സംസ്ഥാനത്ത് ഇന്നും സ്വർണവില കൂടി. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 60 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ 13,195 രൂപയായി ഒരു ഗ്രാമിന്റെ വില. പവന് ആനുപാതികമായി 480 കൂടി, 1,05,560 രൂപയായി ഇന്നത്തെ വിപണിവില. കഴിഞ്ഞ ആഴ്ചകളിൽ സ്വർണവില കുത്തനെ താഴേക്ക് പോകുന്ന ട്രെൻഡായിരുന്നു വിപണിയിൽ ഉണ്ടായിരുന്നത്. എന്നാൽ ഈ ആഴ്ചയിലെത്തിയപ്പോൾ സ്വർണവിലയിൽ വർധനവാണ് രേഖപ്പെടുത്തുന്നത്. അതേസമയം ഇന്ന് വെള്ളിവിലയിൽ മാറ്റമൊന്നുമില്ല. ഒരു ഗ്രാമിന് 220 രൂപയും, ഒരു കിലോഗ്രാമിന് 2,20,000 രൂപയുമാണ് ഇന്നത്തെ വില.
ഇന്ത്യയിലെ സ്വർണവിലയെ പ്രധാനമായും സ്വാധീനിക്കുന്നത് രാജ്യാന്തര വിപണിയിലെ വിലമാറ്റങ്ങളാണ്. അമേരിക്കൻ ഡോളറിന്റെ മൂല്യം, പലിശനിരക്കുകൾ ഉയർന്ന നിലയിൽ തുടരാനുള്ള സാധ്യത, അമേരിക്കൻ ട്രഷറി ബോണ്ടുകളുടെ വരുമാനത്തിലുണ്ടാകുന്ന മാറ്റങ്ങൾ എന്നിവ സ്വർണവില നിർണയിക്കുന്ന പ്രധാന ഘടകങ്ങളാണ്. ക്രൂഡ് ഓയിൽ വിലയിലെയും പലിശനിരക്കുകളെക്കുറിച്ചുള്ള പ്രതീക്ഷകളിലെയും മാറ്റങ്ങളും സ്വർണവിലയെ ബാധിക്കുന്നു.
സ്വർണത്തിൽ നിന്ന് പലിശ വരുമാനം ലഭിക്കാത്തതിനാൽ, ബോണ്ടുകളുടെ വരുമാനം ഉയരുമ്പോൾ നിക്ഷേപകർ സ്വർണത്തിൽ നിന്ന് ബോണ്ടുകൾ പോലുള്ള മറ്റ് നിക്ഷേപങ്ങളിലേക്ക് മാറാൻ സാധ്യതയുണ്ട്. ഇത് സ്വർണവിലയിൽ സമ്മർദമുണ്ടാക്കും. അതേസമയം, ക്രൂഡ് ഓയിൽ വില ഉയരുന്നത് പണപ്പെരുപ്പ ആശങ്കകൾ വർധിപ്പിക്കുകയും അമേരിക്കൻ ഫെഡറൽ റിസർവിന്റെ പലിശനിരക്ക് തീരുമാനങ്ങളെ സ്വാധീനിക്കുകയും ചെയ്യാം.
പലിശനിരക്കുകൾ ഉയർന്ന നിലയിൽ തുടരുന്നത് സ്വർണവിലയ്ക്ക് തിരിച്ചടിയാകുമ്പോൾ, ആഗോള സാമ്പത്തിക അനിശ്ചിതത്വവും വിവിധ രാജ്യങ്ങളിലെ കേന്ദ്രബാങ്കുകൾ സ്വർണം വാങ്ങിക്കൂട്ടുന്നതും വിലയ്ക്ക് പിന്തുണ നൽകുന്നു. ഈ ഘടകങ്ങളിലുണ്ടാകുന്ന മാറ്റങ്ങളാണ് രാജ്യാന്തര വിപണിയിലും ഇന്ത്യയിലും സ്വർണവിലയിലെ ഏറ്റക്കുറച്ചിലുകൾക്ക് പ്രധാന കാരണമാകുന്നത്.
ഈ വർഷം ജനുവരി 29നാണ് കേരളത്തിൽ ഇതുവരെ ഏറ്റവും ഉയർന്ന സ്വർണവില രേഖപ്പെടുത്തിയത്. അന്ന് ഒരു പവൻ സ്വർണത്തിന് 1,31,160 രൂപയായിരുന്നു വില. അതേസമയം, സംസ്ഥാനത്ത് ഒരു പവൻ സ്വർണവില ആദ്യമായി ഒരു ലക്ഷം കടന്നത് ഡിസംബർ 23നായിരുന്നു.
English Summary
Gold prices in Kerala increased again today. The price of one gram of 22-carat gold rose by 60 rupees, taking the rate to 13,195 rupees. Accordingly, the price of one pavan increased by 480 rupees to 1,05,560 rupees. Gold prices had been on a steep downward trend over the past few weeks. However, the market has witnessed an upward trend in gold prices this week. Meanwhile, silver prices remained unchanged today. Silver is priced at 220 rupees per gram and 2,20,000 rupees per kilogram.
Follow TheProfit.news on Google
Choose TheProfit.news as a preferred source to help find our business and finance news on Google.
Open Google Preferred Sources



