സബ്സ്ക്രിപ്ഷനില്‍ ലോക റെക്കോഡിട്ട ഐപിഒയിലൂടെ ശ്രദ്ധ നേടിയ, രാജ്യത്തെ ഏറ്റവും വലിയ പ്രാരംഭ ഓഹരി വില്‍പ്പനകളിലൊന്നായി മാറിയ ജിയോ പ്ലാറ്റ്ഫോംസിന്റെ ഓഹരികള്‍ ഒക്ടോബര്‍ 28 ബുധനാഴ്ച എന്‍എസ്ഇയിലും ബിഎസ്ഇയിലും ലിസ്റ്റ് ചെയ്യും. 30,213 കോടി രൂപ സമാഹരിച്ച ഐപിഒയില്‍ നിക്ഷേപകരില്‍നിന്ന് വന്‍ പ്രതികരണമാണ് ലഭിച്ചത്. ഓഹരി ലഭിച്ചവര്‍ ലിസ്റ്റിങ് ദിവസം തന്നെ വിറ്റഴിക്കണമെന്നതിനുപകരം ദീര്‍ഘകാല നിക്ഷേപ സാധ്യതകള്‍ പരിഗണിക്കണമെന്നാണ് വിദഗ്ധരുടെ നിര്‍ദേശം.
ഗ്രേ മാര്‍ക്കറ്റ് പ്രീമിയവും ഓഹരിക്കായുള്ള ശക്തമായ ബിഡിഗും സൂചിപ്പിക്കുന്നത് 20 ശതമാനത്തോളം ലിസ്റ്റിംഗ് നേട്ടമാണ്. എന്നാല്‍ ഇത് കണ്ടറിയണം.
ഐപിഒയ്ക്ക് 22.2 മടങ്ങ് അപേക്ഷകളാണ് ലഭിച്ചത്. ആങ്കര്‍ നിക്ഷേപകരുടെ പങ്കാളിത്തം ഉള്‍പ്പെടെ ആകെ ആവശ്യകത 7.4 ലക്ഷം കോടി രൂപ കവിഞ്ഞതായാണ് റിപ്പോര്‍ട്ട്. ഐപിഒ തുറന്ന ആദ്യ 100 മിനിറ്റിനുള്ളില്‍ തന്നെ പൂര്‍ണമായി സബ്സ്ക്രൈബ് ചെയ്യപ്പെട്ടു. യോഗ്യതയുള്ള സ്ഥാപന നിക്ഷേപകര്‍ക്കായി മാറ്റിവെച്ച 5,500 കോടി രൂപയുടെ വിഹിതം ആദ്യ പത്ത് മിനിറ്റിനുള്ളില്‍ തന്നെ പൂര്‍ണമായി സബ്സ്ക്രൈബ് ചെയ്തിരുന്നു.
10.3 ലക്ഷം കോടി രൂപയുടെ വിപണിമൂല്യം
ഐപിഒയുടെ ഉയര്‍ന്ന വിലയായ ഓഹരിക്ക് 1,119 രൂപ അടിസ്ഥാനമാക്കി ജിയോ പ്ലാറ്റ്ഫോംസിന്റെ വിപണിമൂല്യം ഏകദേശം 10.3 ലക്ഷം കോടി രൂപയാണ്. കമ്പനിയുടെ 2026 സാമ്പത്തിക വര്‍ഷത്തിലെ വില-ലാഭ അനുപാതം 34.3 മടങ്ങും എന്റര്‍പ്രൈസ് വാല്യു-എബിറ്റ അനുപാതം 14.8 മടങ്ങുമാണെന്ന് ആനന്ദ് രാഥി ഷെയേഴ്സ് ആന്‍ഡ് സ്റ്റോക്ക് ബ്രോക്കേഴ്സിലെ നരേന്ദ്ര സോളങ്കി വിലയിരുത്തി.
ഇന്ത്യയിലെ ഡിജിറ്റല്‍ സേവന വിപണിയിലെ കമ്പനിയുടെ ആധിപത്യം, വലിയ ഉപഭോക്തൃ അടിത്തറ, സ്വന്തം സാങ്കേതികവിദ്യ, ലാഭക്ഷമത എന്നിവയാണ് ദീര്‍ഘകാല വളര്‍ച്ചയ്ക്കുള്ള പ്രധാന ഘടകങ്ങളായി വിലയിരുത്തപ്പെടുന്നത്. ജിയോയ്ക്ക് 53.33 കോടി ഉപഭോക്താക്കളും രാജ്യത്തെ വയര്‍ലെസ് ബ്രോഡ്ബാന്‍ഡ് വിപണിയില്‍ ഏകദേശം 49.8 ശതമാനം വിഹിതവുമുണ്ടെന്നാണ് റിപ്പോര്‍ട്ട്.
എഐയും ബ്രോഡ്ബാന്‍ഡും വളര്‍ച്ചാ സാധ്യതകള്‍
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, എന്റര്‍പ്രൈസ് ഡിജിറ്റല്‍ സേവനങ്ങള്‍, ജിയോഫൈബര്‍, ജിയോഎയര്‍ഫൈബര്‍ തുടങ്ങിയ സ്ഥിര ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ ഭാവിയില്‍ വരുമാനം വര്‍ധിപ്പിക്കാന്‍ സഹായിച്ചേക്കും. ഡാറ്റാ ഉപയോഗത്തിലെ വര്‍ധനയും ടെലികോം നിരക്കുകളിലെ മാറ്റങ്ങളും ഉപഭോക്താവില്‍നിന്നുള്ള ശരാശരി വരുമാനം ഉയര്‍ത്താനുള്ള അവസരങ്ങളാണ്.
കമ്പനിയുടെ സാങ്കേതികവിദ്യാ സംവിധാനങ്ങള്‍, പേറ്റന്റ് അപേക്ഷകള്‍, വ്യാപകമായ വിതരണശൃംഖല എന്നിവയും മത്സരത്തില്‍ മുന്‍തൂക്കം നല്കുന്ന ഘടകങ്ങളാണ്. സാമ്പത്തിക അച്ചടക്കത്തിലൂടെ കടബാധ്യതയുടെ സമ്മര്‍ദം കുറയ്ക്കുന്നതും നിക്ഷേപകര്‍ ശ്രദ്ധിക്കുന്ന വിഷയമാണ്.
ടെലികോം നിയന്ത്രണങ്ങള്‍, സ്പെക്ട്രത്തിനായുള്ള ചെലവ്, കടുത്ത മത്സരം, സൈബര്‍ സുരക്ഷാ ഭീഷണികള്‍, സാങ്കേതിക മാറ്റങ്ങള്‍ എന്നിവ പ്രധാന റിസ്കുകളാണ്. അതിനാല്‍ ഓഹരി ലഭിച്ച നിക്ഷേപകര്‍ ലിസ്റ്റിങ് ദിനത്തിലെ വിലമാറ്റത്തിനൊപ്പം കമ്പനിയുടെ ദീര്‍ഘകാല വളര്‍ച്ചയും നിലവിലെ മൂല്യനിര്‍ണയവും പരിഗണിച്ചായിരിക്കണം തീരുമാനമെടുക്കേണ്ടത്.
(Disclaimer: This does not constitute investment advice. Investors are advised to evaluate independently and consult with professional advisors before making any investments in the stock market, mutual funds, gold, or cryptocurrencies.)
English Summary
Follow TheProfit.news on Google
Choose TheProfit.news as a preferred source to help find our business and finance news on Google.
Open Google Preferred Sources



