ട്രെയിനിലെ ശുചിമുറികളിൽ വെള്ളമില്ലാത്തതിനെ തുടർന്ന് യാത്ര മുടക്കി മറ്റൊരു ട്രെയിനിൽ കയറേണ്ടിവന്നു. യാത്രക്കാരന് 15,000 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് ശിവമൊഗ്ഗ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ. ദക്ഷിണ പശ്ചിമ റെയിൽവേയാണ് (South Western Railway) നഷ്ടപരിഹാരം നൽകേണ്ടത്. ടിക്കറ്റ് നിരക്കായ 1,000 രൂപ ആറ് ശതമാനം വാർഷിക പലിശയോടെ തിരികെ നൽകാനും കമ്മീഷൻ ഉത്തരവിട്ടു.
ശിവമൊഗ്ഗ സ്വദേശിയായ നാഗേന്ദ്രയ്ക്കാണ് ഇത്തരമൊരു ദുരനുഭവം നേരിട്ടത്. കുടുംബാംഗങ്ങളും ബന്ധുക്കളുമടങ്ങുന്ന 23 പേർക്കൊപ്പം യശ്വന്ത്പുരിൽ നിന്ന് ശിവമൊഗ്ഗയിലേക്ക് യാത്ര ചെയ്യുകയായിരുന്നു ഇയാൾ. ട്രെയിനിലെ ശുചിമുറികളിൽ വെള്ളമില്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് തുമകൂരു റെയിൽവേ സ്റ്റേഷനിലെ സ്റ്റേഷൻ മാസ്റ്ററോട് സഹായം തേടിയെങ്കിലും പ്രതികരണമുണ്ടായില്ലെന്നാണ് പരാതി.
പ്രശ്നത്തിന് പരിഹാരമാകാത്തതിനെ തുടർന്ന് 24 അംഗ സംഘം തുമകൂരുവിൽ ഇറങ്ങി മറ്റൊരു ട്രെയിനിൽ യാത്ര തുടർന്നു. ഇതിനായി അധികമായി 1,760 രൂപയുടെ ടിക്കറ്റും വാങ്ങേണ്ടിവന്നു.
സംഭവത്തിൽ റെയിൽവേ അധികൃതർക്ക് നിയമനോട്ടീസ് അയച്ചെങ്കിലും പ്രതികരണമുണ്ടായില്ലെന്ന് പരാതിയിൽ പറയുന്നു. തുടർന്നാണ് നാഗേന്ദ്ര ഉപഭോക്തൃ കമ്മീഷനെ സമീപിച്ചത്. പരാതി പരിഗണിച്ച കമ്മീഷൻ, യാത്രക്കാരന് നേരിട്ട അസൗകര്യവും റെയിൽവേയുടെ സേവനത്തിലെ വീഴ്ചയും കണക്കിലെടുത്ത് 10,000 രൂപ നഷ്ടപരിഹാരമായും 5,000 രൂപ നിയമനടപടികളുടെ ചെലവായും നൽകാൻ ഉത്തരവിട്ടു.
ഇതിനു പുറമെ, ടിക്കറ്റ് നിരക്കായ 1,000 രൂപയ്ക്ക് 2025 ഏപ്രിൽ 15 മുതൽ ആറ് ശതമാനം വാർഷിക പലിശയും നൽകണം. ഉത്തരവ് 45 ദിവസത്തിനകം നടപ്പാക്കണം. ഇതിൽ വീഴ്ച വരുത്തിയാൽ പണം പൂർണമായി നൽകുന്നതുവരെ ബാധകമായ തുകയ്ക്ക് 10 ശതമാനം വാർഷിക പലിശ നൽകേണ്ടിവരുമെന്നും കമ്മീഷൻ വ്യക്തമാക്കി.
English Summary
A passenger was forced to abandon a train journey and board another train after finding no water in the train's toilets. The Shivamogga District Consumer Disputes Redressal Commission has ordered South Western Railway to pay the passenger compensation of Rs 15,000. The commission also directed the railway to refund the ticket fare of Rs 1,000, along with annual interest of 6%.
Follow TheProfit.news on Google
Choose TheProfit.news as a preferred source to help find our business and finance news on Google.
Open Google Preferred Sources



