ഇന്ത്യ–യുകെ സ്വതന്ത്ര വ്യാപാര കരാർ പ്രാബല്യത്തിൽ വന്നതിന് പിന്നാലെ ഇന്ത്യയിൽ സ്കോച്ച് വിസ്കിയുടെ വില കുറഞ്ഞു. ഇതോടെ പ്രീമിയം വിസ്കി വിപണിയിൽ മത്സരം ശക്തമാകുന്നു. ബ്രിട്ടീഷ് വിസ്കിയുടെ ഇറക്കുമതി തീരുവ 150 ശതമാനത്തിൽ നിന്ന് 75 ശതമാനമായി കുറച്ചതോടെയാണ് ഇറക്കുമതി ചെയ്യുന്ന സ്കോച്ച് ബ്രാൻഡുകളുടെ വിലയിൽ കുറവ് വരാൻ തുടങ്ങിയത്.
കരാറിന്റെ നേട്ടം ഉപഭോക്താക്കളിലേക്ക് കൈമാറി ചില പ്രമുഖ കമ്പനികൾ സ്കോച്ച് വിസ്കിയുടെ വില കുറച്ചിട്ടുണ്ട്. ജോണി വാക്കർ ബ്ലാക്ക് ലേബൽ, ജെ ആൻഡ് ബി തുടങ്ങിയ ബ്രാൻഡുകൾക്ക് ചില സംസ്ഥാനങ്ങളിൽ 10 മുതൽ 15 ശതമാനം വരെ വിലക്കുറവ് ഇതിനകം രേഖപ്പെടുത്തിയിട്ടുണ്ട്. മഹാരാഷ്ട്ര, രാജസ്ഥാൻ, ഗോവ, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് വിലമാറ്റം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളിലും വില കുറയാനുള്ള സാധ്യതയുണ്ട്.
ഇന്ത്യൻ വിസ്കിക്ക് വെല്ലുവിളി
സ്കോച്ച് വിസ്കിയുടെ വില കുറയുന്നതോടെ ഇന്ത്യൻ നിർമാതാക്കളുടെ പ്രീമിയം വിഭാഗത്തിലെ മത്സരസാഹചര്യത്തിലാണ് പ്രധാന മാറ്റം. മുമ്പ് ഇറക്കുമതി തീരുവ ഉൾപ്പെടെയുള്ള നികുതികൾ കാരണം ഇന്ത്യൻ വിസ്കിയും ഇറക്കുമതി ചെയ്യുന്ന സ്കോച്ചും തമ്മിൽ വലിയ വിലവ്യത്യാസമുണ്ടായിരുന്നു. തീരുവ കുറഞ്ഞതോടെ ഈ അന്തരം കുറയുകയാണ്.
പ്രത്യേകിച്ച് മിഡ്-പ്രീമിയം, പ്രീമിയം വിഭാഗങ്ങളിലെ ഉപഭോക്താക്കളെ സ്കോച്ച് ബ്രാൻഡുകൾ കൂടുതൽ ആകർഷിക്കാനുള്ള സാധ്യതയാണ് വ്യവസായ മേഖലയിൽ ചർച്ചയാകുന്നത്. സ്കോച്ചിന്റെ വില കുറയുന്നത് ഉപഭോക്താക്കളെ ഉയർന്ന വിലയുള്ള വിദേശ ബ്രാൻഡുകളിലേക്ക് മാറാൻ പ്രേരിപ്പിക്കാമെന്നും ഇത് ഇന്ത്യൻ ബ്രാൻഡുകൾക്ക് മത്സര സമ്മർദം വർധിപ്പിക്കാമെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.
തീരുവ ഇനിയും കുറയും
ഇന്ത്യ–യുകെ കരാർ പ്രകാരം ബ്രിട്ടീഷ് വിസ്കിയുടെ ഇറക്കുമതി തീരുവ നിലവിലെ 75 ശതമാനത്തിൽ നിന്ന് അടുത്ത 10 വർഷത്തിനിടെ 40 ശതമാനമായി കുറയ്ക്കും. അതിനാൽ ഇറക്കുമതി ചെയ്യുന്ന സ്കോച്ച് വിസ്കിയുടെ വിലയിൽ ഭാവിയിലും മാറ്റങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. എന്നാൽ ഇറക്കുമതി തീരുവ മാത്രമല്ല അന്തിമ വില നിർണയിക്കുന്നത്. സംസ്ഥാന എക്സൈസ് തീരുവ, മറ്റ് നികുതികൾ, വിതരണച്ചെലവ്, വ്യാപാരികളുടെ മാർജിൻ തുടങ്ങിയ ഘടകങ്ങളും വിലയെ സ്വാധീനിക്കും.
ഇന്ത്യൻ നിർമാതാക്കൾക്ക് അവസരവും
അതേസമയം, ഈ മാറ്റം ഇന്ത്യൻ വിസ്കി നിർമാതാക്കൾക്ക് മത്സരം മാത്രമല്ല, ചില അവസരങ്ങളും സൃഷ്ടിക്കുന്നുണ്ട്. സ്കോച്ച് വിസ്കി ഇറക്കുമതി ചെയ്ത് ഇന്ത്യൻ വിസ്കി നിർമാണത്തിൽ ഉപയോഗിക്കുന്ന കമ്പനികൾക്ക് കുറഞ്ഞ ഇറക്കുമതി ചെലവിന്റെ നേട്ടം ലഭിക്കാം. അതേസമയം, ഇന്ത്യൻ സിംഗിൾ മാൾട്ട്, പ്രീമിയം വിസ്കി ബ്രാൻഡുകൾക്ക് ഗുണനിലവാരവും ബ്രാൻഡ് മൂല്യവും മുൻനിർത്തി വിപണിയിൽ സ്ഥാനം നിലനിർത്തേണ്ട സാഹചര്യമാണുള്ളത്.
ഇന്ത്യ ഇതിനകം തന്നെ സ്കോച്ച് വിസ്കിയുടെ ഏറ്റവും വലിയ കയറ്റുമതി വിപണിയാണ്. 2025ൽ ഇന്ത്യയിലേക്കുള്ള സ്കോച്ച് കയറ്റുമതി 220 ദശലക്ഷത്തിലധികം 70 സെന്റിലിറ്റർ ബോട്ടിലുകൾക്ക് തുല്യമായിരുന്നുവെന്ന് സ്കോച്ച് വിസ്കി അസോസിയേഷൻ വ്യക്തമാക്കുന്നു. പുതിയ വ്യാപാര കരാറോടെ ഇന്ത്യൻ വിപണിയിലെ സ്കോച്ചിന്റെ സാന്നിധ്യം കൂടുതൽ ശക്തമാകാനുള്ള സാധ്യതയാണ് വ്യവസായ മേഖല നിരീക്ഷിക്കുന്നത്.





