സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തി. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് ഇന്ന് 100 രൂപയാണ് കുറഞ്ഞത്. ഇതോടെ 13,675 രൂപയായി ഒരു ഗ്രാമിന്റെ ഇന്നത്തെ വില. പവന് ആനുപാതികമായി 800 രൂപ കുറഞ്ഞ്, 1,09,400 രൂപയായി വിപണിവില. ഇന്നലെ സ്വർണവില ഉയരുന്ന പ്രവണതയായിരുന്നു ഉണ്ടായിരുന്നത്. ഒരു പവൻ സ്വർണത്തിന് 1,10,200 രൂപയായിരുന്നു ഇന്നലെ വിപണിവില. അതേസമയം, സംസ്ഥാനത്ത് ഇന്ന് വെള്ളിവിലയിൽ മാറ്റമൊന്നുമില്ല. ഒരു ഗ്രാം വെള്ളിക്ക് 235 രൂപയാണ് ഇന്ന്. ഒരു കിലോഗ്രാമിന് 2,35,000 രൂപയിലെത്തിയിട്ടുണ്ട്.
ആഗോള വിപണിയിലെ സ്വർണവിലയിലുണ്ടായ ഇടിവാണ് കേരളത്തിലും വില കുറയാൻ പ്രധാന കാരണം. യുഎസ് ഡോളർ ശക്തിപ്പെട്ടതും യുഎസ് ട്രഷറി ബോണ്ട് യീൽഡുകൾ ഉയർന്നതും സ്വർണവിലയിൽ സമ്മർദം സൃഷ്ടിച്ചു. പലിശ വരുമാനം നൽകാത്ത സ്വർണത്തെ അപേക്ഷിച്ച് ബോണ്ടുകളിലേക്കുള്ള നിക്ഷേപ താൽപര്യം വർധിക്കാനുള്ള സാധ്യതയും വിലയെ ബാധിച്ചു.
അതേസമയം, യുഎസ് പലിശനിരക്കിനെക്കുറിച്ചുള്ള വിപണി പ്രതീക്ഷകളും സ്വർണവിലയെ സ്വാധീനിക്കുന്നുണ്ട്. ഉയർന്ന പലിശനിരക്ക് സ്വർണത്തിന് പൊതുവെ പ്രതികൂല ഘടകമായാണ് കണക്കാക്കുന്നത്. ആഗോള വിപണിയിലെ ഈ സമ്മർദത്തിന്റെ തുടർച്ചയാണ് ആഭ്യന്തര വിപണിയിലും ഇന്ന് വില കുറയാൻ കാരണമായത്.
കേരളത്തിൽ ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന സ്വർണവില ജനുവരി 29നായിരുന്നു. അന്ന് ഒരു പവൻ സ്വർണത്തിന് 1,31,160 രൂപയായിരുന്നു വില. സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന്റെ വില ആദ്യമായി ഒരു ലക്ഷം രൂപ കടന്നത് ഡിസംബർ 23നാണ്.





