2026 ജനുവരി മുതൽ ഇന്ത്യൻ രൂപയ്ക്കെതിരെ യു.എസ് ഡോളർ 7% ശക്തി പ്രാപിച്ചത് ഇന്ത്യക്കാരുടെ ദൈനംദിന ജീവിത ചെലവുകളെയും സാമ്പത്തിക നിലയെയും വിവിധ രീതികളിൽ സ്വാധീനിക്കുന്നുണ്ട് . ഇത്തരത്തിൽ ഡോളറിന്റെ മൂല്യം കൂടുമ്പോൾ രൂപയുടെ മൂല്യം ഇടിയുകയാണ് ചെയ്യുന്നത്. ഇന്ത്യ ആവശ്യമായ അസംസ്കൃത എണ്ണ, ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങൾ, വളം തുടങ്ങിയവ വൻതോതിൽ വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്നത് ഡോളറിലാണ്. ഡോളറിന് മൂല്യം കൂടുമ്പോൾ ഇവ ഇറക്കുമതി ചെയ്യാൻ കമ്പനികൾ കൂടുതൽ രൂപ നൽകേണ്ടിവരുന്നു. ഇത് രാജ്യത്ത് പെട്രോൾ, ഡീസൽ വില വർദ്ധിക്കുന്നതിനും, സ്മാർട്ട്ഫോണുകൾ, ലാപ്ടോപ്പുകൾ, മറ്റ് നിത്യോപയോഗ സാധനങ്ങൾ എന്നിവയുടെ വില ഉയരുന്നതിനും കാരണമാകുന്നു.
വിദേശ പഠനത്തിനും യാത്രകൾക്കും അധിക ചെലവ്
വിദേശത്ത് പഠിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്കും അവിടെയുള്ളവർക്ക് പണമയക്കുന്ന കുടുംബങ്ങൾക്കും ഇത് വലിയ തിരിച്ചടിയാണ്. ട്യൂഷൻ ഫീസും താമസച്ചെലവും ഡോളറിൽ അടയ്ക്കേണ്ടി വരുമ്പോൾ മുൻപത്തേക്കാൾ കൂടുതൽ രൂപ ചെലവാകും. അതുപോലെ തന്നെ വിദേശത്തേക്ക് വിനോദയാത്രകൾ നടത്തുന്നവർക്കും വിമാന ടിക്കറ്റ്, ഹോട്ടൽ ബുക്കിംഗ് എന്നിവയ്ക്ക് വലിയ തുക അധികമായി നൽകേണ്ടിവരും.
ഐ.ടി മേഖലയ്ക് നേട്ടം
എങ്കിലും ഈ മാറ്റം ചില മേഖലകൾക്ക് അനുകൂലമാണ്. വിദേശത്ത് ജോലി ചെയ്യുന്ന പ്രവാസികൾ നാട്ടിലേക്ക് പണമയക്കുമ്പോൾ രൂപയിൽ കൂടുതൽ തുക ലഭിക്കും. കൂടാതെ, വരുമാനം പ്രധാനമായും ഡോളറിൽ ലഭിക്കുന്ന ഇന്ത്യയിലെ ഐ.ടി കമ്പനികൾക്കും ടെക്സ്റ്റൈൽസ്, മരുന്ന് നിർമ്മാണം തുടങ്ങിയ കയറ്റുമതി മേഖലകൾക്കും രൂപയുടെ മൂല്യത്തകർച്ച ലാഭം വർദ്ധിപ്പിക്കാൻ സഹായിക്കും.
പ്രവാസികൾക്കും അവരുടെ കുടുംബങ്ങൾക്കും ലഭിക്കുന്ന നേട്ടം
വിദേശ രാജ്യങ്ങളിൽ (പ്രത്യേകിച്ച് ഗൾഫ് രാജ്യങ്ങൾ, യു.എസ്.എ, യൂറോപ്പ്) ജോലി ചെയ്യുന്ന പ്രവാസികൾ തങ്ങൾ സമ്പാദിക്കുന്ന തുക നാട്ടിലേക്ക് അയക്കുമ്പോൾ, മുൻപത്തേതിനേക്കാൾ ഉയർന്ന രൂപ മൂല്യം ലഭിക്കുന്നു. ഉദാഹരണത്തിന്, വിദേശ കറൻസിയുടെ വിനിമയ നിരക്ക് വർദ്ധിക്കുമ്പോൾ പ്രവാസികൾ അയക്കുന്ന അതേ തുകയ്ക്ക് നാട്ടിലെ ബാങ്കുകളിൽ കൂടുതൽ രൂപ ക്രെഡിറ്റാകും. ഇത് നാട്ടിലുള്ള അവരുടെ കുടുംബങ്ങളുടെ ദൈനംദിന ചെലവുകൾക്കും, കുടുംബ സമ്പാദ്യത്തിനും, കടങ്ങൾ വീട്ടുന്നതിനും വലിയ രീതിയിൽ ആശ്വാസമേകുന്നു.
കയറ്റുമതി മേഖലയ്ക്ക് ഉണ്ടാകുന്ന അനുകൂല സാഹചര്യം
രൂപയുടെ മൂല്യത്തകർച്ച ഇന്ത്യയിലെ കയറ്റുമതിക്കാരെ സംബന്ധിച്ച് വലിയൊരു അവസരമാണ്. വിവരസാങ്കേതികവിദ്യ , തുണിത്തരങ്ങൾ , ഔഷധ നിർമ്മാണം , കൃഷി-കാർഷിക ഉൽപ്പന്നങ്ങൾ എന്നീ മേഖലകളിൽ പ്രവർത്തിക്കുന്ന കമ്പനികൾ വിദേശ ഉപഭോക്താക്കളിൽ നിന്ന് ഡോളറിലാണ് പണം കൈപ്പറ്റുന്നത്. ഈ വരുമാനം ഇന്ത്യൻ രൂപയിലേക്ക് മാറ്റുമ്പോൾ കമ്പനികൾക്ക് വൻതുക ലാഭമായി ലഭിക്കുന്നു.
വിദേശ നാണയ ശേഖരം
പ്രവാസികൾ കൂടുതൽ തുക നാട്ടിലേക്ക് അയക്കുന്നതോടെ കേരളം പോലുള്ള പ്രവാസി പ്രാധാന്യമുള്ള സംസ്ഥാനങ്ങളിലെ വിപണിയിൽ പണലഭ്യത വർദ്ധിക്കുന്നു. റിയൽ എസ്റ്റേറ്റ്, ബാങ്കിംഗ് ഡിപ്പോസിറ്റുകൾ, പ്രാദേശിക കച്ചവടങ്ങൾ എന്നിവയിൽ ഈ പണം നിക്ഷേപിക്കപ്പെടുകയും സമ്പദ്വ്യവസ്ഥ ചലനാത്മകമാവുകയും ചെയ്യുന്നു. ഒപ്പം, രാജ്യത്തിന്റെ വിദേശ നാണയ ശേഖരം ശക്തമാക്കാനും ഉയർന്ന തോതിലുള്ള ഈ പണമൊഴുക്ക് സഹായിക്കുന്നു.





