഖപ്പെടുത്തി; കേരളത്തില്‍ 3.77 ശതമാനത്തില്‍ നിന്ന് 6.22 ശതമാനത്തിലേക്ക് പണപ്പെരുപ്പം ഉയര്‍ന്നു. ദേശീയ റീട്ടെയില്‍ പണപ്പെരുപ്പം ഏപ്രിലിലെ 3.48 ശതമാനത്തില്‍നിന്ന് ഒക്ടോബറില്‍ 6.09 ശതമാനമായി ഉയര്‍ന്ന് ആര്‍ബിഐയുടെ ആറ് ശതമാനമെന്ന ഉയര്‍ന്ന പരിധി മറികടന്നിട്ടുണ്ട്.
വിപണിയില്‍ ആശങ്ക
പണപ്പെരുപ്പ ആശങ്കകളും ഉയര്‍ന്ന ക്രൂഡ് ഓയില്‍ വിലയും രൂപയുടെ വിലയിടിവും നിക്ഷേപകരുടെ ആത്മവിശ്വാസത്തെ ബാധിച്ചതോടെ വെള്ളിയാഴ്ച ഇന്ത്യന്‍ ഓഹരി വിപണിയില്‍ നഷ്ടം. സെന്‍സെക്സ് 318.56 പോയിന്റ് (0.39%) താഴ്ന്ന് 81,592.45ലും നിഫ്റ്റി 155.05 പോയിന്റ് (0.61%) ഇടിഞ്ഞ് 25,144.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഓട്ടോ, റിയല്‍റ്റി, മെറ്റല്‍ മേഖലാ സൂചികകള്‍ ഒരു ശതമാനത്തോളം താഴ്ന്നപ്പോള്‍ മിഡ്ക്യാപ്, സ്മോള്‍ക്യാപ് സൂചികകളും 0.2 ശതമാനം വീതം നഷ്ടത്തിലായി; ശ്രീറാം ഫിനാന്‍സ്, ഗ്രാസിം, ടാറ്റ മോട്ടോഴ്സ് പാസഞ്ചര്‍ വെഹിക്കിള്‍സ്, ഹിന്‍ഡാല്‍കോ എന്നിവ പ്രധാന നഷ്ടക്കാരായി. ഡോളറിനെതിരെ രൂപ 21 പൈസ ഇടിഞ്ഞ് 94.24ലെത്തിയതും സമ്മര്‍ദം വര്‍ധിപ്പിച്ചു; ബ്രെന്റ് ക്രൂഡ് വില ബാരലിന് 95 ഡോളറിന് മുകളില്‍ തുടരുന്നതും ഒക്ടോബറിലെ റീട്ടെയില്‍ പണപ്പെരുപ്പം 6.09 ശതമാനത്തിലെത്തിയതും വിപണിയുടെ മുന്നോട്ടുള്ള നീക്കത്തില്‍ നിര്‍ണായകമാകും.
സ്പാം കോളുകള്‍ തലവേദനയാകുന്നു
അനാവശ്യ വാണിജ്യ കോളുകളുടെയും സന്ദേശങ്ങളുടെയും പേരില്‍ ഏറ്റവും കൂടുതല്‍ പരാതികള്‍ ലഭിച്ച ടെലികോം കമ്പനിയായി വോഡഫോണ്‍ ഐഡിയ. 2026 ജൂലൈസെപ്റ്റംബര്‍ പാദത്തില്‍ കമ്പനിയുടെ നെറ്റ്വര്ക്കില് നിന്നുള്ള കോളുകള്‍ക്കും സന്ദേശങ്ങള്‍ക്കുമെതിരെ 5,39,285 പരാതികളാണ് ലഭിച്ചത്; ഭാരതി എയര്‍ടെലിനെതിരെ 3,52,062 പരാതികളും റിലയന്‍സ് ജിയോയ്ക്കെതിരെ 2,93,716 പരാതികളും രജിസ്റ്റര്‍ ചെയ്തു. ആദ്യ നിയമലംഘനത്തിന് വോഡ ഐഡിയ 47,249 ടെലികോം കണക്ഷനുകള്‍ക്കും എയര്‍ടെല്‍ 34,703 കണക്ഷനുകള്‍ക്കും 15 ദിവസത്തെ വിലക്ക് ഏര്‍പ്പെടുത്തി; ആവര്‍ത്തിച്ചുള്ള നിയമലംഘനത്തിന് രാജ്യത്താകെ 13,777 കണക്ഷനുകള്‍ ഒരു വര്‍ഷത്തേക്ക് വിച്ഛേദിച്ചു.
നോയലിന്റെ ആവശ്യം തള്ളി ടാറ്റ സണ്‍സ്
എന്‍. ചന്ദ്രശേഖരനെ ടാറ്റ ഗ്രൂപ്പിന്റെ ചെയര്‍മാനായി അഞ്ചുവര്‍ഷത്തേക്ക് പുനര്‍നിയമിച്ച സെപ്റ്റംബര്‍ 17ലെ ബോര്‍ഡ് യോഗത്തിന്റെ ഓഡിയോ-വീഡിയോ റെക്കോര്‍ഡിങ് നല്‍കണമെന്ന നോയല്‍ ടാറ്റയുടെ ആവശ്യം ടാറ്റ സണ്‍സ് നിരസിച്ചു. നവംബര്‍ 9ന് അയച്ച മറുപടിയില്‍, നേരിട്ടു പങ്കെടുക്കുന്ന ബോര്‍ഡ് യോഗങ്ങള്‍ റെക്കോര്‍ഡ് ചെയ്ത് സൂക്ഷിക്കാനോ ഡയറക്ടര്‍മാര്‍ക്ക് കൈമാറാനോ നിയമമോ കമ്പനിയുടെ ആര്‍ട്ടിക്കിള്‍സ് ഓഫ് അസോസിയേഷനോ നിര്‍ദേശിക്കുന്നില്ലെന്ന് കമ്പനി വ്യക്തമാക്കി. യോഗത്തില്‍ ഓണ്‍ലൈനായി പങ്കെടുക്കുന്ന ഡയറക്ടര്മാരുണ്ടെങ്കില് മാത്രമാണ് നടപടികള്‍ റെക്കോര്‍ഡ് ചെയ്യേണ്ടതെന്നും റെക്കോര്‍ഡിങ് മിനിറ്റ്സ് തയ്യാറാക്കാനുള്ള സഹായം മാത്രമാണെന്നും കമ്പനി വിശദീകരിച്ചു. സെപ്റ്റംബര്‍ 17ലെ യോഗത്തില്‍ ചന്ദ്രശേഖരന്റെ പുനര്‍നിയമനത്തെ എതിര്‍ത്ത ഏക ഡയറക്ടര്‍ നോയല്‍ ടാറ്റയായിരുന്നു; ടാറ്റ സണ്‍സില്‍ ഏകദേശം മൂന്നില്‍ രണ്ട് ഓഹരിയുള്ള ടാറ്റ ട്രസ്റ്റിന്റെ ചെയര്മാന് കൂടിയായ അദ്ദേഹത്തിന്റെ എതിര്‍പ്പ് ഗ്രൂപ്പിനുള്ളിലെ ഭരണപരമായ അഭിപ്രായവ്യത്യാസങ്ങള്‍ കൂടുതല്‍ പുറത്തുകൊണ്ടുവരുന്നതാണ്.
English Summary
Follow TheProfit.news on Google
Choose TheProfit.news as a preferred source to help find our business and finance news on Google.
Open Google Preferred Sources



