രാജ്യത്തെ പാചകവാതകമായ എൽപിജിയുടെ ഉപഭോഗത്തിൽ സെപ്റ്റംബറിൽ വലിയ ഇടിവ് രേഖപ്പെടുത്തിയതായി റിപ്പോർട്ടുകൾ. കഴിഞ്ഞ വർഷം സെപ്റ്റംബറിനെ അപേക്ഷിച്ച് 9.15 ശതമാനമാണ് എൽപിജി ഉപഭോഗം കുറഞ്ഞത്. പെട്രോളിയം പ്ലാനിങ് ആൻഡ് അനാലിസിസ് സെല്ലിന്റെ (PPAC) കണക്കുകളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
സെപ്റ്റംബറിൽ രാജ്യത്തെ എൽപിജി ഉപഭോഗം 26.36 ലക്ഷം ടണ്ണായി. കഴിഞ്ഞ വർഷം ഇതേ മാസത്തിൽ ഇത് 29.02 ലക്ഷം ടണ്ണായിരുന്നു. 2024 സെപ്റ്റംബറിൽ 27.25 ലക്ഷം ടണ്ണായിരുന്നു എൽപിജി ഉപഭോഗം. പശ്ചിമേഷ്യയിലെ സംഘർഷത്തെ തുടർന്നുണ്ടായ വിതരണ തടസ്സങ്ങളിൽ നിന്ന് രാജ്യം ഇതുവരെ തിരിച്ചെത്തിയിട്ടില്ല എന്നതാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
പശ്ചിമേഷ്യൻ സംഘർഷം തിരിച്ചടിയായി
പശ്ചിമേഷ്യയിലെ സംഘർഷത്തെ തുടർന്ന് ഹോർമുസ് കടലിടുക്കിലൂടെയുള്ള എൽപിജി വിതരണത്തിൽ തടസ്സം നേരിട്ടതാണ് ഉപഭോഗത്തിലെ ഇടിവിന് പ്രധാന കാരണങ്ങളിലൊന്ന്. ഇന്ത്യയുടെ എൽപിജി ആവശ്യത്തിന്റെ വലിയൊരു ഭാഗം ഇറക്കുമതിയിലൂടെയാണ് നിറവേറ്റുന്നത്. 2025ൽ ഇന്ത്യ ഇറക്കുമതി ചെയ്ത 2.185 കോടി ടൺ എൽപിജിയുടെ ഏകദേശം 90 ശതമാനവും പശ്ചിമേഷ്യയിൽ നിന്നായിരുന്നു.
വിതരണത്തിലെ അനിശ്ചിതത്വത്തിനിടെ രാജ്യത്ത് എൽപിജി ലഭ്യത ഉറപ്പാക്കുന്നതിനായി ഇറക്കുമതി സ്രോതസ്സുകളിൽ മാറ്റം വരുത്താനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. അമേരിക്കയിൽ നിന്നുള്ള എൽപിജി ഇറക്കുമതി ഇതോടെ ഗണ്യമായി ഉയരുകയും ചെയ്തു.
ആറ് മാസത്തിലും ഇടിവ്
ഈ സാമ്പത്തിക വർഷത്തിലെ ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിലും രാജ്യത്തെ എൽപിജി ഉപഭോഗത്തിൽ ഗണ്യമായ ഇടിവ് രേഖപ്പെടുത്തി. ഈ കാലയളവിൽ ഉപഭോഗം 14.93 ശതമാനം കുറഞ്ഞ് 1.379 കോടി ടണ്ണായി. മുൻവർഷത്തെ ഇതേ കാലയളവിൽ ഇത് 1.628 കോടി ടണ്ണായിരുന്നു.
അതേസമയം, പെട്രോൾ, ഡീസൽ ഉപഭോഗത്തിൽ സെപ്റ്റംബറിൽ വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്. പെട്രോൾ വിൽപ്പന 7.21 ശതമാനം ഉയർന്ന് 36.4 ലക്ഷം ടണ്ണായപ്പോൾ, ഡീസൽ വിൽപ്പന 4.86 ശതമാനം വർധിച്ച് 71.2 ലക്ഷം ടണ്ണായി.
എൽപിജി വിതരണത്തിലെ സമ്മർദം കുറയ്ക്കുന്നതിനൊപ്പം ഇറക്കുമതി ആശ്രിതത്വം കുറയ്ക്കാൻ പൈപ്പ് വഴി ലഭിക്കുന്ന പ്രകൃതിവാതകമായ PNGയിലേക്ക് ഉപഭോക്താക്കളെ മാറ്റുന്നതിനും സർക്കാർ നടപടികൾ സ്വീകരിക്കുന്നുണ്ട്.





