രാജ്യത്തെ 49 ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളുടെ (NBFC) രജിസ്ട്രേഷൻ റദ്ദാക്കി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI). ഇതിന് പുറമെ 13 എൻബിഎഫ്സികളും ഒരു ഭവന വായ്പാ ധനകാര്യ സ്ഥാപനവും (HFC) തങ്ങളുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകൾ സ്വമേധയാ തിരികെ നൽകി. ഇതോടെ ആകെ 63 ധനകാര്യ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടാണ് റിസർവ് ബാങ്ക് നടപടി സ്വീകരിച്ചിരിക്കുന്നത്.
നവംബർ 16-ന് പുറത്തിറക്കിയ അറിയിപ്പിലാണ് റിസർവ് ബാങ്ക് ഇക്കാര്യം വ്യക്തമാക്കിയത്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആക്ട്, 1934-ലെ സെക്ഷൻ 45-IA (6) പ്രകാരമാണ് 49 എൻബിഎഫ്സികളുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകൾ റദ്ദാക്കിയത്. 2026 ഒക്ടോബർ 1-നും 29-നും ഇടയിലാണ് ഈ സ്ഥാപനങ്ങൾക്കെതിരായ റദ്ദാക്കൽ ഉത്തരവുകൾ പുറപ്പെടുവിച്ചത്.
അതേസമയം, 13 എൻബിഎഫ്സികളും ഒരു എച്ച്എഫ്സിയും തങ്ങളുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകൾ സ്വമേധയാ തിരികെ നൽകി. ഇതേത്തുടർന്ന് റിസർവ് ബാങ്ക് ആക്ടിലെയും നാഷണൽ ഹൗസിങ് ബാങ്ക് ആക്ടിലെയും വ്യവസ്ഥകൾ പ്രകാരം ഇവയുടെ രജിസ്ട്രേഷനും റദ്ദാക്കി.
ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളുടെ ബിസിനസിൽ നിന്ന് പിന്മാറിയതിനെ തുടർന്നാണ് ആറ് കമ്പനികൾ രജിസ്ട്രേഷൻ തിരികെ നൽകിയത്. നിശ്ചിത മാനദണ്ഡങ്ങൾ പാലിച്ചതിനാൽ രജിസ്ട്രേഷൻ ആവശ്യമില്ലാത്ത അൺരജിസ്റ്റേർഡ് ടൈപ്പ് I എൻബിഎഫ്സികളായി തരംതിരിക്കപ്പെട്ട അഞ്ച് കമ്പനികളും പട്ടികയിലുണ്ട്. ലയനം, സംയോജനം, പിരിച്ചുവിടൽ, സ്വമേധയാ കമ്പനി പൂട്ടൽ തുടങ്ങിയ കാരണങ്ങളാൽ നിയമപരമായ അസ്തിത്വം അവസാനിച്ച മൂന്ന് സ്ഥാപനങ്ങളുടെ രജിസ്ട്രേഷനും റദ്ദാക്കിയിട്ടുണ്ട്.
മനീഷ് സിന്തറ്റിക്സ് പ്രൈവറ്റ് ലിമിറ്റഡ്, അമർ പ്ലാസ ആൻഡ് ഹോൾഡിങ്സ് പ്രൈവറ്റ് ലിമിറ്റഡ്, വികോണിക് വ്യാപാർ പ്രൈവറ്റ് ലിമിറ്റഡ്, റൈറ്റ് ട്രഷർ ഫിനാൻസ് ആൻഡ് ലീസിങ് (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ്, ബ്രാവോ ക്യാപിറ്റൽ സർവീസസ് പ്രൈവറ്റ് ലിമിറ്റഡ്, സിജിആർ മെർക്കന്റൈൽ ഫിനാൻസ് പ്രൈവറ്റ് ലിമിറ്റഡ് തുടങ്ങിയവ രജിസ്ട്രേഷൻ തിരികെ നൽകിയ സ്ഥാപനങ്ങളിൽ ഉൾപ്പെടുന്നു.
രജിസ്ട്രേഷൻ റദ്ദാക്കിയ സ്ഥാപനങ്ങൾക്ക് ഇനി റിസർവ് ബാങ്ക് ആക്ടിലെ സെക്ഷൻ 45-I (a) പ്രകാരം നിർവചിച്ചിട്ടുള്ള ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ കഴിയില്ലെന്നും ആർബിഐ വ്യക്തമാക്കി. ധനകാര്യ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളിലും രജിസ്ട്രേഷൻ നിലയിലും നിയന്ത്രണ മേൽനോട്ടം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടികൾ.
English Summary
The Reserve Bank of India (RBI) has cancelled the registration certificates of 49 Non-Banking Financial Companies (NBFCs) across the country. In addition, 13 NBFCs and one Housing Finance Company (HFC) have voluntarily surrendered their Certificates of Registration. With this, the RBI has taken action involving a total of 63 financial institutions.
Follow TheProfit.news on Google
Choose TheProfit.news as a preferred source to help find our business and finance news on Google.
Open Google Preferred Sources



