10 മിനിറ്റ് മുതൽ 14 ദിവസം വരെ മുൻകൂട്ടി സന്ദേശങ്ങൾ അയക്കാൻ കഴിയുന്ന ഷെഡ്യൂൾഡ് മെസ്സേജസ് എന്ന പുതിയ ഫീച്ചർ വാട്സ്ആപ്പ് അവതരിപ്പിക്കുന്നു. വ്യക്തിഗത ചാറ്റുകളിലും ഗ്രൂപ്പ് ചാറ്റുകളിലും ഈ സൗകര്യം ഉപയോഗിക്കാം. സന്ദേശങ്ങൾക്കൊപ്പം ഫോട്ടോകളും വീഡിയോകളും നിശ്ചിത സമയത്തേക്ക് ഷെഡ്യൂൾ ചെയ്യാനാകും. ഉദാഹരണത്തിന്, രാവിലെ പരീക്ഷയുള്ള സുഹൃത്തിന് രാത്രി 11 മണിക്ക് തന്നെ ആശംസാ സന്ദേശം മുൻകൂട്ടി സെറ്റ് ചെയ്യാനോ, വ്യത്യസ്ത സമയമേഖലയിലുള്ള ഒരാൾക്ക് കൃത്യം അർദ്ധരാത്രിയിൽ പിറന്നാൾ ആശംസ എത്തുന്ന രീതിയിൽ ക്രമീകരിക്കാനോ സാധിക്കും.
സന്ദേശങ്ങൾ കൃത്യമായി എത്തും
സന്ദേശം ടൈപ്പ് ചെയ്ത ശേഷം സെൻഡ് ബട്ടണിൽ അമർത്തിപ്പിടിച്ച് ആവശ്യമുള്ള തീയതിയും സമയവും തിരഞ്ഞെടുത്താണ് ഇത് സജ്ജീകരിക്കുന്നത്. നിശ്ചിത സമയത്ത് സന്ദേശം അയക്കുന്ന വ്യക്തിയുടെ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നാലും ബാറ്ററി തീർന്നുപോയാലും സന്ദേശം കൃത്യസമയത്ത് തന്നെ എതിർഭാഗത്ത് എത്തും. സാധാരണ മെസ്സേജുകൾ പോലെ തന്നെ ഇവയും എൻഡ്-ടു-എൻഡ് എൻക്രിപ്റ്റഡ് ആയിരിക്കും എന്നതിനാൽ വാട്സ്ആപ്പിന് പോലും ഇവ വായിക്കാൻ കഴിയില്ല.
ഷെഡ്യൂൾ ചെയ്തുവെച്ച സന്ദേശങ്ങൾ എല്ലാം ഒരിടത്ത് കാണാനും, അയക്കുന്നതിന് മുൻപ് മാറ്റങ്ങൾ വരുത്താനോ ഒഴിവാക്കാനോ ഉള്ള സൗകര്യവും ഉണ്ടാകും. എതിർഭാഗത്തുള്ളവർക്ക് ഇത് സാധാരണ അയച്ച സന്ദേശം പോലെ തന്നെയാണ് കാണപ്പെടുക. വരും ആഴ്ചകളിൽ ലോകമെമ്പാടുമുള്ള ഉപയോക്താക്കൾക്ക് ഘട്ടംഘട്ടമായി ഈ ഫീച്ചർ ലഭ്യമായിത്തുടങ്ങും.
വൈകിയുള്ള പണമടയ്ക്കൽ ഒഴിവാക്കാം
ക്രെഡിറ്റ് കാർഡ് ബിൽ, ലോൺ ഇഎംഐ , വീട്ടുവാടക, സ്കൂൾ ഫീസ്, അല്ലെങ്കിൽ കടം വാങ്ങിയ പണം തിരികെ നൽകേണ്ട തീയതി എന്നിവ മറന്നുപോകുന്നത് പിഴപ്പലിശയ്ക്കും ക്രെഡിറ്റ് സ്കോർ കുറയാനും കാരണമാകാം. കൃത്യസമയത്ത് ഓർമ്മിപ്പിക്കാനോ, പണമടച്ച വിവരം അയക്കാനോ മുൻകൂട്ടി മെസ്സേജ് ഷെഡ്യൂൾ ചെയ്യുന്നത് സാമ്പത്തിക അച്ചടക്കം നിലനിർത്താൻ സഹായിക്കും.
തേർഡ്-പാർട്ടി ആപ്പുകളുടെ ചെലവ് കുറയ്ക്കാം
മുൻപ് മെസ്സേജുകൾ ഷെഡ്യൂൾ ചെയ്യാൻ മറ്റു ചില ആപ്പുകളെയോ ടൂളുകളെയോ ആശ്രയിക്കേണ്ടി വന്നിരുന്നെങ്കിൽ, വാട്സ്ആപ്പിൽ തന്നെ നേരിട്ട് ഈ സൗകര്യം ലഭിക്കുന്നത് അധിക ചെലവുകളോ സുരക്ഷാ ആശങ്കകളോ ഇല്ലാതെ കാര്യങ്ങൾ ചെയ്യാൻ സഹായിക്കും.
സമയബന്ധിതമായ ഓഫറുകൾ
ഉത്സവകാല വിൽപ്പന, ഫ്ലാഷ് സെയിലുകൾ, അല്ലെങ്കിൽ പുതിയ ഉൽപ്പന്നങ്ങളുടെ ലോഞ്ച് തുടങ്ങിയവയ്ക്ക് അനുയോജ്യമായ സമയത്ത്, ഉദാഹരണത്തിന് രാവിലെയോ ഓഫർ തുടങ്ങുന്ന സമയത്തോ ഉപഭോക്താക്കൾക്ക് സന്ദേശങ്ങൾ എത്താൻ ഇത് സഹായിക്കും. കൃത്യസമയത്ത് എത്തുന്ന സന്ദേശങ്ങൾ വിൽപ്പന വർദ്ധിപ്പിക്കാനും ഉപഭോക്താക്കളുടെ ശ്രദ്ധ നേടാനും ഗുണം ചെയ്യും.
പ്രവർത്തനച്ചെലവ് ലാഭിക്കാം
ചെറുകിട കച്ചവടക്കാർക്കും ഫ്രീലാൻസർമാർക്കും മെസ്സേജുകൾ അയക്കാൻ പ്രത്യേകം സോഫ്റ്റ്വെയറുകളോ കൂടുതൽ ജീവനക്കാരെയോ വെക്കേണ്ടതില്ല. ഫോൺ ഓഫ് ആയിരുന്നാലും അല്ലെങ്കിൽ ബാറ്ററി തീർന്നാലും സന്ദേശം കൃത്യസമയത്ത് പോകുമെന്നതിനാൽ ബിസിനസ്സ് ആശയവിനിമയം തടസ്സപ്പെടാതെ തുടരാം.
കൃത്യസമയത്തെ ഫോളോ-അപ്പുകൾ
ജോലി അഭിമുഖങ്ങൾ, ക്ലയന്റ് മീറ്റിംഗുകൾ, പേയ്മെന്റ് റിമൈൻഡറുകൾ എന്നിവയ്ക്ക് കൃത്യസമയത്ത് സന്ദേശം അയക്കുന്നത് പ്രൊഫഷണലിസം കാണിക്കാനും, വരുമാനവുമായി ബന്ധപ്പെട്ട ഫോളോ-അപ്പുകൾ മുടങ്ങാതിരിക്കാനും സഹായിക്കും. മാർക്കറ്റിംഗ് സന്ദേശങ്ങൾ അമിതമായി അയക്കുന്നത് ഉപഭോക്താക്കൾക്ക് ബുദ്ധിമുട്ടുണ്ടാക്കാനും അക്കൗണ്ട് ബ്ലോക്ക് ആകാനും സാധ്യതയുള്ളതിനാൽ ശ്രദ്ധയോടെ ഉപയോഗിക്കണം.
English Summary
Follow TheProfit.news on Google
Choose TheProfit.news as a preferred source to help find our business and finance news on Google.
Open Google Preferred Sources



