പ്രമുഖ ഇ-കൊമേഴ്സ് കമ്പനിയായ ആമസോൺ തങ്ങളുടെ ആമസോൺ നൗ; എന്ന മിനിറ്റുകൾക്കുള്ളിൽ സാധനങ്ങൾ എത്തിക്കുന്ന അൾട്രാ-ഫാസ്റ്റ് ഡെലിവറി സേവനം ഇന്ത്യയിലെ 120-ലധികം നഗരങ്ങളിലേക്ക് വിപുലീകരിച്ചു. ഉത്സവ സീസണിന് മുന്നോടിയായി വിപണി സജീവമാക്കുന്നതിന്റെ ഭാഗമായാണ് ആമസോൺ ഈ നീക്കം നടത്തിയത്. വെറും രണ്ട് ആഴ്ച കൊണ്ടാണ് കമ്പനി ഈ സേവനത്തിന്റെ ശൃംഖല ഇരട്ടിയാക്കിയത്.
ലഭ്യമാകുന്ന സേവനങ്ങൾ
പച്ചക്കറികൾ, പഴവർഗ്ഗങ്ങൾ, ഗ്രോസറി സാധനങ്ങൾ, ഫ്രോസൺ ഫുഡ്, പേഴ്സണൽ കെയർ ഉൽപ്പന്നങ്ങൾ, ഫാഷൻ അപ്പാരലുകൾ, ചെറിയ ഗാർഹിക ഉപകരണങ്ങൾ എന്നിവയടക്കം ആയിരക്കണക്കിന് ഉൽപ്പന്നങ്ങളാണ് ഈ സേവനത്തിലൂടെ അതിവേഗം ഉപഭോക്താക്കളിലേക്ക് എത്തുത്തുന്നത്. രാജ്യത്തുടനീളമുള്ള ഏകദേശം 800-ഓളം മൈക്രോ ഫുൾഫിൽമെന്റ് സെന്ററുകളും അർബൻ സെന്ററുകളും വഴിയാണ് ആമസോൺ ഈ വിതരണം വേഗത്തിലാക്കുന്നത്.
ഭാവി ലക്ഷ്യങ്ങൾ
കഴിഞ്ഞ മൂന്ന് മാസത്തെ കണക്കുകൾ പ്രകാരം ആമസോൺ നൗ സേവനത്തിലൂടെ ഒരു ബില്യൺ ഡോളറിലധികം വാർഷിക വിൽപ്പന കൈവരിക്കാൻ കമ്പനിക്ക് സാധിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ ഈ പദ്ധതി 300-ലധികം നഗരങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ ഡെലിവറി-ഇൻ-മിനിറ്റ്സ് നെറ്റ്വർക്കായി ആമസോൺ നൗവിനെ മാറ്റുകയാണ് കമ്പനിയുടെ പ്രധാന ലക്ഷ്യം.
ചെറുകിട വില്പനക്കാർക്ക് അടി
ആമസോൺ തങ്ങളുടെ ആമസോൺ നൗ പോലെയുള്ള അൾട്രാ-ഫാസ്റ്റ് ഡെലിവറി സേവനങ്ങൾ വിപുലീകരിക്കുന്നത് ഇന്ത്യയിലെ പ്രാദേശിക ചില്ലറ വ്യാപാരികൾക്ക് വലിയ സാമ്പത്തിക വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്. മിനിറ്റുകൾക്കുള്ളിൽ സാധനങ്ങൾ വീട്ടുപടിക്കൽ എത്തുന്നതിനാൽ ഉപഭോക്താക്കൾ, പ്രത്യേകിച്ച് ചെറുപ്പക്കാർ, സമീപത്തുള്ള കടകളിൽ നേരിട്ട് പോയി സാധനങ്ങൾ വാങ്ങുന്നത് കുറച്ചു. കൂടാതെ വലിയ ഇ-കൊമേഴ്സ് കമ്പനികൾ വാഗ്ദാനം ചെയ്യുന്ന ഉയർന്ന ഡിസ്കൗണ്ടുകളോടും ഓഫറുകളോടും മത്സരബന്ധിതമായി വില കുറച്ച് വിൽക്കാൻ ചെറുകിട വ്യാപാരികൾക്ക് സാധിക്കാത്തത് അവരുടെ ദൈനംദിന വൽപ്പനയെയും ലാഭത്തെയും പ്രതികൂലമായി ബാധിക്കും.
ചില്ലറ വ്യാപാരികളുടെ സ്ഥിര ഉപഭോക്താക്കൾ ഇ-കൊമേഴ്സ് ആപ്പുകളിലേക്ക് മാറുന്നത് വഴി കടയുടമകളുടെ വരുമാനം കുത്തനെ ഇടിയുകയും കടവാടക, ജീവനക്കാരുടെ ശമ്പളം, വൈദ്യുതി ചാർജ് തുടങ്ങിയ ചെലവുകൾ നടത്താൻ പ്രയാസപ്പെടുകയും ചെയ്യുന്നു. കൂടാതെ പച്ചക്കറികൾ, ഗ്രോസറി, ഫ്രോസൺ ഫുഡ് തുടങ്ങിയ സാധനങ്ങൾ വൻതോതിൽ വിറ്റഴിയാതെ കടകളിൽ കെട്ടിക്കിടന്ന് നശിച്ചുപോകുന്നതും വലിയ നഷ്ടത്തിന് കാരണമാകുന്നു. വൻകിട കമ്പനികളുടെ ഈ അതിവേഗ ഡെലിവറി ശൃംഖല പരമ്പരാഗത ചില്ലറ വിപണിയുടെ നിലനിൽപ്പിനെത്തന്നെ ഭീഷണിയിലാക്കുന്നുണ്ട്.





