പി.എഫ് വിഹിതം കണക്കാക്കുന്നതിനുള്ള നിലവിലെ ശമ്പള പരിധി പ്രതിമാസം 15,000 രൂപയിൽ നിന്ന് 25,000 രൂപയായി ഉയർത്താൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ജീവനക്കാരുടെ വിരമിക്കൽ കാലത്തെ സാമ്പത്തിക ഭദ്രത ഉറപ്പാക്കുന്നതിനും കൂടുതൽ തൊഴിലാളികളെ പി.എഫ് പദ്ധതിയുടെ ആനുകൂല്യ പരിധിയിൽ കൊണ്ടുവരുന്നതിനുമാണ് ഈ നടപടി.
ജീവനക്കാരുടെ ശമ്പളം കുറയ്ക്കരുത്
ശമ്പള പരിധി ഉയർത്തുമ്പോൾ തൊഴിലുടമകൾ നൽകേണ്ട നിയമപരമായ പി.എഫ് വിഹിതത്തിലും വർദ്ധനവുണ്ടാകും. എന്നാൽ ഈ അധിക തുക ജീവനക്കാരുടെ കോസ്റ്റ് ടു കമ്പനി ഘടനയിൽ മാറ്റം വരുത്തി അവരുടെ കൈയിൽ കിട്ടുന്ന ശമ്പളത്തിൽ നിന്ന് കുറയ്ക്കരുതെന്ന് സർക്കാർ കമ്പനികൾക്ക് കശന നിർദ്ദേശം നൽകിയിട്ടുണ്ട്.
കമ്പനികൾ അധിക ചെലവ് വഹിക്കണം
പി.എഫ് വിഹിതത്തിലുണ്ടാകുന്ന ഈ അധിക ചെലവ് കമ്പനികൾ സ്വന്തമായി വഹിക്കണമെന്നാണ് മന്ത്രാലയം വ്യക്തമാക്കിയിട്ടുള്ളത്. ജീവനക്കാരുടെ മൊത്തത്തിലുള്ള ആനുകൂല്യങ്ങളും ഭാവി സമ്പാദ്യവും വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ ഈ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്.
പലിശ ലഭിക്കും
സാധാരണയായി 5 വർഷത്തെയെങ്കിലും തുടർച്ചയായ സേവനത്തിന് ശേഷം ജോലി അവസാനിപ്പിക്കുമ്പോൾ, അതുവരെ അക്കൗണ്ടിൽ ഉള്ള ഇ.പി.എഫ് തുകയ്ക്ക് നികുതി ഒഴിവാക്കി ലഭിക്കും. എന്നാൽ ജോലി ഉപേക്ഷിച്ച ശേഷമുള്ള കാലയളവിൽ ഈ തുകയ്ക്ക് ലഭിക്കുന്ന പലിശയ്ക്ക് നികുതി നൽകേണ്ടി വന്നേക്കാം.ഇൻകം ടാക്സ് അപ്പലറ്റ് ട്രൈബ്യൂണലിന്റെ ഉത്തരവുകൾ അനുസരിച്ച്, ജോലി ചെയ്യുന്ന സമയത്ത് അക്കൗണ്ടിൽ നിക്ഷേപിച്ച തുകയും, ജോലി നിർത്തിയ ശേഷം ആ തുകയ്ക്ക് ലഭിക്കുന്ന പലിശയും രണ്ട് വെവ്വേറെ കാര്യങ്ങളായാണ് കണക്കാക്കുന്നത്. ജോലി രാജിവെച്ച ശേഷവും ഇ.പി.എഫ് തുക പിൻവലിക്കാതെ അക്കൗണ്ടിൽ നിലനിർത്തിയാൽ അതിന് പലിശ ലഭിച്ചുകൊണ്ടിരിക്കും. എന്നാൽ ഇത്തരത്തിൽ ജോലിയിലില്ലാത്ത സമയത്ത് ലഭിക്കുന്ന പലിശ മറ്റു സ്രോതസ്സുകളിൽ നിന്നുള്ള വരുമാനമായി കണക്കാക്കി, ആ വർഷത്തെ വ്യക്തിഗത നികുതി സ്ലാബ് അനുസരിച്ച് നികുതി അടയ്ക്കേണ്ടിവരും.
അതുകൊണ്ട്, കരിയർ ബ്രേക്കിലായിരിക്കുന്ന വ്യക്തികൾ 5 വർഷത്തെ തുടർച്ചയായ സേവന നിബന്ധന പൂർത്തിയാക്കിയിട്ടുണ്ടെങ്കിൽ പോലും, ജോലി ഉപേക്ഷിച്ച ശേഷമുള്ള ഇ.പി.എഫ് പലിശ പൂർണ്ണമായും ടാക്സ് ഫ്രീ ആയിരിക്കില്ലെന്ന് ഓർമ്മിക്കണം. പിന്നീട് പുതിയൊരു ജോലിയിൽ പ്രവേശിക്കുമ്പോൾ ഇ.പി.എഫ് തുക പുതിയ അക്കൗണ്ടിലേക്ക് മാറ്റുന്നത് സർവീസ് തുടർച്ച ലഭിക്കാൻ സഹായിക്കുമെങ്കിലും, ജോലിയില്ലാതിരുന്ന കാലയളവിൽ ലഭിച്ച പലിശയുടെ നികുതി ബാധ്യതയെ അത് ഇല്ലാതാക്കില്ല.





