വാട്ട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്ഫോം ഉപയോഗിക്കുന്ന സ്ഥാപനങ്ങൾക്ക് ഒക്ടോബർ 1 മുതൽ പുതിയ പണമടയ്ക്കൽ നിബന്ധനകൾ പ്രാബല്യത്തിൽ വരുത്തുകയാണ് മെറ്റ. മുൻപ് സൗജന്യമായിരുന്ന സർവീസ് മെസ്സേജുകൾക്ക് ഒരു മാസത്തിൽ ഒരു ഫോൺ നമ്പറിന് 1,000 സൗജന്യ സന്ദേശങ്ങൾ എന്ന പരിധി നിശ്ചയിച്ചിട്ടുണ്ടെന്നും, ഈ പരിധി കഴിഞ്ഞാൽ ഇന്ത്യയിൽ അയക്കുന്ന ഓരോ സന്ദേശത്തിനും 11.5 പൈസ വീതം അടയ്ക്കണമെന്നും മാറ്റങ്ങളിൽ പറയുന്നു. ഇതിനുപുറമേ 24 മണിക്കൂർ കസ്റ്റമർ വിൻഡോയ്ക്കുള്ളിൽ അയക്കുന്ന യൂട്ടിലിറ്റി സന്ദേശങ്ങൾക്കും ഇനിമുതൽ ചാർജ്ജ് ഈടാക്കുമെന്നും, സ്വന്തം മെറ്റാ ബിസിനസ് ഏജന്റ് എഐ ടൂൾ ഉപയോഗിക്കുന്ന സന്ദേശങ്ങൾക്ക് ടോക്കൺ അടിസ്ഥാനത്തിൽ , 1 ദശലക്ഷം ടോക്കണിന് 2 ഡോളർ എന്ന നിരക്കിൽ പ്രത്യേക ചാർജ്ജ് ഉണ്ടാകും. അതേസമയം, സാധാരണക്കാരുടെ വ്യക്തിഗത വാട്ട്സ്ആപ്പ് അക്കൗണ്ടുകൾക്കോ അല്ലെങ്കിൽ സൗജന്യ വാട്ട്സ്ആപ്പ് ബിസിനസ് ആപ്പ് ഉപയോഗിക്കുന്ന ചെറുകിട വ്യാപാരികൾക്കോ ഈ പുതിയ നിരക്കുകൾ ബാധകമല്ല.
സൗജന്യ സന്ദേശങ്ങൾക്ക് പരിധി
ഇന്ത്യയിലെ ബിസിനസുകൾക്ക് ഒരു മാസത്തിൽ പ്രതിമാസം 1,000 സൗജന്യ സർവീസ് മെസ്സേജുകൾ മാത്രമേ ഇനി ലഭിക്കൂ. ഈ പരിധി കഴിഞ്ഞാൽ അയക്കുന്ന ഓരോ സന്ദേശത്തിനും 11.5 പൈസ വീതം മെറ്റാ ഈടാക്കും.
മെസ്സേജ് നിരക്കുകൾ
കസ്റ്റമർ അയച്ച സന്ദേശങ്ങൾക്ക് 24 മണിക്കൂറിനുള്ളിൽ അയക്കുന്ന യൂട്ടിലിറ്റി സന്ദേശങ്ങൾക്കും (ഓർഡർ സ്റ്റാറ്റസ്, അക്കൗണ്ട് അപ്ഡേറ്റുകൾ) ഒതന്റിക്കേഷൻ സന്ദേശങ്ങൾക്കും മെസ്സേജ് ഒന്നിന് 0.115 രൂപ വീതം നിരക്ക് ഈടാക്കും. മാർക്കറ്റിംഗ് സന്ദേശങ്ങൾക്ക് മെസ്സേജ് ഒന്നിന് 0.8631 രൂപ എന്ന പഴയ നിരക്ക് തന്നെയാണ് തുടരുന്നത്.
ബില്ലിംഗും സുരക്ഷാ നിബന്ധനകളും
എഐ വഴി സ്വയം മറുപടി നൽകുന്ന മെറ്റാ ബിസിനസ് ഏജന്റ് ഉപയോഗിക്കുന്നതിന് ടോക്കൺ അടിസ്ഥാനത്തിൽ വേറെയും തുക അടയ്ക്കേണ്ടി വരും. നിശ്ചിത സമയത്തിനുള്ളിൽ കൃത്യമായ പേയ്മെന്റ് രീതികൾ നൽകിയിട്ടില്ലാത്ത കമ്പനികൾക്ക് സർവീസ് മെസ്സേജുകൾ അയക്കാനുള്ള സൗകര്യം താൽക്കാലികമായി നിർത്തലാക്കുമെന്നും മെറ്റ അറിയിച്ചിട്ടുണ്ട്.





