തൃശൂര്‍: കാര്‍ഷിക മേഖലയിലെ ഡ്രോണ്‍ സാങ്കേതികവിദ്യയുടെ ഉപയോഗം വ്യാപിപ്പിക്കുന്നതിനും ഡ്രോണ്‍ പൈലറ്റ് പരിശീലനവും സംരംഭകത്വവും പ്രോത്സാഹിപ്പിക്കുന്നതിനുമായി കേരള കാര്‍ഷിക സര്‍വകലാശാലയും ഫ്യൂസലേജ് ഫ്ളൈയിംഗ് ക്ലബ് പ്രൈവറ്റ് ലിമിറ്റഡും സഹകരിക്കുന്നു. സര്‍വകലാശാലയുടെ അഗ്രി ബിസിനസ് ഇന്‍കുബേറ്ററിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന റിമോട്ട് പൈലറ്റ് ട്രെയിനിംഗ് ഓര്‍ഗനൈസേഷന്റെ (RPTO) പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിനായാണ് ധാരണാപത്രം ഒപ്പുവെച്ചത്.
കേരള കാര്‍ഷിക സര്‍വകലാശാല രജിസ്ട്രാറും ഫ്യൂസലേജ് ഫ്ളൈയിംഗ് ക്ലബ് പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടര്‍ ദേവിക ചന്ദ്രശേഖരനും ധാരണാപത്രത്തില്‍ ഒപ്പുവെച്ചു. സാങ്കേതിക നവീകരണത്തിലൂടെ കാര്‍ഷിക മേഖലയെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നബാര്‍ഡിന്റെ പദ്ധതിയുടെ ഭാഗമായാണ് സര്‍വകലാശാലയില്‍ ആര്‍പിടിഒ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്.
കാര്‍ഷിക ഡ്രോണ്‍ സാങ്കേതികവിദ്യയില്‍ പ്രവര്‍ത്തിക്കുന്ന ഫ്യൂസലേജ് ഇന്നവേഷന്‍സ് രാജ്യത്തെ മികച്ച കാര്‍ഷിക സ്റ്റാര്‍ട്ടപ്പിനുള്ള പുരസ്കാരം നേടിയ സ്ഥാപനമാണ്. ദേവന് ചന്ദ്രശേഖരന്റെയും ദേവിക ചന്ദ്രശേഖരന്റെയും നേതൃത്വത്തിലുള്ള സ്ഥാപനം തദ്ദേശീയമായി കാര്‍ഷിക ഡ്രോണുകള്‍ വികസിപ്പിക്കുകയും നിര്‍മിക്കുകയും ചെയ്യുന്നുണ്ട്.
കാര്‍ഷിക സാങ്കേതികവിദ്യയിലും സംരംഭകത്വത്തിലും ഫ്യൂസലേജ് നേടിയിട്ടുള്ള വൈദഗ്ധ്യം കേരള കാര്‍ഷിക സര്‍വകലാശാലയുമായുള്ള സഹകരണത്തിന് കൂടുതല്‍ കരുത്തേകുമെന്ന് വൈസ് ചാന്‍സലര്‍ ഡോ. ടി. സജിത റാണി പറഞ്ഞു. സര്‍വകലാശാലയുടെ അക്കാദമിക-ഗവേഷണ ശേഷിയും ആധുനിക ഡ്രോണ്‍ സാങ്കേതികവിദ്യയും സംയോജിപ്പിക്കുന്നതിലൂടെ കാര്‍ഷിക മേഖലയിലെ സാങ്കേതിക മുന്നേറ്റങ്ങള്‍ക്ക് കൂടുതല്‍ വേഗം നല്‍കാനാകുമെന്നാണ് പ്രതീക്ഷ.
ഡ്രോണ്‍ വാങ്ങുന്നവര്‍ക്ക് സൗജന്യ പരിശീലനം
കേന്ദ്രസര്‍ക്കാരിന്റെ സബ്സിഡി പദ്ധതിയായ എസ്എംഎഎം (SMAM) വഴി കാര്‍ഷിക ഡ്രോണുകള്‍ വാങ്ങുന്നതിനുള്ള സൗകര്യമുണ്ടെന്നും ഫ്യൂസലേജില്‍ നിന്ന് ഡ്രോണ്‍ വാങ്ങുന്നവര്‍ക്ക് ഡ്രോണ്‍ പൈലറ്റ് പരിശീലനം സൗജന്യമായി നല്‍കുമെന്നും ദേവിക ചന്ദ്രശേഖരന് ധാരണാപത്രം ഒപ്പുവെക്കുന്ന ചടങ്ങില്‍ വ്യക്തമാക്കി.
ഗവേഷണ ഡയറക്ടര്‍ ഡോ. എ. ലത, അഗ്രി ബിസിനസ് ഇന്‍ക്യൂബേറ്റര്‍ മേധാവി ഡോ. കെ. പി. സുധീര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
കര്‍ഷകര്‍ക്കും യുവാക്കള്‍ക്കും പുതിയ അവസരങ്ങള്‍
കൃത്യതാകൃഷി, വിളപരിപാലനം, കാര്‍ഷിക നിരീക്ഷണം, വിളസംരക്ഷണം തുടങ്ങിയ മേഖലകളില്‍ ഡ്രോണ്‍ സാങ്കേതികവിദ്യയുടെ പ്രായോഗിക ഉപയോഗം വര്‍ധിപ്പിക്കാനാണ് സഹകരണത്തിലൂടെ ലക്ഷ്യമിടുന്നത്. കാര്‍ഷിക ഗവേഷണഫലങ്ങള്‍ വേഗത്തില്‍ കൃഷിയിടങ്ങളിലേക്ക് എത്തിക്കുന്നതിനും ഡ്രോണുകള്‍ക്ക് വലിയ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.
കാര്‍ഷിക മേഖലയിലെ തൊഴിലാളിക്ഷാമം പരിഹരിക്കുന്നതിനും ഉല്‍പ്പാദനക്ഷമതയും കാര്യക്ഷമതയും വര്‍ധിപ്പിക്കുന്നതിനും നൂതന സാങ്കേതികവിദ്യകളുടെ ഉപയോഗം നിര്‍ണായകമാണ്. വിദ്യാര്‍ഥികള്‍ക്കും കര്‍ഷകര്‍ക്കും യുവസംരംഭകര്‍ക്കും ഡ്രോണ്‍ അധിഷ്ഠിത സേവനമേഖലയില്‍ പുതിയ തൊഴില്‍, സംരംഭകത്വ സാധ്യതകള്‍ തുറക്കാനും പരിശീലന പരിപാടി സഹായിക്കുമെന്നാണ് സര്‍വകലാശാലയുടെ പ്രതീക്ഷ.
300 പേര്‍ക്ക് പരിശീലനം; 100ലധികം ലൈസന്‍സുകള്‍
കേരള കാര്‍ഷിക സര്‍വകലാശാലയുടെ ഡ്രോണ്‍ പൈലറ്റ് പരിശീലന കേന്ദ്രത്തിലൂടെ ഇതിനോടകം 300ഓളം പേര് പരിശീലനം പൂര്‍ത്തിയാക്കിയിട്ടുണ്ട്. 100ലധികം പേര്‍ക്ക് ഡ്രോണ്‍ പൈലറ്റ് ലൈസന്‍സും ലഭിച്ചു.
ഡ്രോണ്‍ പറത്തല്‍, സിമുലേറ്റര്‍ പരിശീലനം, സുരക്ഷാ നടപടികള്‍, സാങ്കേതിക പരിചയം എന്നിവ ഉള്‍പ്പെടുന്നതാണ് പരിശീലനം. കാര്‍ഷിക ഡ്രോണ്‍ സാങ്കേതികവിദ്യയില്‍ പ്രാവീണ്യമുള്ള മനുഷ്യവിഭവശേഷി വികസിപ്പിക്കുന്നതില്‍ സര്‍വകലാശാലയുടെ അഗ്രി ബിസിനസ് ഇന്‍കുബേറ്റര്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ടെന്ന് ഡോ. കെ. പി. സുധീര്‍ പറഞ്ഞു.
കാര്‍ഷിക മേഖലയിലെ സാങ്കേതികവിദ്യയുടെ ഉപയോഗം കൂടുതല്‍ വ്യാപകമാകുന്ന സാഹചര്യത്തില്‍ പരിശീലനം നേടിയ ഡ്രോണ്‍ പൈലറ്റുകള്‍ക്കും ഡ്രോണ്‍ അധിഷ്ഠിത കാര്‍ഷിക സേവന സംരംഭങ്ങള്‍ക്കും ആവശ്യകത ഉയരാനുള്ള സാധ്യതയുണ്ട്. കേരള കാര്‍ഷിക സര്‍വകലാശാലയും ഫ്യൂസലേജും തമ്മിലുള്ള പുതിയ സഹകരണം ഈ മേഖലയിലെ നൈപുണ്യ വികസനത്തിനും സാങ്കേതിക സംരംഭകത്വത്തിനും കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷ.





