ഉപഭോക്താക്കൾക്കായി പുതിയ ഓഫറുമായി പൊതുമേഖലാ ടെലികോം സേവനദാതാവായ ബിഎസ്എൻഎൽ. കമ്പനിയുടെ ജനപ്രിയ പ്രീപെയ്ഡ് റീചാർജ് പ്ലാനായ 2,399 രൂപ പ്ലാനിലാണ് അധിക വാലിഡിറ്റി പ്രഖ്യാപിച്ചിരിക്കുന്നത്. സാധാരണയായി 365 ദിവസത്തെ വാലിഡിറ്റി ലഭിക്കുന്ന പ്ലാനിന് ഓഫറിന്റെ ഭാഗമായി 15 ദിവസം അധികമായി ലഭിക്കും. ഇതോടെ ആകെ വാലിഡിറ്റി 380 ദിവസമായി ഉയരും.
വാലിഡിറ്റി വർധിക്കുന്നതോടെ പ്ലാനിൽ ലഭിക്കുന്ന ആകെ ഡാറ്റയും കൂടും. പ്രതിദിനം 2 ജിബി ഡാറ്റ ലഭിക്കുന്നതിനാൽ 380 ദിവസത്തേക്ക് ആകെ 760 ജിബി ഡാറ്റ ഉപയോഗിക്കാം. സാധാരണ 365 ദിവസത്തെ കാലയളവിൽ ലഭിക്കുന്ന 730 ജിബിക്ക് പുറമെ 30 ജിബി അധിക ഡാറ്റയാണ് ഓഫറിലൂടെ ലഭിക്കുന്നത്.
ഇതിന് പുറമെ ഇന്ത്യയിലെ ഏത് നെറ്റ്വർക്കിലേക്കും പരിധിയില്ലാത്ത വോയ്സ് കോളുകൾ ചെയ്യാനുള്ള സൗകര്യവും പ്ലാനിലുണ്ട്. പ്രതിദിനം 100 സൗജന്യ എസ്എംഎസും ലഭിക്കും. അതായത് 380 ദിവസത്തെ വാലിഡിറ്റി കണക്കാക്കിയാൽ ആകെ 38,000 എസ്എംഎസുകൾ ഉപയോഗിക്കാം.
ഒക്ടോബർ 15 വരെ മാത്രം
പരിമിത കാലത്തേക്കാണ് അധിക വാലിഡിറ്റി ഓഫർ ലഭ്യമാകുക. ഒക്ടോബർ 15 വരെ റീചാർജ് ചെയ്യുന്ന ഉപഭോക്താക്കൾക്കാണ് 15 ദിവസത്തെ അധിക വാലിഡിറ്റി ലഭിക്കുക. ഓഫർ കാലാവധി അവസാനിച്ചതിന് ശേഷം 2,399 രൂപയുടെ പ്ലാൻ പഴയ 365 ദിവസത്തെ വാലിഡിറ്റിയിലേക്ക് മടങ്ങും.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ X വഴിയാണ് ബിഎസ്എൻഎൽ തങ്ങളുടെ പുതിയ ഓഫർ സംബന്ധിച്ച വിവരം അറിയിച്ചിരിക്കുന്നത്. ദീർഘകാലത്തേക്ക് മൊബൈൽ കണക്ഷൻ സജീവമായി നിലനിർത്താൻ ആഗ്രഹിക്കുന്നവർക്കും ഇടയ്ക്കിടെ റീചാർജ് ചെയ്യുന്നത് ഒഴിവാക്കാൻ ആഗ്രഹിക്കുന്നവർക്കും ഓഫർ പ്രയോജനപ്പെടുത്താം.
ബിഎസ്എൻഎൽ – ന്റെ ഔദ്യോഗിക വെബ്സൈറ്റ്, സെൽഫ്കെയർ ആപ്പ്, അല്ലെങ്കിൽ സമീപത്തെ ബിഎസ്എൻഎൽ റീചാർജ് കേന്ദ്രങ്ങൾ വഴി ഉപഭോക്താക്കൾക്ക് പ്ലാൻ ഉപയോഗപ്പെടുത്താം.





