റോട്ടറി ക്ലബ് ഓഫ് കൊച്ചിൻ റോയൽസുമായി സഹകരിച്ച് എറണാകുളം സെന്റ് തെരേസാസ് കോളേജിൽ സംഘടിപ്പിച്ച റോയൽ ക്വീൻ വെൽത്ത് സമ്മിറ്റ് – സീസൺ 1 ശ്രദ്ധേയമായി. സ്ത്രീ ശാക്തീകരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചുകൊണ്ട് ഡോ. ലെബിയ ഗ്ലാഡിസ് എൻ.പി. ഉദ്ഘാടന ചടങ്ങിന് അനുഗ്രഹപ്രഭാഷണം നടത്തി. ഓരോ വർഷവും നൂറുകണക്കിന് പെൺകുട്ടികൾക്ക് ശരിയായ വിദ്യാഭ്യാസം നൽകുന്നതിൽ സെന്റ് തെരേസാസ് കോളേജ് പ്രതിജ്ഞാബദ്ധമാണെന്നും അവർ വ്യക്തമാക്കി. ചടങ്ങിൽ അസിസ്റ്റന്റ് ഗവർണർ റൊട്ടേറിയൻ വേണുഗോപാൽ സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് സംസാരിക്കുകയും, 1950-കളിൽ സെന്റ് തെരേസാസ് കോളേജിലെ പൂർവ്വ വിദ്യാർത്ഥിനിയായിരുന്നു തന്റെ അമ്മയെന്ന അഭിമാനകരമായ ഓർമ്മ പങ്കുവെക്കുകയും ചെയ്തു. സെന്റ് തെരേസാസ് കോളേജിലെ സാമ്പത്തിക ശാസ്ത്ര വിഭാഗം ഗവേഷകനായ ബാലചന്ദ്രൻ വിശ്വറാം സ്വാഗത പ്രസംഗം നടത്തുകയും, അദ്ദേഹം രചിച്ച ലേൺ പ്രോഫിറ്റബിൾ മ്യൂച്വൽ ഫണ്ട് ഇൻവെസ്റ്റിംഗ് ഇൻ 30 ഡേയ്സ് എന്ന പുതിയ പുസ്തകം പ്രകാശനം ചെയ്യുകയും ചെയ്തു. പുസ്തകത്തിന്റെ കോപ്പികൾ തന്റെ ഗവേഷണ മാർഗ്ഗനിർദ്ദേശി ഡോ. തുഷാര ജോർജിനും കോളേജ് ലൈബ്രറിക്കും അദ്ദേഹം കൈമാറി.
സമ്മേളനത്തിന്റെ ഭാഗമായി എച്ച്.ഡി.എഫ്.സി മ്യൂച്വൽ ഫണ്ട് ക്ലസ്റ്റർ ഹെഡ് ഗോകുൽ കൃഷ്ണ എം. നിക്ഷേപക ബോധവൽക്കരണ ക്ലാസ് നയിക്കുകയും സദസ്സിന്റെ സാമ്പത്തിക സാക്ഷരത വർദ്ധിപ്പിക്കുകയും ചെയ്തു. തുടർന്ന് നടന്ന പാനൽ ചർച്ചയിൽ ഇ.എം.സി ഡെപ്യൂട്ടി ഡയറക്ടറും പിങ്ക് സാരി സിസ്റ്റേഴ്സ് സ്ഥാപകയുമായ ചാന്ദ്നി രവി, കെയർ 4 യു സർവീസസ് സ്ഥാപകയും സാമൂഹിക പ്രവർത്തകയുമായ ലൈല സുധീഷ്, സംരംഭകത്വത്തിലൂടെ സ്ത്രീ ശാക്തീകരണത്തിന് നേതൃത്വം നൽകുന്ന വ്യവസായി ഡോ. ബിന്ദു സത്യജിത്ത്, ബോബോ സ്ഥാപകയും അധ്യാപികയും എഴുത്തുകാരിയുമായ ഡോ. മിഥില ജോസ് എന്നിവർ പങ്കെടുത്തു. ബിസിനസ് കോച്ചും സംരംഭകനുമായ ഗോപികൃഷ്ണ എം. പാനൽ ചർച്ച നിയന്ത്രിച്ചു. വിവിധ മേഖലകളിൽ വിജയം കൈവരിച്ച വനിതകളുടെ അനുഭവങ്ങളും സംരംഭകത്വ പാഠങ്ങളും ചർച്ചയിൽ പങ്കുവെക്കപ്പെട്ടു.
സമ്മേളനത്തിന്റെ സമാപന സെഷനിൽ സെബി രജിസ്റ്റേർഡ് ഇൻവെസ്റ്റ്മെന്റ് അഡ്വൈസറായ ബാലചന്ദ്രൻ വിശ്വരം കൃത്യമായ സാമ്പത്തിക ആസൂത്രണത്തെക്കുറിച്ച് ക്ലാസെടുത്തു. ഒരാളുടെ പരമാവധി ചെലവുകൾ, വായ്പാ തിരിച്ചടവുകൾ , അടിയന്തര ആവശ്യങ്ങൾക്കായി കരുതേണ്ട എമർജൻസി ഫണ്ട്, കൃത്യമായ സാമ്പത്തിക ലക്ഷ്യങ്ങൾ നേടാൻ നിക്ഷേപിക്കേണ്ട തുക എന്നിവയെക്കുറിച്ച് അദ്ദേഹം വിശദമായി പ്രതിപാദിച്ചു. കൂടാതെ, ഓരോരുത്തരുടെയും ജീവിതഘട്ടങ്ങൾക്കനുസരിച്ച് ടൈഗർ , ഈഗിൾ , അല്ലെങ്കിൽ ഡോൾഫിൻ പോർട്ട്ഫോളിയോകൾ തിരഞ്ഞെടുക്കേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം സദസ്സിന് വിശദീകരിച്ചു നൽകി. റൊട്ടേറിയൻ ഫെബിൻ ഡൊമിനിക് നന്ദി പ്രകാശിപ്പിച്ചതോടെ സമ്മേളനത്തിന് തിരശ്ശീല വീണു.
English Summary
Follow TheProfit.news on Google
Choose TheProfit.news as a preferred source to help find our business and finance news on Google.
Open Google Preferred Sources



